Connect with us

Kerala

ഇടത് മുന്നണിയുടെ ജനജാഗ്രതായാത്രക്ക് ഇന്ന് തുടക്കം

Published

|

Last Updated

തിരുവനന്തപുരം: നിരന്തരമായി ഉയര്‍ന്നുവരുന്ന വര്‍ഗ്ഗീയതക്കും കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും എതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതാ യാത്ര ഇന്ന് തുടങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാസര്‍കോടു നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്നുമാണ് യാത്ര.

ജനരക്ഷാ യാത്ര നടത്തിയ ബിജെപിക്ക് ശക്തമായ മറുപടി . വര്‍ഗ്ഗീയതയ്ക്കും കേന്ദ്രസര്‍ക്കാറിന്റെ ജന ദ്രോഹ നയങ്ങളും എതിരെ മാത്രമല്ല അമിത്ഷാ അടക്കം ബിജെപി നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഉന്നയിച്ച വികസനമില്ലാ വാദങ്ങള്‍ക്കെതിരെയും ശക്തമായ ആശയ പ്രചരണമാണ് ജാഥയുടെ ലക്ഷ്യമെന്നാണ് ഇടത് മുന്നണിയുടെ അവകാശ വാദം. അക്രമമല്ല പകരം പ്രകോനങ്ങള്‍ക്കെതിരെ ജനകീയ ചെറുത്ത് നില്‍പ്പാണ് ഉദ്ദേശിക്കുന്നതെന്നും മുന്നണി നേതൃത്വം വിശദീകരിക്കുന്നു.

വൈകീട്ട് നാല് മണിക്കാണ് ജനജാഗ്രതാ മാര്‍ച്ചിന്റെ ഉദ്ഘാടനം. മഞ്ചേശ്വരത്തു നിന്ന് കോടിയേരി നയിക്കുന്ന യാത്ര ഡി.രാജയും തിരുവനന്തപുരത്ത് നിന്ന് കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയനും ഫ്‌ലാഗ് ഓഫ് ചെയ്യും. വികസന വിഷയത്തില്‍ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത്ഷായെ വിടാതെ പിന്തുടരുകയാണ്.
വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറെന്ന് അറിയിച്ചിട്ടും പ്രതികരിക്കാത്ത ബിജെപി നേതാക്കളും അമിത്ഷായും ഒളിച്ചോടുകയാണെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest