Connect with us

Gulf

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: ഇന്ത്യയില്‍നിന്ന് നിരവധി പ്രമുഖര്‍

Published

|

Last Updated

ഷാര്‍ജ ബുക് അതോറിറ്റി വിദേശ വിഭാഗം എക്‌സിക്യൂട്ടീവ് മോഹന്‍കുമാര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: നവംബര്‍ 1 മുതല്‍ 11 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യയില്‍നിന്നുള്ള പ്രമുഖരായ സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വികാസ് സ്വരൂപ്, ആശാ പരേഖ്, ഖാലിദ് മുഹമ്മദ്, രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, ഡറക് ഒ ബ്രയാന്‍, കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍, ജയറാം രമേശ്, എം ടി വാസുദേവന്‍നായര്‍, സിനിമാതാരം മാധവന്‍, രാകേഷ് ഓംപ്രകാശ് മെഹ്റ, മനു ജോസഫ്, പീറ്റര്‍ ലെരന്‍ഗിസ്, അശോക് സൂട്ട, തയരി ജോസ്, ക്രിക്കറ്റ് താരം വസിം അക്രം, ദേവ്ദത്ത് പട്നായക്, പ്രീതി ഷെണോയി, അനുജ ചൗഹാന്‍, സാറാ ജോസഫ്, സി രാധാകൃഷ്്ണന്‍, ജോര്‍ജ് ഓണക്കൂര്‍, എം എ ബേബി, ഹേമമാലിനി, ഇന്നസെന്റ്, ആശിക് അബു, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷ്മി, കവി ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ പനച്ചൂരാന്‍, തമിഴ്നാട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പുസ്തകമേളയില്‍ എ ത്തും.

2017 നവംബര്‍ രണ്ട് രാവിലെ 9-30 മുതല്‍ 11-30 വരെ ബാള്‍ റൂമില്‍ “സ്ലം ഡോഗ് മില്യനയര്‍”, “എ അന്റ് ക്യൂ” എന്നീ പുസ്തകങ്ങളിലൂടെ പ്രശസ്തനായ വികാസ് സ്വരൂപ് വിദ്യാര്‍ഥികളുമായി സംവദിക്കും.
നവംബര്‍ രണ്ടു വൈകുന്നേരം 8.30 മുതല്‍ 9.30 വരെ ഇന്റലക്ച്വല്‍ ഹാളില്‍ നടക്കുന്ന “മീറ്റ് ദ ഓതര്‍” പരിപാടിയില്‍ എം കെ മുനീറും ഗോപിനാഥ് മുതുകാടും സംസാരിക്കും.

നവംബര്‍ മൂന്നിന് 5.30 മുതല്‍ 6.45 വരെ ഇന്റലക്ച്വല്‍ ഹാളില്‍ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തന്റെ പുതിയ പുസ്തകത്തെക്കുറിച്ചും സിനിമയിലെ പുതിയ സ്ത്രീശബ്ദങ്ങളെക്കുറിച്ചും സംസാരിക്കും. 8.30 മുതല്‍ 9.30 വരെ ലിറ്ററേച്ചര്‍ ഫോറത്തില്‍ ആധുനിക തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് രാധാകൃഷ്ണന്‍ തന്റെ പുതിയ പുസ്തകം “തുണൈ എഴുത്തി”നെക്കുറിച്ച് സംസാരിക്കും. ഇന്റലക്ച്വല്‍ ഹാളില്‍ 8.30 മുതല്‍ 10 മണിവരെ പ്രശസ്ത നടി ആശാ പരേഖിനെക്കുറിച്ചുള്ള “ദ ഹിറ്റ് ഗേള്‍” എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഖാലിദ് മുഹമ്മദ് വായനക്കാരുമായി സംവദിക്കും. ബാള്‍റൂമില്‍ രാത്രി 8.30 മുതല്‍ 10.30 വരെ “മലയാള സിനിമയിലെ പുതുകാലത്തിലെ വികാസ പരിണാമങ്ങള്‍” ചര്‍ചചെയ്യും. കമല്‍, ആശിക് അബു, റിമാകല്ലിങ്കല്‍, അനൂപ് മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാലിന് കുക്കറി കോര്‍ണറില്‍ രാത്രി 8.30 മുതല്‍ 9.30 വരെ പ്രശസ്ത പാചകവിദഗ്ധന്‍ ഷെഫ് ദാമു അവതരിപ്പിക്കുന്ന “കുക്കറി ഷോ”നടക്കും.

നവംബര്‍ നാലിന് ശനി ഇന്റലക്ച്വല്‍ ഹാളില്‍ വൈകുന്നേരം 3.30 മുതല്‍ 4.30 വരെ “മീറ്റ് ദ ഓതര്‍” പരിപാടിയില്‍ വി ജെ ജയിംസ് പങ്കെടുക്കും. 4.45 മുതല്‍ 5.45 വരെ ഇന്റലക്ച്വല്‍ ഹാളില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, സാഗരികഘോഷ് എന്നിവര്‍ പങ്കെടുക്കുന്ന സംവാദവും. ആറുമണി മുതല്‍ ഏഴരവരെ മലയാളസാഹിത്യത്തിന്റെ കുലപതി ജ്ഞാനപീഠജേതാവ് എം ടി വാസുദേവന്‍ നായര്‍ വായനക്കാരെ അഭിസംബോധനയും ചെയ്യും. 7.45 മുതല്‍ 8.45 വരെ ടെലിവിഷന്‍ അവതാരകനും ഗ്രന്ഥകാരനുമായ ഡെറക് ഒബ്രിയനുമായി മുഖാമുഖം പരിപാടി. രാത്രി എട്ടു മുതല്‍ 10 വരെ ബാള്‍റൂമില്‍ പ്രശസ്ത ഗാനരചയിതാവും കവിയുമായ ഗുല്‍സാര്‍ പങ്കെടുക്കുന്ന “തോഡാ സി സമീന്‍ തോഡ ആസ്മാന്‍” പരിപാടി നടക്കും.
അഞ്ച് ഞായറാഴ്ച ബാള്‍ റൂമില്‍ രാവിലെ 9.30 മുതല്‍ 11.30 വരെ വിദ്യാര്‍ഥികളുമായി സാമ്പത്തിക വിദഗ്ധനും ഗ്രന്ഥകാരനുമായ ജയറാം രമേശ് പുതിയ പുസ്തകമായ ഇന്ദിരാഗാന്ധിയുടെ ജീവചരിത്രത്തെക്കുറിച്ച് സംവദിക്കും.
രാത്രി എട്ടു മുതല്‍ ഒമ്പതു വരെ ബാള്‍റൂമില്‍ നടക്കുന്ന പുസ്തകസംവാദത്തിലും ജയറാം രമേശ് സംബന്ധിക്കുന്നുണ്ട്. ഒമ്പത് മുതല്‍ 10വരെ ബാള്‍റൂമില്‍ “രംഗ് ദെ ബസന്തി” എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണാനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയില്‍. സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്റ, നടന്‍ മാധവന്‍ എന്നിവര്‍ പങ്കെടുക്കും. ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി 8.30 മുതല്‍ 10 വരെ ടി വി അവതാരകനും നടനുമായ ടിനി ടോം നടത്തുന്ന മുഖാമുഖം നടക്കും.

ആറ് തിങ്കളാഴ്ച ഇന്റലക്ച്വല്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ പ്രശസ്ത ഇംഗ്ലിഷ്-ഇന്ത്യന്‍ നോവലിസ്റ്റ് മനു ജോസഫ് “എഴുത്തനുഭവങ്ങളും യാത്രകളും” എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളുമായി നടത്തുന്ന മുഖാമുഖം. 10.30 മുതല്‍ 12വരെ പ്രശസ്ത ഐ ടി വിദഗ്ധന്‍ അശോക് സൂ” വിദ്യാര്‍ഥികളുമായി സംവദിക്കും.

ഏഴ് ചൊവ്വാഴ്ച രാവിലെ 9.30മുതല്‍ 11.30 വരെ ബാള്‍റൂമില്‍ അമേരിക്കന്‍ എഴുത്തുകാരന്‍ പീറ്റര്‍ ലെരന്‍ഗിസ് വിദ്യാര്‍ഥികളുമായി നടത്തുന്ന സംവാദം. 8 മണിമുതല്‍ 10 വരെ ഇന്റലക്ച്വല്‍ ഹാളില്‍ ഹേമമാലിനി സംസാരിക്കും. ഇന്ത്യന്‍ സിനിമയിലും പൊതുരംഗത്തും നടി, നര്‍ത്തകി, രാഷ്ട്രീയനേതാവ് തുടങ്ങിയ നിലകളിലുണ്ടായിട്ടുള്ള അനുഭവങ്ങള്‍ പങ്കുവെക്കും.
എട്ടിന് ബുധനാഴ്ച ബാള്‍ റൂമില്‍ രാവിലെ 9.30 മുതല്‍ 11.30 വരെ വിദ്യാര്‍ഥികളുടെ സെഷനില്‍ പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി തയരി ജോസുമായി ചോദ്യോത്തരവേള. രാത്രി എട്ടു മുതല്‍ 10 മണിവരെ “ചിരിക്കു പിന്നില്‍” എന്ന പരിപാടിയില്‍ നടന്‍ ഇന്നസെന്റ് മനസ്സുതുറക്കും.
ഒമ്പത് വ്യാഴാഴ്ച ബാള്‍ റൂമില്‍ രാവിലെ 9.30 മുതല്‍ 11 വരെ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മാഹാഖാന്‍ ഫിലിപ്സ് വിദ്യാര്‍ഥികളുമായി മുഖാമുഖം നടത്തും. രാവിലെ 11 മുതല്‍ 12.30 വരെ ബാള്‍ റൂമില്‍ എഴുത്തുകാരായ പ്രീതി ഷെണോയിയും അനുജാ ചൗഹാനും പങ്കെടുക്കുന്ന മുഖാമുഖം നടക്കും. രാത്രി 8.30 മുതല്‍ 10 മണിവരെ “അടരും അക്ഷരവും മുമ്പേ പറക്കും പക്ഷികളും” പരിപാടിയില്‍ എം എ ബേബിയും എഴുത്തുകാരായ സി. രാധാകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍ എന്നിവരും പങ്കെടുക്കും. രാത്രി എട്ടു മുതല്‍ 10 വരെ ബാള്‍ റൂമില്‍ പ്രശസ്ത ക്രിക്കറ്റ് താരം വസിം അക്രവുമായി മുഖാമുഖം. ഒമ്പതിനു കുക്കറി കോര്‍ണറില്‍ രാത്രി 8.30 മുതല്‍ 9.30 വരെ പ്രശസ്ത പാചകവിദഗ്ധന്‍ രാജ് കലേഷ് അവതരിപ്പിക്കുന്ന “കുക്കറി ഷോയും അരങ്ങേറും”.
പത്തിന് വെള്ളിയാഴ്ച ഇന്റലക്ച്വല്‍ ഹാളില്‍ വൈകു. അഞ്ച് മുതല്‍ ആറുമണിവരെ പ്രശസ്ത എഴുത്തുകാരനും ഫോക്ലോറിസ്റ്റുമായ ദേവ്ദത്ത് പട്നായിക് നടത്തുന്ന പ്രഭാഷണം. ആറു മുതല്‍ ഏഴുവരെ “ആലാഹയുടെ പെമക്കളും അപരകാന്തിയും” പരിപാടിയില്‍ സാറാ ജോസഫും സംഗീത ശ്രീനിവാസും പെങ്കെടുക്കും. രാത്രി എട്ടു മുതല്‍ ഒമ്പതുവരെ പ്രീതി ഷെണോയിയും അനുജ ചൗഹാനും തങ്ങളുടെ എഴുത്തനുഭവങ്ങള്‍ പങ്കുവെക്കും. ബാള്‍ റൂമില്‍ രാത്രി ഏഴു മുതല്‍ 8.30 വരെ നടത്തുന്ന “കാവ്യസന്ധ്യ” യില്‍ പ്രശസ്ത കവികളും ഗാനരചയിതാക്കളുമായ ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ പനച്ചൂരാന്‍ എന്നിവര്‍ കവിതകളവതരിപ്പിക്കും.

8.30 മുതല്‍ 10.30 വരെ തമിഴക രാഷ്ട്രീയ നേതാവ് എം കെ സ്റ്റാലിന്‍ പ്രഭാഷണം നടത്തും.
11 ശനിയാഴ്ച ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി ഒമ്പത് മുതല്‍ 10 വരെ “സംഗീതസംഗമം” പ്രശസ്ത സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ പങ്കെടുക്കും.

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ പുസ്തകമേളയില്‍ നൂറില്‍പരം രാജ്യങ്ങളില്‍നിന്നായി 1500-ഓളം പ്രസാധകര്‍ പങ്കെടുക്കുമൊണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശ വിഭാഗം എക്‌സി. മോഹന്‍കുമാര്‍ അറിയിച്ചു. ഡി. സി രവി പങ്കെടുത്തു.

 

Latest