ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ സമ്മര്‍ദമില്ലെന്ന് റൂറല്‍ എസ്പി

Posted on: October 20, 2017 3:41 pm | Last updated: October 20, 2017 at 8:02 pm

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. കൂടുതല്‍ പേരുടെ മൊഴി എടുക്കുമോ എന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. എന്നാല്‍ കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമാണ് ഗൂഢാലോചന എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ രണ്ടാം പ്രതിയാകും. നിലവില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് 11ാം പ്രതിയുമാണ്.