നവംബര്‍ എട്ട് സര്‍ക്കാറിന് കള്ളപ്പണ വിരുദ്ധ ദിനം, പ്രതിപക്ഷത്തിന് കരിദിനം

Posted on: October 25, 2017 11:19 pm | Last updated: October 26, 2017 at 9:25 am

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ ഇതേ ദിവസം കരിദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. കള്ളപ്പണം അവസാനിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. നോട്ട് നിരോധനം കൊണ്ട് അനധികൃതമായി സൂക്ഷിച്ചിരുന്ന കള്ളപ്പണം ബേങ്കില്‍ നിക്ഷേപിച്ചുവെന്നും അവ നികുതി വിധേയമാക്കുകയും ചെയ്തെന്നും ധനമന്ത്രി അവകാശപ്പെട്ടു.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് 86 ശതമാനം നോട്ടുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ചതാണ് സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറയുന്നതിന് കാരണമായത്.
കൂടാതെ, ചരക്ക് സേവന നികുതിയിലെ (ജി എ സ്ടി) ആശയക്കുഴപ്പവും ഐ ടി മേഖലയിലെ തകര്‍ച്ചയും സാമ്പത്തിക മേഖലയെ തകര്‍ത്തെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നവംബര്‍ എട്ടിന് കരിദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത്.

18 പാര്‍ട്ടികള്‍ സര്‍ക്കാറിനെതിരായ പ്രതിഷേധത്തില്‍ അണിനിരക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ഗുലാംനബി ആസാദ്, ശരദ് യാദവ്, ഡി രാജ, കനിമൊഴി, സതീഷ് മിശ്ര എന്നിവരും പ്രതിപക്ഷ പാര്‍ട്ടികളുടെ പാര്‍ലിമെന്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നവംബര്‍ എട്ടിന് സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

500 രൂപ 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിലുള്ള ദുരിതം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും ബാധിച്ചതാണ്. ഒരു സര്‍ക്കാരിന്റെ നയപരമായ നടപടിമൂലം രാജ്യത്ത് ഇത്രയധികം ജനങ്ങള്‍ കൊല്ലപ്പെട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.