ഇസില്‍ ബന്ധം:പ്രതികളെ ഒരുമാസത്തേക്ക് റിമാന്റ് ചെയ്തു

Posted on: October 26, 2017 7:59 pm | Last updated: October 27, 2017 at 8:36 am
അറസ്റ്റിലായ യു കെ ഹംസയും മനാഫ് റഹ്മാനും

തലശേരി: :ഐ എസ് ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകിട്ടും ഇന്ന്‌ ഉച്ചയോടെയും വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരെയും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി അടുത്ത മാസം 25 വരെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. ആദ്യം അറസ്റ്റിലായ ചക്കരക്കല്ല് മുണ്ടേരിയിലെ ബൈത്തുല്‍ ഫര്‍സാനയില്‍ കെ സി മിദ്‌ലാജ് (26),ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ വി അബ്ദുള്‍ റസാഖ് (24), ചക്കരക്കല്ല് മുണ്ടേരി പടന്നോട്ട് മെട്ട എം വി ഹൗസില്‍ എം വി റാഷിദ് (23) എന്നിവരെയും ഇന്നലെ അറസ്റ്റ് ചെയ്ത തലശേരി കുഴിപ്പങ്ങാട്ടെ തൗഫീഖില്‍ യു കെ ഹംസ (57), ജില്ല കോടതിക്കടുത്ത സീനാസില്‍ മുനാഫ്‌റഹ്മാന്‍ (42) എന്നിവരെയുമാണ് ഒരു മാസത്തേക്ക് ജില്ലാ ജഡ്ജ് ആര്‍ രഘു ഇന്നലെ ഉച്ചയോടെ റിമാന്റ് ചെയ്തത്. നിരോധിത ഭീകര സംഘടനയില്‍ചേര്‍ന്ന് ഇന്ത്യക്കെതിരെ യുദ്ധം നടത്താനൊരുങ്ങിയെന്നതിന് യു എ പി എ നിയമത്തിലെ 38,39 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയത്.ഇസിലിനായി പ്രവര്‍ത്തിക്കാന്‍ തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മിഥിലാ ജും റാഷിദും അബ്ദുള്‍ റസാഖും പിടിയിലായത്.

മതിയായ രേഖകളില്ലാത്തതിനാല്‍ തുര്‍ക്കി സൈന്യം തടഞ്ഞ്‌വച്ച്ഇവരെഡല്‍ഹിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് യു കെ ഹംസയെന്ന അറബി ഹംസയെയും മനാഫ്‌റഹ്മാനെയും പിടികൂടുന്നത്.നാട്ടില്‍ താലിബാന്‍ ഹംസയെന്നും ബിരിയാണി ഹംസയെന്നും അറിയപ്പെടുന്ന ഇയാളാണ് ഐ എസിലേക്ക് തീവ്രചിന്താഗതിക്കാരായ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് കോടതി മുന്‍പാകെ പോലിസ് സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞു വരുന്ന ഹംസ ബഹ്‌റയ്‌നിലെ അല്‍അന്‍സാര്‍ സലഫി സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.