Kasargod
ചെമ്പരിക്ക ഖാസിയുടെ മരണം: അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: ചെമ്പരിക്ക- മംഗളൂരു സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന പുതിയ വെളിപ്പെടുത്തല്‍ സംബന്ധമായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഖാസിയുടെ മരണം സംബന്ധിച്ചുള്ള ഓഡിയോ ടേപ്പ് പുറത്തായിരിക്കെ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് പി കെ ജി സൈമണ്‍ അന്വേഷണത്തിനായി രണ്ട് ഡി വൈ എസ് പിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സി ബി ഐയാണ് ഖാസി കേസ് അന്വേഷിക്കുന്നതെങ്കിലും വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ കണ്ടെത്തുകയാണ് പോലീസ് അന്വേഷണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
ഖാസിയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാണെന്ന് ആദൂര്‍ പരപ്പ സ്വദേശിയായ അശ്‌റഫ് എന്ന യുവാവ് തന്നോട് ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിച്ചുവെന്ന പി ഡി പി നേതാവ് സയ്യിദ് ഉമറുല്‍ഫാറൂഖ് തങ്ങളുടെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. തന്റെ ഭാര്യാപിതാവ് ഖാസിയെ കൊലപ്പെടുത്താന്‍ 20 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ഉറപ്പിച്ച് തെക്കന്‍ ജില്ലക്കാരായ രണ്ട് പേരെ നിയോഗിച്ചുവെന്നും ഇവര്‍ കൃത്യം നടത്തിയെന്നുമാണ് അശ്‌റഫ് വെളിപ്പെടുത്തിയതായി പി ഡി പി നേതാക്കള്‍ കാസര്‍കോട്ട് വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞത്. അതേസമയം കേസന്വേഷിച്ച പോലീസും സി ബി ഐയും ഖാസിയുടെ മരണം ആത്മഹത്യയായി എഴുതി ത്തള്ളിയപ്പോള്‍ കൊലപാതകമാണെന്ന് പറഞ്ഞ് പ്രക്ഷോഭത്തിനിറങ്ങിയ ചേളാരിവിഭാഗം പുനരന്വേഷണത്തില്‍ കാണിക്കുന്ന താത്പര്യക്കുറവ് ചര്‍ച്ചാവിഷയമാകുകയാണ്.
പി ഡി പിനേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖാസി പ്രതിനിധാനം ചെയ്യുന്ന സംഘടന ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം ചോദ്യം ചെയ്തിരുന്നു. സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമം നടത്തിയെന്ന ആരോപണം ശരിവെക്കുന്നതാണെന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവനയുമായാണ് ചേളാരി വിഭാഗം സംസ്ഥാനനേതാക്കള്‍ ഇന്നലെ പത്രക്കുറിപ്പിറക്കിയത്. എന്നാല്‍ ഇതിനിടെ അശ്‌റഫിന്റെ വെളിപ്പെടുത്തലും പി ഡി പി നേതാക്കളുടെ അവകാശവാദങ്ങളും പോലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. ഖാസിയുടെ മരണം കൊലപാതകമാണെന്ന് പറയുന്ന ആള്‍ ഇപ്പോഴും കാണാമറയത്താണെന്നാണ് പോലീസ് പറയുന്നത്.
ഇപ്പോള്‍ എവിടെയുണ്ടെന്ന് ഒരു ഊഹവുമില്ല. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവുകയുള്ളൂ. അശ്‌റഫും ഉമറുല്‍ ഫാറൂഖ് തങ്ങളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്ന പോലീസുദ്യോഗസ്ഥന് കേസുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഭാര്യാപിതാവുമായി തെറ്റിപ്പിരിഞ്ഞ അശ്‌റഫ് അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണോ ഇങ്ങനെയൊരാരോപണം ഉന്നയിച്ചതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ഖാസി സി എം അബ്ദുല്ല മൗലവിയുടെ അടുത്ത ബന്ധുവും ചേളാരിവിഭാഗം നേതാവുമായ ത്വാഖ അഹ്മദ് മൗലവി ഖാസിയുടെ മരണത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി നേരത്തെ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ തന്നെയും അപായപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ത്വാഖ അഹ്മദ് മൗലവി ഖാസി വിഷയത്തില്‍ മൗനം പാലിക്കുകയാണുണ്ടായത്. ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും മാത്രമാണ് ഇടക്കിടെ സമരരംഗത്തുള്ളത്.
സംഘടനാ നേതൃത്വം ഇടപെടാതെ മാറിനില്‍ക്കുന്നു. നേതൃത്വത്തിന്റെ നിസ്സംഗത ചേളാരിവിഭാഗം അണികളില്‍ കടുത്ത അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സമരവുമായി ഇവര്‍ സഹകരിക്കാത്തത് ഖാസിയുടെ കുടുംബത്തിലും നീരസമുളവാക്കുന്നുണ്ട്.
ഖാസി കേസ് ആദ്യം ഉയര്‍ത്തിക്കാണിച്ചിരുന്ന മുസ്‌ലിം ലീഗ് നേതൃത്വവും ഇപ്പോള്‍ പിന്നാക്കം പോയിരിക്കുകയാണ്.