Connect with us

Articles

കാതുകുത്തുന്ന പുരുഷന്മാര്‍

Published

|

Last Updated

കൂടുതല്‍ സൗന്ദര്യം ആണുങ്ങള്‍ക്കോ അതോ പെണ്ണുങ്ങള്‍ക്കോ? സ്ത്രീകളുടെ മനസ്സ് പറയുന്നത് ആണുങ്ങള്‍ക്കാണ് സൗന്ദര്യം കൂടുതല്‍ എന്നാണ്. പുരുഷ മനസ്സില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൗന്ദര്യം. ഇത് പരസ്പരമുള്ള ആകര്‍ഷണത്തിന്റെ ഫലമാണ്. എന്നാല്‍, വസ്തുത എന്താണ്? സ്ത്രീകളെക്കാള്‍ സൗന്ദര്യം പുരുഷന്മാര്‍ക്ക് തന്നെയാണ് എന്നതാണ്.

മനുഷ്യേതര ജീവികളില്‍ നമുക്കിത് വേഗം മനസ്സിലാകും. പൂവന്‍ കോഴിയുടെ സൗന്ദര്യം പിടക്കോഴിക്കില്ല. നോക്കൂ, എന്താണ് ആണുങ്ങളുടെ ആഴക്? ഇനി സിംഹത്തെ നിരീക്ഷിച്ചാലും ആണ്‍ സിംഹത്തിന്റെ സുന്ദര മുഖം കാണാന്‍ കഴിയും. പുരുഷ സൗന്ദര്യത്തിന് അലങ്കാരങ്ങളുടെ അകമ്പടി വേണ്ടതില്ല. ഒരു കൈലിമുണ്ടുടുത്ത് കൈവിരല്‍ കൊണ്ട് മുടിയൊന്ന് ചീകിയാല്‍ ഒന്നാം തരം കുട്ടപ്പനായി.
സ്ത്രീ സൗന്ദര്യം പ്രകടമാകണമെങ്കില്‍ ഏറെ പണിയുണ്ട്. നിരവധി സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കും. ചില ഭാഗങ്ങളൊക്കെ പിടിച്ചുകെട്ടി നേരെ നിര്‍ത്തിയും അലങ്കാര ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തണിഞ്ഞും വേണം അവര്‍ക്ക് സുന്ദരികളാകാന്‍. എന്നാല്‍, നിശ്ചിത പ്രായം കഴിഞ്ഞാല്‍ എത്ര പാടുപെട്ടാലും സുന്ദരിയാകാന്‍ കഴിയുകയുമില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് സിനിമാ നടന്മാര്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിച്ചിരുന്ന നായികമാരൊക്കെ എവിടെ പോയി? ഇവരിന്നും കോളജ് കുമാരന്മാരായി പോലും അഭിനയ ജിവിതം തുടരുന്നതായാണ് പത്രങ്ങളിലും മറ്റും കാണുന്നത്. ഇത് സ്ത്രീപുരുഷ സൗന്ദര്യത്തിന്റെ അന്തരമാണ് വിളിച്ചോതുന്നത്.
പ്രകൃതിയുടെ മതമായ ഇസ്‌ലാം ഇതുകൊണ്ട് തന്നെ ആഭരണങ്ങള്‍ അണിഞ്ഞും പട്ടുവസ്ത്രം ധരിച്ചും സൗന്ദര്യബോധം പ്രകടിപ്പിക്കാന്‍ സ്ത്രീകള്‍ക്കാണ് അനുമതി കൊടുത്തത്. മഞ്ഞലോഹവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. ഒരിക്കല്‍ ഒരു പുരുഷന്‍ നബി(സ)യുടെ അരികിലെത്തി. അദ്ദേഹത്തിന്റെ വിരലില്‍ ഒരു സ്വര്‍ണമോതിരമുണ്ടായിരുന്നു. ഇത് കണ്ട നബി(സ) അസന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു. താങ്കള്‍ കൈവിരലില്‍ തീക്കട്ട അണിയുകയാണോ? ആ മോതിരം ഊരിവാങ്ങി നബി(സ) ദൂരെയെറിഞ്ഞുകളഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തോട് മറ്റൊരാള്‍ പറഞ്ഞു: ആ മോതിരം പോയി എടുത്തോളൂ. മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം. ആഭരണമായി ധരിക്കാതിരുന്നാല്‍ മതി. നബി(സ) ഊരിയെറിഞ്ഞത് ഇനി എനിക്ക് വേണ്ടാ എന്നായിരുന്നു അദ്ദേഹം അയാളോട് പറഞ്ഞ മറുപടി.
ഇന്ന് സ്ത്രീകളെക്കാള്‍ ആഭരണം ധരിക്കാനുള്ള ആസക്തി പുരുഷന്മാര്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാത് കുത്തുന്ന ചെറുപ്പക്കാര്‍ പെരുകുകയാണ്. കൈയില്‍ വളയമില്ലാത്തവര്‍ കുറവാണ്. മിക്ക ആളുകളുടെയും കഴുത്തിലും ആഭരണങ്ങളുണ്ട്. സ്വര്‍ണാഭരണങ്ങള്‍ മാത്രമല്ല, മറ്റു ആഭരണങ്ങളും പുരുഷന്മാര്‍ ധരിക്കുന്നത് ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. സ്ത്രീവേഷം കെട്ടുന്ന പുരുഷന്മാരെയും പുരുഷ കോലം കെട്ടുന്ന സ്ത്രീകളെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന നബിവചനം ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്ന്.
ആഭരണങ്ങള്‍ അണിഞ്ഞു സൗന്ദര്യം കൂട്ടേണ്ട ആവശ്യം പുരുഷന്മാര്‍ക്കില്ല. വെള്ളിയുടെ ഒരു മോതിരം ഏതെങ്കിലും ഒരു കൈയിലെ ചെറുവിരലില്‍ അണിയല്‍ സുന്നത്താണ്. മറ്റു വിരലുകളില്‍ പാടില്ല. പൂതി തീരാന്‍ ഇത് മതിയല്ലോ.
എന്നാല്‍, സ്ത്രീകള്‍ ആഭരണമണിഞ്ഞ് സൗന്ദര്യം പ്രകടിപ്പിക്കേണ്ടവരുടെ മുമ്പില്‍ പ്രകടിപ്പിക്കണമെന്നാണ് നബി(സ)യുടെ നിര്‍ദേശം. അബൂഹുറൈറ(റ) പറയുന്നു: “കണ്ണില്‍ സുറുമ എഴുതാത്ത സ്ത്രീകളോടും കൈയില്‍ മൈലാഞ്ചി അണിയാത്തവരോടും ആഭരണങ്ങള്‍ ധരിക്കാത്ത സ്ത്രീകളോടും നബി(സ)ക്ക് വെറുപ്പായിരുന്നു. ഒരു കല്ല് മാത്രമാണ് അവര്‍ക്ക് ലഭിച്ചതെങ്കില്‍ അതൊരു ചരടില്‍ കെട്ടിയെങ്കിലും കഴുത്തില്‍ അണിയട്ടെ”

ഈ കല്‍പ്പന ഭര്‍തൃമതികളോടും ഭര്‍ത്താക്കന്മാര്‍ നാട്ടിലുള്ളവരോടും ആണ്. അന്യപുരുഷന്റെ മുമ്പില്‍ സൗന്ദര്യം പ്രകടിപ്പിക്കുന്നത് നിഷിദ്ധമാണ്. ഇന്ന് സ്ത്രീകള്‍ക്ക് പുരുഷവേഷത്തോട് അമിതമായ താത്പര്യമായിരിക്കുന്നു. പെണ്‍കുട്ടികള്‍ പുരുഷന്മാരെ പോലെ ജീന്‍സും ബനിയനും ധരിച്ച് തുള്ളിച്ചാടി നടക്കുകയാണ്. പുരുഷന്മാര്‍ മുടി നീട്ടി കാതുകുത്തി കമ്മലിട്ട് നടക്കുന്നു. മുസ്‌ലിംകള്‍ എന്നും ഒഴുക്കിനെതിരെ നീന്തേണ്ടവരാണ്. കുത്തൊഴുക്കിനനുസരിച്ച് കോലം കെട്ടേണ്ടവരല്ല. ആര്‍ജവമില്ലാത്തവരും സ്വന്തമായി വ്യക്തിത്വം കാത്തുസൂക്ഷിക്കാത്തവരുമാകരുത്. സ്വത്വം കൈവിടാതെ സംസ്‌കാരം കാത്തു സൂക്ഷിക്കാം നമുക്ക്.

 

 

Latest