ലോകപണ്ഡിത സമ്മേളനത്തിന് പ്രൗഢമായ സമാപ്തി

Posted on: October 20, 2017 11:46 pm | Last updated: October 20, 2017 at 11:46 pm

കൈറോ (ഈജിപ്ത്): ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ കൈറോയില്‍ നടന്ന ത്രിദിന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. ലോകത്തെ പ്രഗത്ഭരായ മുസ്‌ലിം പണ്ഡിതരെ ഒരുമിപ്പിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു സമ്മേളനം. സാമൂഹിക ശാക്തീകരണത്തില്‍ ഫത്‌വകളുടെ പങ്ക് എന്ന ശീര്‍ഷകത്തില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രബന്ധമവതരിപ്പിച്ചിരുന്നു. മൂന്ന് അക്കാദമിക സമ്മേളനങ്ങളും നാല് ശില്‍പ്പശാലകളും പണ്ഡിത സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ശൈഖ് അഹമ്മദ് മുഹമ്മദ് ത്വയ്യിബിന്റെ നേതൃത്വത്തില്‍ നടന്ന സമാപന സെഷനില്‍ പണ്ഡിത സമ്മേളനത്തിന്റെ തുടര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ലോകത്തെ വൈജ്ഞാനികമായി സമ്പന്നമാക്കിയ ഫത്‌വകള്‍ക്ക് കാലാതിവര്‍ത്തിയായ പ്രസക്തിയുണ്ടെന്നും സൂക്ഷ്മശാലികളായ പണ്ഡിതരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഫത്‌വകള്‍ക്ക് ഇന്നും ലോകത്തെ സര്‍ഗാത്മകമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുണ്ടെന്നും സമ്മേളനം നിരീക്ഷിച്ചു.

സൈബര്‍ ഇടങ്ങളിലൂടെ സ്വന്തം ഇഷ്ടപ്രകാരം മതം പറയുന്നവരെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക, മാധ്യമങ്ങള്‍ ഫത്‌വകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അവസാനിപ്പിക്കുക, കുടുംബ മൂല്യങ്ങളുടെ ഭദ്രത സംരക്ഷിക്കാന്‍ ആവശ്യമായ ഇസ്‌ലാമിക വിധിവിലക്കുകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുക, ഫത്‌വകളെ ദുര്‍വ്യാഖാനം ചെയ്യുന്നവരെ കുറിച്ച് മുസ്‌ലിം ഭരണകൂടങ്ങളും അക്കാദമിക സ്ഥാപനങ്ങളൂം ജാഗ്രത പുലര്‍ത്തുക എന്നിവ സമ്മേളന തുടര്‍പദ്ധതിയായി പ്രഖ്യാപിച്ചു. ഫത്‌വകളുടെ യഥാര്‍ഥ വശം പൊതുസമൂഹത്തെ പരിചയപ്പെടുത്താന്‍ ഇംഗ്ലീഷില്‍ അക്കാദമിക സ്വഭാവമുള്ള മാഗസിന്‍ ആരംഭിക്കാനും ധാരണയായി. ലോകത്തെ 60 രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ പണ്ഡിത സമ്മേളനത്തില്‍ സംബന്ധിച്ചു.