കുടുംബശ്രീ സ്‌കൂള്‍: സംസ്ഥാനമൊട്ടാകെ ഇന്ന് പ്രവേശനോത്സവം

Posted on: October 21, 2017 8:27 am | Last updated: October 20, 2017 at 11:29 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 43 ലക്ഷം അയല്‍ക്കൂട്ട വനിതകളുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടു തുടങ്ങുന്ന കുടുംബശ്രീ സ്‌കൂളിന്റെ (സമൂഹാധിഷ്ഠിത അയല്‍ക്കൂട്ട പഠന കളരി) സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് 11 മണിക്ക് വിളപ്പില്‍ പഞ്ചായത്തില്‍ പെന്‍പോള്‍ ഗ്രൗണ്ട് ഐക്യത അയല്‍ക്കൂട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ശാന്തി കുടുംബശ്രീ പ്രസിഡന്റ് ദീപ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും ഹരിത മിഷന്‍ ഉപാധ്യക്ഷയുമായ ഡോ.ടി.എന്‍.സീമ വിവിധ ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും പങ്കെടുക്കും.

അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ കുടുംബശ്രീ വനിതകളുടെ ബൗദ്ധിക നിലവാരവും ഇച്ഛാശക്തിയും ഉയര്‍ത്തുന്നതിനായി വിവിധ വിഷയങ്ങളില്‍ അറിവ് നല്‍കുക എന്നതാണ് കുടുംബശ്രീ സ്‌കൂള്‍ വഴി ലക്ഷ്യമിടുന്നത്.