ബിജെപി പ്രവര്‍ത്തകരുടെ കൊലപാതക കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നതിന് പിന്നില്‍ ഗൂഢനീക്കമെന്ന് കോടിയേരി

Posted on: October 20, 2017 8:32 pm | Last updated: October 21, 2017 at 10:27 am

തലശ്ശേരി: ആര്‍എസ്എസ്പ്രവര്‍ത്തകരുടെ കൊലപാതകക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ സ്വീകരിച്ച നിലപാടും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തിരുവനന്തപുരത്തെ പ്രസംഗവും തമ്മില്‍ ബന്ധമുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിബിഐ അഭിഭാഷകന്റെ അസാധാരണ നടപടി ഗൂഢപദ്ധതിയുടെ ഭാഗമാണ്. ഹര്‍ജി കോടതിയില്‍ വന്നാല്‍ സാധാരണ സിബിഐക്കു നോട്ടിസ് നല്‍കിയതിനു ശേഷമാണ് കേസ് ഏറ്റെടുക്കണോ എന്നു തീരുമാനിക്കേണ്ടത്. എന്നാല്‍ ഈ കേസില്‍ അസാധാരണമായ നടപടിയാണു ഹൈക്കോടതിയില്‍ നടന്നതെന്നും കോടിയേരി പറഞ്ഞു.

 

സിപിഎം പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി വേട്ടായാടാനുള്ള ശ്രമമാണു നടക്കുന്നത്. ആര്‍എസ്എസ് ഫാഷിസത്തെ നേരിടാന്‍ വിശാലമായ പൊതുവേദി ആവശ്യമാണെങ്കിലും അതിനെ രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിക്കാനാവില്ല. നയപരമായി യോജിപ്പില്ലാത്തവരുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിന്റെ അനുഭവം മുന്നിലുണ്ട്. കോണ്‍ഗ്രസിനെയും ആര്‍എസ്എസിനെയും എതിര്‍ത്തുകൊണ്ടു സിപിഎം മുന്നോട്ടുവയ്ക്കുന്ന നയമാണു ഭാവിയില്‍ രാജ്യത്തെ സ്വാധീനിക്കുക. ഇത് അറിയുന്നതിനാലാണു സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.