Connect with us

National

ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണം ലഭിക്കുക ഉപഭോക്താക്കള്‍ക്ക്: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപഭോക്താക്കളാണ് ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിക്കുകയും അത് വന്‍തോതില്‍ വില കുറയാന്‍ ഇടയാക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഉപഭോക്തൃസംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി രാജ്യത്തിന് പുതിയൊരു വ്യാപാര സംസ്‌കാരത്തിന് രൂപം നല്‍കി. ഭരണ നിര്‍വഹണത്തില്‍ ഒഴിവാക്കാനാകാത്ത ഭാഗമാണ് ഉപഭോക്തൃ സംരക്ഷണം. വേദങ്ങളിലും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തെറ്റായ രീതിയിലുള്ള വ്യാപാരം വേദങ്ങള്‍ വിലക്കുന്നു. തെറ്റിദ്ധരിപ്പിച്ച് കച്ചവടം ചെയ്യുന്നതിന് ഇപ്പോള്‍ ശിക്ഷ ഇല്ലാതായി. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് ഉതകുന്ന നിയമനിര്‍മാണം പരിഗണനയിലുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.