Connect with us

Articles

പട്ടിണി സൂചികയില്‍ ഡിജിറ്റല്‍ ഇന്ത്യ എവിടെയാണ്?

Published

|

Last Updated

06″ആറംഗങ്ങളുള്ള ഒരു കുടുംബം എങ്ങനെയാണ് നാലോ അഞ്ചോ രൂപക്ക് ഒരു ദിവസം ജീവിക്കുക. പല ദിവസങ്ങളിലും കഴിക്കാന്‍ ഒന്നുമുണ്ടാകില്ല, ദാരിദ്ര്യം സഹിക്കവയ്യാതെ മക്കളെല്ലാം എങ്ങോട്ടോ ഓടിപ്പോയി. പട്ടിണി കിടന്ന് മരിക്കുന്നതിലും ഭേദം അതാണല്ലോ”…..ബീഹാറിലെ ബഗല്‍പൂര്‍, ബംഗ, ഗൊദ്ദ ജില്ലകളിലെവിടെപ്പോയാലും ഇത്തരം പരിദേവനങ്ങളുമായെത്തുന്ന വീട്ടമ്മമാരെ കാണാനാകും. ജാതിയുടെ അടിസ്ഥാനത്തില്‍ കഹാറുകള്‍ എന്ന് വിളിക്കപ്പെടുന്ന അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ട ഈ ജനവിഭാഗം രാപ്പകലില്ലാതെ കൃഷി ചെയ്യുന്നവരാണ്. അധികാരികള്‍ക്കായി പണിയെടുത്ത് അവരുടെ അറയും പുരയും നിറക്കാന്‍ പാടുപെടുന്ന ഇവരുടെ ദിവസക്കൂലി 12 രൂപ. ഇത് കേവലം ബീഹാറിലെ മാത്രം കാര്യമല്ല. മധ്യപ്രദേശിലും ഗുജറാത്തിലും ഒറീസയിലും ഇത്തരത്തില്‍ ദാരിദ്ര്യത്തിന്റെ വകഭേദങ്ങള്‍ എത്ര വേണമെങ്കിലും കാണാനാകും.

സോമാലിയയുടെയും എത്യോപ്യയുടെയും പ്രശ്‌നങ്ങളില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും അവരുടേതിനോടടുത്ത ദാരിദ്ര്യാവസ്ഥയുടെ മുഖം തന്നെയാണ് ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാണാനാകുക. സോമാലിയയില്‍ നിന്നും എത്യോപ്യയില്‍ നിന്നും ലഭിക്കുന്ന അതിതീവ്രമായ ഒരു ദൃശ്യം പോലെയുള്ള ഒന്ന് മാധ്യമങ്ങളില്‍ വരുന്നില്ലെന്നത് കൊണ്ട് മാത്രമാണ് ഇന്ത്യയിലെ ദാരിദ്രത്തിന്റെയും പട്ടിണിയുടെയും ആഴം പുറം ലോകമറിയാത്തത്. ദാരിദ്ര്യാവസ്ഥയുടെ ഒരു മുഖം മാത്രമായ വിശപ്പ് ഇന്ത്യയില്‍ മറ്റേത് രാജ്യത്തേക്കാളും അതിസങ്കീര്‍ണമാണെന്ന് രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിച്ച മാധ്യമപ്രവര്‍ത്തകന്‍ സായ്‌നാഥിനെപ്പോലുള്ളവര്‍ പറയുമ്പോള്‍ അതെങ്ങനെ വിശ്വസിക്കാതിരിക്കാനാകും? ഇന്ത്യയില്‍ എന്നും ദാരിദ്ര്യവും ദുരിതവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സംഭവങ്ങള്‍ നടന്നു കഴിഞ്ഞിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു അന്വേഷണ എജന്‍സിയുടെ പഠനം പുറത്തുവരുമ്പോഴോ മാത്രമാണെന്ന് തിരിച്ചറിയുമ്പോഴാണ് സോമാലിയയില്‍ നിന്ന് വലിയ ദുരം നമ്മുടെ നാട്ടിലേക്കില്ലെന്ന സത്യം വ്യക്തമാകുക.

പോഷകാഹാരക്കുറവ്, ശിശുമരണം, ശരീരശോഷണം, മുരടിപ്പ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ നൂറാം സ്ഥാനത്തെത്തിയെന്ന പുതിയ വാര്‍ത്ത രാജ്യത്തെ പട്ടിണിയും പരിവട്ടവും മുന്നോട്ട് കുതിക്കുകയാണെന്ന് വ്യക്തമാക്കുന്നു. ആകെയുള്ള 119 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇത്രയും പിന്നിലുള്ളത്. അതുകൊണ്ട് തന്നെ വരാന്‍ പോകുന്ന വലിയ ദുരന്തത്തിന്റെ സൂചകമായെങ്കിലും അതിനെ കണ്ടേ തീരൂ. ലോക പട്ടിണി സൂചികയിലെ ഇന്ത്യയുടെ റാങ്ക് മൂന്ന് പദവികള്‍ കൂടി താഴേക്കാണ് പതിച്ചിരിക്കുന്നത്. 2016-ല്‍ 97 ആയിരുന്ന സ്ഥാനത്തു നിന്നാണ് ഇന്ത്യക്ക് ഇങ്ങനെയൊരു “നേട്ടം” കൈവരിക്കാനായത്. യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പോഷകാഹാരക്കുറവുള്ള മൂന്ന് കുട്ടികളില്‍ ഒരാള്‍ ഇന്ത്യയിലാണ്. ഇന്ത്യയിലെ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താല്‍ 40 ശതമാനത്തിലധികം നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരില്‍ ആരോഗ്യക്കുറവുള്ളവരാണ്. ഇവരില്‍ 58 ശതമാനം പേരും പോഷകാഹാരക്കുറവുകൊണ്ട് വിളര്‍ച്ചാപ്രശ്‌നം നേരിടുന്നവരുമാണ്. 100 കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ 26 കോടിയാണ് സര്‍ക്കാര്‍ നേരത്തെ നടത്തിയ മറ്റൊരു സര്‍വെയിലെ പരമ ദരിദ്രര്‍. ഇതില്‍ 49.5 ശതമാനം ദളിതരും 31ശതമാനം മുസ്‌ലിംകളും ബാക്കി 19.5 ശതമാനം മറ്റുള്ളവരുമാണ്. ഈ 19.5 ശതമാനത്തില്‍ മറ്റു പിന്നോക്കക്കാരെ മാറ്റിയാല്‍ സവര്‍ണര്‍ തുച്ഛം. അപരിഷ്‌കൃതമായ ജാതി വിവേചനമാണ് താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലെ ദാരിദ്ര്യത്തിന് പ്രധാന കാരണങ്ങളിലൊന്ന്. ലോകജനസംഖ്യയുടെ ഏതാണ്ട് പകുതി കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന് ലോക ബേങ്ക് പറയുന്നു. 130 കോടി ആളുകള്‍ ദരിദ്രരാണെന്നാണ് അവരുടെ കണക്ക്. കുടിവെള്ളവും താമസ സ്ഥലവും വസ്ത്രവും വിദ്യാഭ്യാസവും തൊഴിലും എല്ലാം ഇക്കൂട്ടര്‍ക്ക് അന്യമാണ്. ലോകത്താകമാനം മരിക്കുന്ന ആളുകളുടെ മൂന്നിലൊന്ന് ദരിദ്രരോ അവരുടെ മരണം ദാരിദ്ര്യം മൂലമോ ആണ്. ഒരു ദിവസം അര ലക്ഷം പേരാണ് ഇങ്ങനെ മരിക്കുന്നത്. ഇവരില്‍ ഏറിയ ഭാഗവും കുട്ടികളാണ്. പിന്നെ സ്ത്രീകളും.

ഇന്ത്യന്‍ ദാരിദ്ര്യത്തിന് കാരണങ്ങള്‍ പലതുണ്ടെന്ന് സാമ്പത്തിക ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ നിരവധി തൊഴില്‍ രഹിതര്‍, ശുഷ്‌കമായ വ്യവസായവത്കരണം തുടങ്ങി ദാരിദ്ര്യത്തിന്റെ തോത് വര്‍ധിക്കാന്‍ ഇവിടെ കാരണങ്ങള്‍ക്ക് പഞ്ഞവുമില്ല. എല്ലാവര്‍ക്കും ആവശ്യമായ അളവില്‍ സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ആഹാരം ലഭിക്കാന്‍ കഴിയുകയും അത് നേടാനാവശ്യമായ സാഹചര്യം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഭക്ഷ്യസുരക്ഷ സാധ്യമാവുന്നത്. ഇങ്ങനെയൊരു ഭക്ഷ്യസുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ഇപ്പോഴും കാര്യക്ഷമമായി നടപ്പിലാക്കാന്‍ മോദിസര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് ഇപ്പോള്‍ പുറത്തിറങ്ങിയ പട്ടിണി സൂചിക പറഞ്ഞു തരുന്നുണ്ട്. രാജ്യത്തെ ഒരു വ്യക്തിക്കു പോലും പട്ടിണിയും വിശപ്പും ഭീഷണി സൃഷ്ടിക്കാത്ത അവസ്ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലൂടെ കഴിയുമെന്നാണ് പറയുന്നത്. എന്നാല്‍ ഉത്പാദന വര്‍ധനകൊണ്ടും മെച്ചപ്പെട്ടതും നീതീപൂര്‍വവുമായ വിതരണം കൊണ്ടും ഉറപ്പുവരുത്തേണ്ട ഭക്ഷ്യസുരക്ഷ യാഥാര്‍ഥ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്ന് ജനം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഭൂരിഭാഗം ജനങ്ങളും കുറഞ്ഞ വരുമാനത്തില്‍ തൊഴില്‍ ചെയ്യേണ്ട സാഹചര്യം ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ കാരണങ്ങളില്‍ പ്രധാനമാണ്. രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നുണ്ടെങ്കിലും ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലം സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ടാണിതെന്ന് അറിഞ്ഞിട്ടും ഇത് പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. അഥവാ അതിന് മിനക്കെടാന്‍ തയ്യാറാകുന്നില്ല. ഭൂമി, വീട് എന്നിങ്ങനെ സ്വന്തം ആസ്തികളില്ലാത്ത നിരവധിയാളുകള്‍ രാജ്യത്തുണ്ട്. ഭൂരിഭാഗം ദരിദ്രരും കൃഷി മുഖ്യതൊഴിലായി കരുതുന്നവരാണ്. ഇവരില്‍ പലര്‍ക്കും പുതിയ കാര്‍ഷികരീതികള്‍ അവലംബിക്കാന്‍ കഴിയുന്നില്ല. ഇതിനെല്ലാം പരിഹാരമുണ്ടാക്കുകയോ കൃഷിക്കാരെ സഹായിക്കുകയോ ചെയ്യേണ്ട സര്‍ക്കാര്‍, സഹായിക്കുന്നില്ലെന്ന് മാത്രമല്ല, കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. കൊടിയ ദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരെത്താന്‍ അധികം താമസമില്ലെന്നിരിക്കെ വിലക്കയറ്റം ജനജീവിതത്തെ പൊറുതി മുട്ടിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലും രാജ്യത്തിന്റെ പേരുള്‍പ്പെട്ടിട്ടുണ്ടെന്നത് നമ്മുടെ പ്രധാനമന്ത്രിക്കും പരിവാര്‍ കുടുംബത്തിനും അഭിമാനിക്കാന്‍ വക നല്‍കുന്നുമുണ്ട്.! ഐക്യരാഷ്ട്രസഭയാണ് ഇത്തരത്തിലുള്ള വിലക്കയറ്റം കൂടിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആഭ്യന്തര രാഷ്ട്രീയനയമായി തീവ്രദേശീയവികാരത്തെ ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന ബി ജെ പി സര്‍ക്കാറിന് പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങളിലിടപെടാന്‍ ഒരു താത്പര്യവുമില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ സര്‍വെ. ഭൂമിയും പൊതുസ്വത്തും കൈയടക്കി കോര്‍പ്പറേറ്റുകള്‍ നേടുന്ന സാമ്പത്തികക്കുതിപ്പില്‍ മേനിനടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം രാജ്യത്തിന് സ്വീകാര്യമല്ലെന്ന് കൂടി സര്‍വെ തെൡയിക്കുന്നുണ്ട്. ഒറ്റവര്‍ഷംകൊണ്ട് ഏറ്റവുമധികം സ്വത്ത് സ്വരുക്കൂട്ടിയ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ ഉറ്റ സുഹൃത്തായ നരേന്ദ്ര മോദിക്ക് ശതകോടിയില്‍പ്പരമുള്ള സാമാന്യജനങ്ങളുടെ പ്രശ്‌നങ്ങളില്‍ വലിയ താത്പര്യമുണ്ടാകില്ലെന്ന് ജനം പരസ്യമായി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എണ്‍പതുകളില്‍ ഒരു ഇടത്തരം വ്യാപാരി മാത്രമായിരുന്ന അദാനി, ഗുജറാത്തിന്റെ പൊതുസ്വത്ത് ഊറ്റിയാണ് നെറുകയിലേക്ക് ഉയര്‍ന്നത്. സര്‍ക്കാറില്‍നിന്ന് ചുളുവിലയ്ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണ് ഈ അദ്ഭുത വളര്‍ച്ചയുടെ ആണി. അദാനിയുടെ സ്വകാര്യ തുറമുഖം വന്നതോടെ കുടിയിറക്കപ്പെട്ട കൃഷിക്കാരും ഉപജീവനം മുട്ടിയ മത്സ്യത്തൊഴിലാളികളും ഇപ്പോഴും സമരമുഖത്താണ്. ഇതു തന്നെയാണ് രാജ്യത്ത് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് മോദിയുടെ സാമ്പത്തിക നയങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ദാരിദ്ര്യത്തെയോ വര്‍ധിച്ച് വരുന്ന സാമ്പത്തിക അസമത്വങ്ങള്‍ സംബന്ധിച്ചോ പഠനങ്ങള്‍ക്കും സര്‍വേകള്‍ക്കും പഠന റിപ്പോര്‍ട്ടുകള്‍ക്കും ഒരു കുറവുമില്ല. പരിഹാരം മാത്രമേ നടക്കാതിരുന്നിട്ടുള്ളൂ. പ്രശ്‌ന പരിഹാരത്തിനാവശ്യമായ സാമ്പത്തിക നയം മാറ്റങ്ങള്‍ ഒരിക്കലും ഉണ്ടാവാറില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലെ 100 വലിയ കോര്‍പ്പറേഷനുകളുടെ ലാഭം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. 12 സ്വകാര്യ കോര്‍പ്പറേഷനുകള്‍ ലാഭത്തിന്റെ 50 ശതമാനത്തിലധികം ലാഭ വിഹിതമായി നല്‍കുന്നുണ്ടത്രെ. ബി ജെ പി സര്‍ക്കാറിന്റെ കീഴില്‍ തൊഴിലവസരങ്ങളും വളര്‍ച്ചയും ഇടിയുന്നുവെന്നും നിക്ഷേപങ്ങളും കയറ്റുമതിയും ഇല്ലാതാകുന്നുവെന്നും സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. ഇടത്തരക്കാര്‍, താഴെ തട്ടിലുള്ള മധ്യവര്‍ഗങ്ങള്‍, താഴെ തട്ടിലുള്ളവര്‍ എന്നിവരടങ്ങുന്ന സാധാരണക്കാര്‍ക്കാണ് ഇത് കനത്ത തിരിച്ചടിനല്‍കുന്നത്. യുക്തിരഹിതവും വിനാശകരവുമായ നയതീരുമാനങ്ങളാണ് സാമ്പത്തികരംഗത്തെ പാളംതെറ്റിച്ചത്. നോട്ട് നിരോധനം, ജി എസ് ടിയുടെ പ്രയോഗം തുടങ്ങിയവയെല്ലാം കൂടുതല്‍ കുരുക്കിലാക്കിയെന്ന് പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടുന്നുണ്ട്. ജനങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനു പകരം വൈകാരികമായ വിഷയങ്ങള്‍ ഉയര്‍ത്തിവിടുന്ന തത്രപ്പാടിലാണ് ഇപ്പോഴും കേന്ദ്ര ഭരണകൂടം. വര്‍ഗീയ ധ്രുവീകരണം എന്ന ആശയം ദ്രുതഗതിയില്‍ നടപ്പാക്കുമ്പോള്‍ പട്ടിണിരഹിത രാജ്യത്തിന് എന്തു പ്രസക്തി.
കുത്തക മാധ്യമങ്ങളുടെ ദയയാല്‍, വിദേശത്ത് ഇന്ത്യയുടെ ഇമേജ് തിളങ്ങിക്കൊണ്ടിരിക്കുന്നതായും പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ ഭാവി ഭാസുരമാക്കിക്കൊണ്ടിരിക്കുന്നതായും ജനങ്ങള്‍ വിശ്വസിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലോകത്തിനു മുന്നില്‍ പരിഹാസ്യമാകുന്ന തരത്തിലേക്ക് ഇന്ത്യയുടെ ഇമേജ് പട്ടണി സൂചികയുടെ രൂപത്തില്‍ വീണ്ടും താഴ്ന്നത്. ലോകവിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ച് അതുവഴി തൊഴില്‍ അവസരങ്ങളും സാമ്പത്തിക വികസനവും നേടുക എന്ന പേരു പറഞ്ഞ് “മെയ്ക്ക് ഇന്‍ ഇന്ത്യ” എന്ന പദ്ധതിയുമായി നാടു ചുറ്റുന്ന മോദിക്ക് സഞ്ചാരിയെന്ന പേരു മാത്രം ബാക്കിവന്നുവെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി സാമ്പത്തിക വിദഗ്ദര്‍ തന്നെ വിലയിരുത്തിത്തുടങ്ങിയിട്ടുണ്ട്.

മോദി അധികാരത്തിലേറി അധിക കാലമാകും മുമ്പേ സംഘ് ബന്ധുക്കള്‍ തുടങ്ങിവെച്ച വാചകക്കസര്‍ത്തുകള്‍ ഒന്നൊന്നായി യാഥാര്‍ഥ്യമായി മാറിത്തുടങ്ങിയതോടെയാണ് മോദിയുടെ വികസന സങ്കല്‍പങ്ങളും മെയ്ക്ക് ഇന്‍ ഇന്ത്യയും വെറും വിടുവായത്തിനപ്പുറം ഒന്നുമല്ലെന്ന് മനസ്സിലായത്. ഇന്ത്യക്ക് ഒരിക്കലും പരിചിതമല്ലാതിരുന്ന പുതിയ രീതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടം തന്നെ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ എങ്ങനെ ഇന്ത്യ പട്ടിണി രാജ്യമായി മാറിയെന്ന് പറയാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കു തന്നെയാണ്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest