കെപിസിസി പട്ടിക അംഗീകരിക്കില്ല, സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരം: ഹൈക്കമാന്‍ഡ്

Posted on: October 22, 2017 2:02 pm | Last updated: October 22, 2017 at 7:45 pm

ന്യൂഡല്‍ഹി: പുനഃസംഘടനാ വിഷയത്തില്‍ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്നു ഹൈക്കമാന്‍ഡ്. സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണ്. കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും. നിലപാട് എം.എം.ഹസനെ അറിയിച്ചെന്നും തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംവരണ തത്വങ്ങള്‍ പാലിക്കാത്ത പട്ടിക അതേപടി അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാന്‍ഡ് നല്‍കിയിരുന്നു.

പാര്‍ട്ടി ഭരണഘടന 33% സംവരണം നിര്‍ദേശിക്കുന്നെങ്കിലും കെപിസിസി പട്ടികയില്‍ 5% മാത്രമാണു വനിതാ പ്രാതിനിധ്യം. പാര്‍ലമെന്റില്‍ 33% വനിതകള്‍ വേണമെന്നാണു പാര്‍ട്ടി നിലപാട്. പട്ടികയില്‍ പട്ടികജാതി, വര്‍ഗ, യുവജന പ്രാതിനിധ്യവും കുറവാണ്. എംപിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അതൃപ്തി പുറമേ. പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രശ്‌നപരിഹാരത്തിനു പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു