നാട്ടിലേക്ക് പോവാനായി എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം കുഴഞ്ഞ് വീണ മലയാളി മരണപ്പെട്ടു

Posted on: October 24, 2017 6:59 pm | Last updated: October 24, 2017 at 6:59 pm

അബുദാബി: നാട്ടിലേക്ക് പോവാനായി എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം കുഴഞ്ഞ് വീണ മലയാളി മരണപ്പെട്ടു. മലപ്പുറം വളാഞ്ചേരിയിലെ മൂര്‍ക്കനാട് സ്വദേശി കുഞ്ഞി മുഹമ്മദ് (46) ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച (ഒക്ടോബര്‍ 19 ന്)ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുഞ്ഞിമുഹമ്മദ് അബുദാബി എയര്‍പോര്‍ട്ടില്‍ എത്തിയത്. ലഗേജ് തൂക്കി വരുന്നതിനിടെ അസ്വസത അനുഭവപ്പെട്ട മുഹമ്മദ് അവിടെ തന്നെ കുഴഞ്ഞ് വീണു. ഉടനെ എയര്‍പോര്‍ട്ട് മെഡിക്കല്‍ സംഘവും പോലീസുമെത്തി മഫ്‌റഖ് ആശുപത്രിയിലെത്തിച്ച് ചികിത്സക്ക് വിധേയനാക്കി. ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

എട്ട് മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ മുഹമ്മദ് സൊയ്ഹാനില്‍ ഒരു അറബി വീട്ടില്‍ പാചക ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു.. നേരത്തെ 18 വര്‍ഷക്കാലം അബുദാബി മുഷ്രിഫില്‍ ഒരു കഫ്‌റ്റേരിയയില്‍ ആയിരുന്നു.
പൊട്ടച്ചോല മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ റൈഹാനത്ത്. തഫ്‌സീറ, വിദ്യാര്‍ത്ഥികളായ സാദത്ത്, സിനാന്‍ എന്നിവര്‍ മക്കളാണ്. ഫൈസല്‍ മരുമകന്‍. റഷീദ്, ശരീഫ് ,അഷറഫ്, സുഹറ, ഇമ്മൂട്ടി എന്നിവര്‍ സഹോദരങ്ങളാണ്.

അബുദാബി ശൈഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയിലുള്ള മയ്യത്ത്
നാട്ടിലേക്ക് കൊണ്ട് പോവാനായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ , കെ എം സി സി പ്രവര്‍ത്തകര്‍ മുഖേന നടപടി ക്രമങ്ങള്‍ നടന്ന് വരുന്നു. ഇന്ന് മഹ്രിബിന് ശേഷം മയ്യത്ത് നിസ്‌ക്കാരം നടക്കും. തുടര്‍ന്ന് 12. 20നുള്ള വിമാനത്തില്‍ നാട്ടിലേക്കയച്ച് നാളെ രാവിലെ മൂര്‍ക്കനാട് പഴയ പള്ളിയില്‍ മയ്യത്ത് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ സഹോദരന്‍ സെയ്യദ് മയ്യത്തിനെ അനുഗമിക്കും. ആഹ്ലാദത്തോടെ നാട്ടിലേക്കുള്ള യാത്രക്കിടെ ഉണ്ടായ മരണം എല്ലാവരിലും വേദന പടര്‍ത്തി.