Connect with us

International

കാറ്റലോണിയന്‍ നേതാക്കളെ നീക്കം ചെയ്യുമെന്ന് സ്‌പെയിന്‍

Published

|

Last Updated

മാഡ്രിഡ്: സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ച കാറ്റലോണിയക്കെതിരെ കടുത്ത നടപടിയുമായി സ്പാനിഷ് സര്‍ക്കാര്‍. പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കുന്നതിന്റെ ഭാഗമായി കാറ്റലോണിയന്‍ നേതാക്കളെ നീക്കം ചെയ്യാന്‍ സ്പാനിഷ് സര്‍ക്കാര്‍ തീരുമാനിച്ചു. കാറ്റലന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്തെ കടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള തീരുമാനം ഉണ്ടായത്.

കാറ്റലന്‍ നേതാക്കളെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാറിന്റെ പദ്ധതി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സെനറ്റില്‍ വിഷയം അവതരിപ്പിച്ച് നിര്‍ണായക നീക്കത്തിന് അനുമതി നേടുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി മറിയാനോ റജോയ് വ്യക്തമാക്കി.
ഭരണഘടനയിലെ 155ാം വകുപ്പ് പ്രകാരം കാറ്റലോണിയന്‍ പ്രവിശ്യയെ സ്‌പെയിനുമായി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കാറ്റലോണിയന്‍ സര്‍ക്കാറിനെതിരെ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും അണിചേര്‍ന്നത് സ്വാതന്ത്ര്യ വാദികള്‍ക്ക് കനത്ത തിരിച്ചടിയായി. സെനറ്റില്‍ സര്‍ക്കാര്‍ നീക്കത്തിന് അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വ്യക്തമാക്കി.
സുപ്രീംകോടതിയുടെ വിലക്ക് മറികടന്ന് സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന നടത്തിയതാണ് കാറ്റലോണിയന്‍ ഭരണകൂടത്തിന് തിരിച്ചടിയായത്. ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ശ്രമം നടക്കുന്നതിനിടെയാണ് സ്പാനിഷ് സര്‍ക്കാര്‍ കടുത്ത നടപടിയുമായി രംഗത്തെത്തുന്നത്. സമാധാന ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തെ പൂര്‍ണമായും തള്ളിയാണ് സ്പാനിഷ് സര്‍ക്കാര്‍ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പോടെ കാറ്റലന്‍ നേതാക്കളെ അസ്ഥിരമാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അടുത്ത വെള്ളിയാഴ്ച കാറ്റലോണിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്ന നിര്‍ണായകമായ സെനറ്റ് സമ്മേളനം നടക്കും.
അതേസമയം, തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം നല്ല വഴിയല്ലെന്ന വാദവുമായി കാറ്റലന്‍ വൈസ് പ്രസിഡന്റ് ഒറിയോല്‍ ജുന്‍ഖുറെസ് രംഗത്തെത്തി. എന്നാല്‍, കാറ്റലന്‍ ഭരണകൂടവുമായി ചര്‍ച്ചക്കില്ലെന്നും കടുത്ത ഭരണഘടനാ ലംഘനമാണ് കാറ്റലന്‍ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും റജോയ് കുറ്റപ്പെടുത്തി. കാറ്റലോണിയയുടെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുമ്പോള്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറില്ലേയെന്ന ചോദ്യത്തില്‍ നിന്ന് തന്ത്രപരമായി പ്രധാനമന്ത്രി ഒഴിഞ്ഞുമാറി. കുറച്ച് നേതാക്കള്‍ മാത്രമാണ് സ്‌പെയിന്‍ ഭരണഘടനയെ അംഗീകരിക്കാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഏതെങ്കിലും പ്രവിശ്യാ സര്‍ക്കാര്‍ ഭരണഘടനയയോ അത് മുന്നോട്ടുവെക്കുന്ന നിയമങ്ങളെയോ അംഗീകരിക്കാതിരിക്കുകയോ സ്‌പെയിനിന്റെ പൊതുതാത്പര്യത്തെ ഹനിക്കുന്ന നീക്കള്‍ നടത്തുകയോ ചെയ്താല്‍ കേന്ദ്രത്തിന് ഇടപെടാനുള്ള അധികാരമുണ്ടെന്നാണ് 155ാം വകുപ്പില്‍ പറയുന്നതെന്ന് റജോയ് വ്യക്തമാക്കി.
ഹിതപരിശോധനയില്‍ 90 ശതമാനവും കാറ്റലന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്തെത്തിയിട്ടുണ്ടെന്നാണ് സ്വാതന്ത്ര്യ വാദികളുടെ വാദം. എന്നാല്‍ 43 ശതമാനം കാറ്റലോണിയന്‍ ജനത മാത്രമാണ് ഹിതപരിശോധനയില്‍ വോട്ട് ചെയ്തിട്ടുള്ളൂവെന്നാണ് സര്‍ക്കാറിന്റെ മറുവാദം. ഹിതപരിശോധന റദ്ദാക്കിയ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ വോട്ടെടുപ്പ് തടസ്സപ്പെടുത്താന്‍ സ്പാനിഷ് ഭരണകൂടം ഉത്തരവിട്ടിരുന്നു.

---- facebook comment plugin here -----

Latest