ശൈഖ് മുഹമ്മദ് പുതിയ നികുതിഘടനയുടെ ഉത്തരവിറക്കി

Posted on: October 24, 2017 7:15 pm | Last updated: October 24, 2017 at 7:15 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുതിയ നികുതി ഘടനക്കുള്ള ഉത്തരവ് പുറത്തിറക്കി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കുകയാണ് എക്‌സൈസ് ഡ്യൂട്ടികൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആഗസ്റ്റ് 21ന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, തിരഞ്ഞെടുത്ത വസ്തുക്കളില്‍ മേലുള്ള എക്‌സൈസ് നികുതി ഏര്‍പെടുത്തുന്നതിനുള്ള ഫെഡറല്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. പ്രസിഡന്റിന്റെ ഉത്തരവ് അനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വസ്തുക്കളിന്‍മേല്‍ ചുമത്തുന്നതാണ് നികുതിയോടൊപ്പമുള്ള വില ക്രമീകരണമെന്ന് അനുശാസിക്കുന്നുണ്ട്. പുതിയ നികുതിഘടന വൈവിധ്യമാര്‍ന്ന സാമ്പത്തിക രംഗത്തിന്റെ പിന്തുണ യു എ ഇ ഭരണ നേതൃത്വത്തിന് നല്‍കുന്ന വിധത്തിലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പുതിയ നികുതി ഘടനക്കുള്ള ശൈഖ് ഖലീഫയുടെ ഉത്തരവ് ലോകോത്തരമായ രീതിയില്‍ രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്കും രാജ്യത്ത് മികച്ച രീതിയില്‍ നടപ്പാക്കാനുള്ള വിവിധ നിര്‍ദേശങ്ങളുമടങ്ങിയതാണ്.
അടുത്ത വര്‍ഷത്തോടെ നടപ്പിലാക്കുന്ന മൂല്യവര്‍ധിത നികുതി ദേശീയ മൊത്ത ആഭ്യന്തര വരുമാനത്തിന് മികച്ച നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇയെ ലോകത്തെ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ മികവുറ്റ സമ്പദ്ഘടനയുള്ള രാജ്യമായി മാറ്റിയെടുക്കുന്നതിനും വഴിയൊരുക്കുന്നതാണ് പുതിയ നികുതി ഘടനകളെന്ന് യു എ ഇ ധനകാര്യ മന്ത്രിയും ഫെഡറല്‍ ടാക്‌സ് അതോറിറ്റി ചെയര്‍മാനും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.