ഇതാണ് ശരിയായ പാത

Posted on: October 25, 2017 6:01 am | Last updated: October 24, 2017 at 11:43 pm

കശ്മീര്‍ വിഷയത്തില്‍ ശരിയായ പാതയിലേക്കുള്ള കാല്‍വെപ്പായാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിലയിരുത്തപ്പെടുന്നത്. കശ്മീരിലെ ജനപ്രതിനിധികളുമായും രാഷ്ട്രീയ കക്ഷി നേതാക്കളുമായും മറ്റു സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായും മാധ്യസ്ഥ ശ്രമത്തിന് നേതൃത്വം നല്‍കാന്‍ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവി ദിനേശ്വര്‍ ശര്‍മ്മയെ അധികാരപ്പെടുത്തിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഹുര്‍റിയത്തിനെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കില്‍ അക്കാര്യവും ശര്‍മക്ക് പരിഗണിക്കാമെന്നും ശാശ്വതമായ പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും രാജ്‌നാഥ് പറഞ്ഞു.
മോദി സര്‍ക്കാര്‍ ആദ്യമായാണ് കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്കുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നതും ആ വഴിക്ക് കാര്യങ്ങള്‍ നീക്കുന്നതും. സൈനിക നടപടിയിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകുകയുള്ളൂവെന്നും അക്രമം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്നുമുള്ള നിലപാടിലായിരുന്നു സര്‍ക്കാര്‍ ഇതുവരെയും. ഈ കടുംപിടുത്തം അവസാനിപ്പിച്ചു അനുനയത്തിന്റെ മാര്‍ഗത്തിലേക്കുള്ള ചുവടു മാറ്റത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് പി ചിദംബരം തുടങ്ങി നിരവധി പേര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര ഭരണാധികാരികള്‍ക്ക് സംഭവിച്ച പിടിപ്പുകേടാണ് പ്രശ്‌നം രൂക്ഷമാക്കിയതും വെടിയൊച്ച നിലക്കാത്ത പ്രദേശമായി കശ്മീരിനെ മാറ്റിയതും. കശ്മിര്‍ ഇന്ത്യയുടെ ഭാഗമാണെന്നും കാശ്മീരികള്‍ ഇന്ത്യക്കാരാണെന്നും പറയുമ്പോള്‍ തന്നെ, അവരെ മൊത്തം തീവ്രവാദികളും ഭീകര വാദികളുമായി കാണുന്ന സമീപനമാണ് പലപ്പോഴും ഉണ്ടായത്. ഇതടിസ്ഥാനത്തിലാണല്ലോ പ്രത്യേകാധികാരം നല്‍കി സൈന്യത്തെ സംസ്ഥാനത്ത് വിന്യസിച്ചതും സൈനികര്‍ അവിടെ നടത്തുന്ന ക്രൂരതകള്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടച്ചതും. പോലീസിന് പകരം കശ്മീരിലെ നിയമപാലനം സൈന്യത്തെ ഏല്‍പിച്ച ശേഷമുള്ള 25 വര്‍ഷക്കാലത്തിനിടെ അവിടെ സംഘര്‍ഷങ്ങളില്‍ മരിച്ചത് ഒരു ലക്ഷത്തോളം കശ്മീരികളാണ്. ഈ കാലയളവില്‍ ‘കാണാതായ’ കശ്മീരികളുടെ എണ്ണം പതിനായിരത്തോളം വരും. ‘കാണാതാകുന്നവര്‍’ പിന്നീട് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു കിടക്കുന്നതായാണ് കാണപ്പെടാറ്. സ്‌റ്റേറ്റ് ഹ്യൂമണ്‍ റൈറ്റ് കമ്മീഷന്‍ കാശ്മീരിലെ മൂന്ന് ജില്ലകളില്‍ നടത്തിയ തെളിവെടുപ്പില്‍ മാത്രം 2730 അജ്ഞാത മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൂട്ടത്തില്‍ തിരിച്ചറിഞ്ഞ 574 എണ്ണവും കാണാതായ പ്രാദേശിക വാസികളുടെതായിരുന്നു. കശ്മീരില്‍ ജനിച്ചുപോയി എന്നത് മാത്രമാണ് ഈ ഹതഭാഗ്യര്‍ ചെയ്ത ‘തെറ്റ്’. ഇന്ത്യന്‍ സൈനികര്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പുതിയ താഴ്‌വരകളിലാണ് എത്തിനില്‍ക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ ഇതിനെ വിലയിരുത്തിയത്. സൈന്യത്തിന്റ ക്രൂരതകള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയും പ്രദേശത്തുകാര്‍ക്കിടയില്‍ തീവ്രവാദവും വിഘടനവാദവും വര്‍ധിക്കാന്‍ ഇടയാക്കുകയുമായിരുന്നു. ഭീകര സംഘടനകളില്‍ ചേരുന്ന കാശ്മീരി യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി ഇതിനിടെ കരസേനാ മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അറിയിച്ചിരുന്നു.

ആരുടെ മേലും അടിച്ചേല്‍പിക്കേണ്ടതല്ല രാജ്യസ്‌നേഹം. ഭരണകൂടത്തിന്റെ നല്ല സമീപനത്തില്‍ നിന്നാണ് അതുണ്ടാകേണ്ടത്. തോക്കിന്‍ കുഴലിലൂടെ കശ്മീരികളെ ദേശസ്‌നേഹികളാക്കാമെന്നും പ്രശ്‌നം പരിഹരിക്കാമെന്നുമുള്ള ധാരണ അബദ്ധമാണ്. ദശീയ സുരക്ഷയുടെ ചട്ടക്കൂട്ടില്‍ മാത്രം പ്രശ്‌നത്തെ നോക്കിക്കാണുന്ന കേന്ദ്ര സര്‍ക്കാറിന്റെ സമീപനമാണ് അപരിഹാര്യമായി തുടരാന്‍ കാരണമെന്നും ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണെന്ന സത്യം അംഗീകരിച്ചു ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ മോദി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടവരയിട്ടു പറയുന്നുണ്ട്. എന്നാല്‍ രണ്ട് തവണ കാശ്മീര്‍ സന്ദര്‍ശിച്ചു രാഷ്ട്രീയ നേതാക്കളുമായും പോലീസ് മേധാവികളുമായും സംഘടനാ നേതാക്കളുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തയാറാക്കിയ ഈ റിപ്പോര്‍ട്ടിനോട് നിഷേധാത്മക സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് താന്‍ നിരവധി തവണ ശ്രമിച്ചിട്ടും മോദി ഒഴിഞ്ഞു മാറുകയാണുണ്ടായതെന്ന് യശ്വന്ത്‌സിന്‍ഹ വ്യക്തമാക്കിയിരുന്നു. ഏതായാലും സൈനിക നടപടിയെന്ന കുടുംപിടുത്തം ഉപേക്ഷിച്ചു സിന്‍ഹ കമ്മിറ്റിയും ഒട്ടേറെ മനുഷ്യാവകാശ സംഘടനകളും നിര്‍ദേശിച്ച ചര്‍ച്ചയുടെ മാര്‍ഗം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സന്നദ്ധമായത് ആശാവഹമാണ്.