ദത്തുപുത്രിയെ കാണാതായ സംഭവം: ഇന്ത്യന്‍ ദമ്പതികള്‍ കോടതിയില്‍

Posted on: October 23, 2017 7:28 am | Last updated: October 23, 2017 at 12:29 am

വാഷിംഗ്ടണ്‍: ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൂന്ന് വയസുകാരിയായ ദത്ത്് പുത്രിയുടെ ഇന്ത്യക്കാരായ അമേരിക്കന്‍ രക്ഷിതാക്കള്‍ തങ്ങളുടെ മറ്റൊരു മകളെ തിരികെ ലഭിക്കുന്നതിനായി ഇന്ന് കോടതിയെ സമീപിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ച മുമ്പ് ദത്തുപുത്രിയായ ഷെറിന്‍ മാത്യൂസിനെ വീട്ടില്‍നിന്നും കാണാതായതിനെത്തുടര്‍ന്നാണ് വെസ്‌ലി മാത്യൂസ്- സിനി മാത്യൂസ് ദമ്പതികളുടെ ചോരയില്‍പ്പിറന്ന നാല് വയസുള്ള മറ്റൊരു മകളെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ്( സി പി എസ്) ഇവരില്‍നിന്നും മാറ്റി താമസിപ്പിച്ചത്.

ദമ്പതികളുടെ മകളെ നിയമപ്രകാരമാണ് കസ്റ്റഡിയില്‍വെച്ചിരിക്കുന്നതെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ബന്ധം പുലര്‍ത്തുന്നതില്‍ വിലക്കിക്കൊണ്ടാണ് മാത്യൂസിന് ജാമ്യം നല്‍കിയിരിക്കുന്നതെന്നും ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച മാതാപിതാക്കളെ സി പി എസ് അറിയിച്ചു. പാല് കുടിക്കാത്തതിന് ശിക്ഷയായി ഷെറിനെ പുലര്‍ച്ചെ വീടിനു പുറത്തു നിര്‍ത്തി അല്‍പ്പ സമയത്തിന് ശേഷമായിരുന്നു കാണാതായതെന് മാത്യൂസ് പോലീസിന് മൊഴി നല്‍കിയിരുന്നു,. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

അതേസമയം പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ 15ന് മിനുട്ടിന് ശേഷം കാണാതായിട്ടും മാത്യൂസ് ഇക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത് രാവിലെ എട്ട് മണിക്കാണ്. എന്നാല്‍ കുട്ടിയെ പുറത്ത് നിര്‍ത്തിയ കാര്യം ഉറങ്ങിക്കിടക്കുകയായിരുന്ന മാത്യൂസിന്റെ ഭാര്യക്ക് അറിയാത്തതിനാല്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.