കെ പി സി സി: സംസ്ഥാന ഘടകം പുതിയ പട്ടിക നല്‍കി

Posted on: October 24, 2017 12:18 am | Last updated: October 24, 2017 at 12:18 am

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് അന്ത്യശാസനത്തെ തുടര്‍ന്ന് കെ പി സി സി ഭാരവാഹി പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തി പുതുക്കി നല്‍കി. വനിതകള്‍ക്കും യുവാക്കള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാണ് പട്ടിക പുതുക്കിയത്. 282 പേരുടെ പട്ടികയില്‍ വനിതകള്‍ക്ക് 10 ശതമാനം പ്രാതിനിധ്യം വേണമെന്ന് നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇത് പരമാവധി ഉള്‍ക്കൊണ്ട നിര്‍ദേശമാണ് പുതുക്കി നല്‍കിയതെന്നാണ് സൂചന.

പ്രാതിനിധ്യമില്ലാതിരുന്ന ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള വനിതകളെയാണ് കൂടുതലായി ഉള്‍പ്പെടുത്തിയത്. യുവാക്കള്‍ക്കും ദളിതുകള്‍ക്കും സമാന രീതിയില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം പട്ടികക്ക് എ ഐ സി സി അംഗീകാരം നല്‍കുമെന്നാണ് സൂചന. നേരത്തെയുള്ള പട്ടികയില്‍ നിന്ന് ഇരുപതോളം പേര്‍ പുറത്താകും. രാജ്‌മോഹന്‍ ഉണ്ണിത്താനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ നിന്ന് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്വന്തം ബ്ലോക്കായ കൊല്ലത്തെ വടക്കേവിളയില്‍ നിന്നല്ലെങ്കില്‍ സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ഉണ്ണിത്താന്‍. എന്നാല്‍, ഉണ്ണിത്താന് കൊല്ലം ജില്ലയില്‍ അംഗത്വം ഇല്ലെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ മറുവാദം.
എം പിമാര്‍ നിര്‍ദേശിച്ച പേരുകള്‍ അതേപടി ഉള്‍പ്പെടുത്താന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. പുതുക്കിയ പട്ടികയിലും ഗ്രൂപ്പ് വീതംവെപ്പാണ് നടന്നതെങ്കില്‍ നിലവിലെ തര്‍ക്കത്തിന് പരിഹാരമാകില്ല. പട്ടിക മാറ്റിയില്ലെങ്കില്‍ കേരളത്തെ ഒഴിവാക്കി എ ഐ സി സി തിരഞ്ഞെടുപ്പ് നടത്തുമെന്ന് കെ പി സി സിക്ക് കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് താക്കീത് നല്‍കിയിരുന്നു.