Connect with us

National

ഒറ്റ ശിപാര്‍ശ സാധ്യമല്ല; സിവില്‍ കോഡില്‍ കൈമലര്‍ത്തി നിയമ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് സംബന്ധിച്ച് സമഗ്രമോ എകശിലാത്മകമോ ആയ ശിപാര്‍ശ നല്‍കാനാകില്ലെന്ന് വ്യക്തമാക്കി നിയമ കമ്മീഷന്‍. വ്യക്തി നിയമങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളുണ്ടെന്നും ഇവയെല്ലാം ഒരുമിച്ച് പഠിക്കുകയെന്നത് സാധ്യമായ കാര്യമല്ലെന്നും നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് ചൗഹാന്‍ വ്യക്തമാക്കി.

വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, അവയുടെ പരിപാലനം, പിന്തുടര്‍ച്ചാവകാശം, രക്ഷാകര്‍തൃത്വം തുടങ്ങിയ ധാരാളം കാര്യങ്ങള്‍ വ്യക്തി നിയമങ്ങളിലുണ്ട്. ഇവയെല്ലാം ഒരുമിച്ചെടുക്കുക സാധ്യമായ കാര്യമല്ല. ഓരോ മതവിഭാഗത്തിലെയും വ്യക്തി നിയമങ്ങള്‍ പ്രത്യേകമായെടുത്ത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. വ്യക്തി നിയമങ്ങളില്‍ വ്യത്യസ്ത നിയമങ്ങളും ആചാരങ്ങളും നിര്‍ദേശിക്കുന്നത് എന്തിനാണെന്ന് പ്രധാന്യത്തോടെ പഠിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ചൗഹാന്‍ പറഞ്ഞു.
വ്യത്യസ്ത മത വിഭാഗങ്ങളിലെ വ്യക്തി നിയമവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പ്രത്യേകം പഠനം നടത്തുകയും പൊതുധാര കണ്ടെത്തുകയും ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട വിവാഹം, വിവാഹ മോചനം പോലുള്ള കാര്യങ്ങള്‍ പരസ്പര പഠനത്തിന് വിധേയമാക്കിയാല്‍ നല്ല ഫലം ലഭിക്കുമെന്നും ജസ്റ്റിസ് ചൗഹാന്‍ അഭിപ്രായപ്പെട്ടു.

ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഏക സിവില്‍ കോഡിന് വേണ്ടി കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി കമ്മീഷന്‍ ചോദ്യാവലി നല്‍കിയിരുന്നു. ഇതിനെതിരെ മുസ്‌ലിം, സിഖ് അടക്കമുള്ള മത സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ചോദ്യാവലിക്ക് 45,000 മറുപടികള്‍ ലഭിച്ചെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയത്.

Latest