ഐ വി ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും

Posted on: October 24, 2017 2:43 pm | Last updated: October 24, 2017 at 2:43 pm

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം ചെന്നൈയില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു എത്തിയ ശേഷമായിരിക്കും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക. നാളെ ഉച്ചയ്ക്കു ശേഷം മകള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മകളുടെ അടുത്തേക്ക് ഭാര്യ സീമയ്ക്കും മകനുമൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കേയാണ് മരണം ഐ.വി ശശിയെ കവര്‍ന്നെടുത്തത്. യാത്രയ്ക്കുള്ള ടിക്കറ്റും വീല്‍ചെയര്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ന്യൂസിലാന്‍ഡില്‍ ആയിരുന്ന മകന്‍ ഇന്നലെ രാത്രിയാണ് ചെന്നൈയിലെ വീട്ടില്‍ എത്തിയത്. ഇന്നു രാവിലെ അപ്രതീക്ഷിതമായാണ് മരണം കടന്നുവന്നത്. രോഗം മൂര്‍ഛിച്ച ഐ.വി ശശിയെ മകനും ഭാര്യയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.