നദികളിലെ മണലെടുപ്പിനെതിരെ പിടിമുറുക്കും

Posted on: October 27, 2017 9:51 am | Last updated: October 27, 2017 at 9:51 am

കോഴിക്കോട്: നദീതീര സംരക്ഷണവും പരിപാലനവും സംബന്ധിച്ച് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടുത്ത മാസം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. സംസ്ഥാനത്ത് മൂന്ന് മേഖലകളിലായാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചത്. ശില്‍പ്പശാലകളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ കരട് റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ട്. അടുത്ത മാസം നാലിന് നടക്കുന്ന ഉന്നതാധികാര സമിതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അത് സര്‍ക്കാറിന് കൈമാറുകയും ചെയ്യും.വിവിധ ശില്‍പ്പശാലകളില്‍ നിന്നായി 32 ഓളം നിര്‍ദേശങ്ങളാണ് ലഭിച്ചത്.
സംസ്ഥാനത്തെ നിര്‍ജീവമായ നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനും നാശോന്മുഖമായവയെ ഉപയോഗപ്രദമാക്കുന്നതിനും സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചാണ് സംസ്ഥാന ഉന്നതാധികാര സമിതിയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചത്. നദീതീര സംരക്ഷണത്തിന്റെ പേരില്‍ നദികളിലും നദീതീരങ്ങളിലും നിര്‍മിച്ച അശാസ്ത്രീയമായ കോണ്‍ക്രീറ്റ് തടയണകളും കരിങ്കല്‍ സംരക്ഷണ ഭിത്തികളും നദികളുടെ ജൈവ ഭൗതിക പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചതായാണ് ശില്‍പ്പശാലകളില്‍ ചൂണ്ടിക്കാട്ടിയത്.

അനിയന്ത്രിതമായ മണലെടുപ്പ് നദികളില്‍ മരണക്കയങ്ങളാണ് സൃഷ്ടിച്ചതെന്നും ശില്‍പ്പശാലകളില്‍ അഭിപ്രായമുയര്‍ന്നു . ഈ സാഹചര്യത്തില്‍ മണലെടുപ്പിന് ശക്തമായ നിയന്ത്രണം വേണമെന്ന പ്രധകും. മണലിന് ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിര്‍ദേശമുണ്ടാകും. പ്ലാസ്റ്റിക്കും മറ്റ് ജൈവ അജൈവ വ്യാവസായിക ഗാര്‍ഹിക മാലിന്യങ്ങള്‍ യാതൊരു സംസ്‌കരണവും കൂടാതെ പുറംതള്ളുന്നത് നദികളെ വിഷലിപ്തമാക്കിയിരിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു.
നദീ സംരക്ഷണത്തിനായി നദീ തീര സസ്യജാലങ്ങളെ പഠനവിധേയമാക്കി ഓരോ പ്രദേശത്തും അനുയോജ്യമായ വിധത്തിലുള്ള വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിക്കാന്‍ ശില്‍പ്പശാലയില്‍ നിര്‍ദേശമുയര്‍ന്നു.അനുയോജ്യമായ നദീതീരങ്ങളില്‍ പരിസ്ഥിതി സൗഹൃദ നടപ്പാതകള്‍ നിര്‍മിക്കുക, പുഴകളിലെ മാലിന്യം പൊതുജനങ്ങളുടെ സഹകരണത്തോടെ നീക്കം ചെയ്യുക, പാലങ്ങളില്‍ നിന്ന് പുഴകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാനായി കൈവരികളില്‍ ചെയിന്‍ ലിങ്കിഡ് ഫെന്‍സിംഗ്്, പാലങ്ങളില്‍ നിന്ന് മാലിന്യം നദിയിലേക്ക് വലിച്ചെറിയുന്നത് തടയാനായി പാലത്തിന്റെ കൈവരികളില്‍ ജി ഐ ഫെന്‍സിംഗ് എന്നിവ നടപ്പാക്കുക, പ്രാദേശിക തലത്തില്‍ സംരക്ഷണ സമിതികള്‍ രൂപവത്കരിക്കുക. മഴവെള്ള കൊയ്ത്ത് പദ്ധതികള്‍ നടപ്പാക്കുക , കോണ്‍ക്രീറ്റ് തടയണകള്‍, കരിങ്കല്‍ സംരക്ഷണ ഭിത്തികള്‍ എന്നിവയുടെ നിര്‍മാണം കുറച്ച് ജൈവ സംരക്ഷണത്തിലൂടെ നദീ സംരക്ഷണവും നീരൊഴുക്കും ഉറപ്പ് വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നുവന്നത്. വേനല്‍ക്കാലത്ത് നദികളുടെ ജല സംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറയുന്നത് മൂലം ഉണ്ടാകുന്ന ജല ദൗര്‍ലഭ്യം ഇനിയങ്ങോട്ട് ജനജീവിതത്തില്‍ ഗൗരവമേറിയ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നത് കൂടി പരിഗണിച്ചു കൊണ്ടുള്ള ഗൗരവതരമായ നിര്‍ദേശങ്ങള്‍ സര്‍ക്കാറന് ഉന്നതാധികാര സമിതി കൈമാറും. പശ്ചിമ ഘട്ടത്തിലുണ്ടായ വന്‍തോതിലുള്ള വന നശീകരണവും കാലാവസ്ഥാ വ്യയതിയാനവും കാരണമാണ് സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നദികളിലായി നിര്‍മിച്ചിരിക്കുന്ന 33 ജല സംഭരണികള്‍ പ്രാദേശികമായി ഭൂഗര്‍ഭ ജലനിരപ്പിനെ പരിപോഷിപ്പിക്കുന്നുണ്ടെങ്കിലും നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയുന്നു.

ഈ സാഹചര്യത്തിലാണ് നദികളെയും നദീതീരങ്ങളെയും സംരക്ഷിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനായി സംസ്ഥാന തല ഉന്നതാധികാര സമിതിയും ജില്ലാതല വിദഗ്ധ സമിതിയെയും രൂപവത്കരിച്ചതും നദികളുടെയും നദീതീരവും സംരക്ഷിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി ശില്‍പ്പശാല നടത്തിയതും തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും.