വരുന്നൂ, ഓണ്‍ലൈന്‍ കന്നുകാലി വിപണി

Posted on: October 23, 2017 12:50 am | Last updated: October 23, 2017 at 12:37 am

കണ്ണൂര്‍: കന്നുകാലികളുള്‍പ്പെടെയുള്ള മൃഗങ്ങളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഓണ്‍ലൈന്‍ ചന്തയൊരുങ്ങുന്നു. മൃഗസംരക്ഷണം ഉറപ്പുവരുത്തുന്നതിനും പാല്‍, മുട്ട, മാംസം എന്നിവയുടെ ഉത്പാദനം കൂട്ടുന്നതിനുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ മൃഗവിപണിക്ക് കളമൊരുങ്ങുന്നത്. കന്നുകാലികളെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണമാകുന്ന രീതിയില്‍ ഉരുക്കളുടെയടക്കം സംരക്ഷണത്തിനായി ആറ് മാസത്തിനകം ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ ആലോചന. പ്രതിരോധ കുത്തിവെപ്പ,് ഇന്‍ഷ്വറന്‍സ്, കാലിത്തീറ്റ വിതരണ പദ്ധതി, ദുരിതാശ്വാസ ദുരന്ത നിവാരണ ധനസഹായം തുടങ്ങിയവക്കെല്ലാമായുള്ള ‘ഇയര്‍ ടാഗ് കര്‍ഷക രജിസ്‌ട്രേഷന്‍’ വഴിയാണ് കന്നുകാലികളുടെ സമഗ്ര വിവരങ്ങളും ഓണ്‍ലൈനായി രേഖപ്പെടുത്തുക.

മൃഗാശുപത്രി വഴി ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കുകയും ഉരുക്കളുടെ ചികിത്സ, പ്രതിരോധ കുത്തിവെപ്പ് എന്നിവ യാഥാസമയം ഉടമകളെ അറിയിക്കാന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്യും. മുഴുന്‍ കന്നുകാലി കര്‍ഷകരും ഇതുസംബന്ധിച്ച രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ രണ്ടാം ഘട്ടമെന്ന നിലയിലാണ് കാലികളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള സംവിധാനം ഓണ്‍ലൈനിലൂടെ ഒരുക്കുക. നല്ല ഉത്പാദനശേഷിയും നല്ല അളവില്‍ പാല്‍ ചുരത്തുന്നതുമായ കാലികളെ ഉള്‍പ്പെടെ വിപണിയിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള കര്‍ഷകര്‍ക്ക് വാങ്ങാനുള്ള സൗകര്യമുണ്ടാകും. ആവശ്യമായ സമയത്ത് മൃഗങ്ങളുടെ ചികിത്സയടക്കമുള്ള വിവരങ്ങള്‍ മൊബൈലിലൂടെ കര്‍ഷകന് സന്ദേശമായി നല്‍കാനും സംവിധാനമൊരുക്കുന്നുണ്ട്.

സംസ്ഥാനത്ത് എട്ട് ലക്ഷം കര്‍ഷകര്‍ ഇതിനകം ഇയര്‍ടാഗ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. പശു, കാള, പോത്ത്, എന്നിങ്ങനെ 14 ലക്ഷം മാടുകളാണ് സംസ്ഥാനത്തുള്ളത്. ആടുകളുടെ എണ്ണം പന്ത്രണ്ട് ലക്ഷമാണ്. ആട്, പന്നി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ വില്‍പ്പനക്കും ഓണ്‍ലൈന്‍ വിപണി വൈകാതെ സജ്ജമാകും. പ്രോട്ടീനിന്റെ വര്‍ധിച്ച ആവശ്യകത നിറവേറ്റാന്‍ ജന്തുജന്യ പ്രോട്ടീനിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് എളുപ്പ മാര്‍ഗമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.