അമിത്ഷായുടെ മകന്‍ ജയ്ഷാക്കെതിരെ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന് കോടതിയുടെ സമന്‍സ്

Posted on: October 24, 2017 7:33 pm | Last updated: October 25, 2017 at 1:19 pm

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷാക്കെതിരെ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ് വയറിന്’ കോടതിയുടെ സമന്‍സ്.
അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്.

എഡിറ്റര്‍ വരദരാജനടക്കം നവംബര്‍ 13ന് കോടതിയില്‍ ഹാജരാകണം.

അമിത് ഷായുടെ മകന്‍ ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം വന്‍തോതില്‍ ലാഭം കൊയ്‌തെന്ന വാര്‍ത്ത സര്‍ക്കാര്‍ കണക്കുകള്‍ സഹിതം പുറത്തുകൊണ്ടുവന്നിരുന്നു.

തുടര്‍ന്ന് ന്യൂസ് പോര്‍ട്ടലിനെതിരെ അമിത്ഷാ നൂറ് കോടി രൂപ മാനനഷ്ടക്കേസ് നല്‍കി. ഇതോടെ ദി വയറിന് അഹമ്മദാബാദ് റൂറല്‍ (മിര്‍സാപൂര്‍) കോടതിയുടെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

കേസ് തീര്‍പ്പാക്കുന്നതു വരെ ജയ് ഷായുമായി ബന്ധപ്പെട്ട് ദി വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ കുറിച്ചുള്ള ലേഖനങ്ങള്‍ അച്ചടി, ഇലക്ടോണിക്, ഡിജിറ്റല്‍ തുടങ്ങിയ ഒരു രൂപത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഇതു സംബന്ധിച്ച് ടി വി ചര്‍ച്ചകളോ, അഭിമുഖങ്ങളോ, വാര്‍ത്തകളോ അല്ലെങ്കില്‍ മറ്റേതെങ്കിലും പരിപാടികളോ ഒരു ഭാഷയിലും നല്‍കാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയാറാകാതെയാണ് കോടതിയുടെ ഈ ഉത്തരവെന്ന് വയര്‍ കോടി വിധിക്ക് ശേഷം പ്രതികരിച്ചു. നോട്ടീസ് നല്‍കുകയോ വിശദീകരണം നല്‍കാന്‍ അവസരം തരികയോ ചെയ്തിട്ടില്ലെന്നും വയര്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ നല്‍കിയിരിക്കുന്ന സിവില്‍ കേസില്‍ വയറിന്റെ ഭാഗത്തു നിന്ന് വസ്തുതാപരമായ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് കേസ് വിശദാംശങ്ങള്‍ വായിക്കുന്ന ആര്‍ക്കും വ്യക്തമാകും. വ്യാജ വാര്‍ത്ത നല്‍കിയെന്ന കേസ് വയറിനെതിരെ നല്‍കിയിട്ടില്ല. തങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും വയര്‍ പ്രതികരിച്ചു.

ദ് ഹിന്ദു മുന്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റേയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലുള്ള സ്വതന്ത്ര്യ ഡിജിറ്റല്‍ മാധ്യമ സ്ഥാപനമാണ് ദ് വയര്‍. ചുരുങ്ങിയ കാലയളില്‍ ശ്രദ്ധേയമായ വാര്‍ത്തകള്‍ കൊണ്ട് വിശ്വാസ്യത നേടിയെടുത്ത പോര്‍ട്ടലിന്റെ സാമ്പത്തിക സ്രോതസ്സ് വായനക്കാരുടെ സംഭാവനയാണ്.