കാര്‍വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി

Posted on: October 26, 2017 11:32 am | Last updated: October 26, 2017 at 3:30 pm

കോഴിക്കോട്: ജനജാഗ്രതാ യാത്രക്കിടെയുണ്ടായ വാഹന വിവാദത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല. ഇതുകൊണ്ട് വാടകെക്കെടുത്ത വാഹനത്തിലായിരുന്നു യാത്ര. കാരാട്ട് ഫൈസലിന്റെ കാര്‍ മുന്‍പും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. കോഫെ പോസെ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും കോടിയേരി പറഞ്ഞു.

ജനജാഗ്രതാ യാത്രയുടെ ഭാഗമായി കൊടുവള്ളിയില്‍ വെച്ച് കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ കാര്‍ ഉപയോഗിച്ചതാണ് വിവാദമായത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ഫൈസലിനെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ) അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കാര്‍ വിട്ടുകൊടുത്തത് സിപിഎമ്മിന്റെ പ്രാദേശിക നേതാവ് പറഞ്ഞിട്ടാണെന്ന് ഫൈസല്‍ പറഞ്ഞു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട കാര്‍ തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കേസില്‍ താന്‍ പ്രതിയല്ല. തനിക്കെതിരെ കേസില്ല. തനിക്കെതിരെ അരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഫൈസല്‍ പറഞ്ഞു.