Connect with us

National

സിദ്ധരാമയ്യയെ നേരിടാനൊരുങ്ങി ജി ടി ദേവഗൗഡ

Published

|

Last Updated

ബെംഗളൂരു: അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായി മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലം മാറും. ഇവിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിടാനൊരുങ്ങുകയാണ് ജനതാദള്‍- എസ് നേതാവും എം എല്‍ എയുമായ ജി ടി ദേവഗൗഡ. സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ സ്വന്തം തട്ടകത്തിലാണ് ദേവഗൗഡ നേരിടുന്നതെന്ന പ്രത്യേകതയുമുണ്ട്.
തിരഞ്ഞെടുപ്പ് വിജയത്തിനായി താന്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് ചാടുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ ദേവഗൗഡ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു.

ആത്മാര്‍ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിച്ച് സിദ്ധരാമയ്യയെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കുമെന്ന സൂചനകള്‍ നല്‍കുന്ന സിദ്ധരാമയ്യയെ ദേവഗൗഡ വിമര്‍ശിച്ചു. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ സംഭാവനയെന്താണെന്ന് ചോദിച്ച ദേവഗൗഡ, കുറുംബ സമുദായത്തിലെ യുവനേതാക്കളെ സ്വന്തം വളര്‍ച്ചക്ക് വേണ്ടി സിദ്ധരാമയ്യ അടിച്ചമര്‍ത്തുന്നതായും ആരോപിച്ചു. ചാമുണ്ഡേശ്വരിയില്‍ നിന്ന് മുമ്പ് മത്സരിച്ചപ്പോള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചവരെയും അദ്ദേഹം അവഗണിച്ചു. അവരില്‍ ആര്‍ക്കും സ്ഥാനമാനങ്ങള്‍ നല്‍കാനോ അവരുമായി സംസാരിക്കാനോ സിദ്ധരാമയ്യ തയ്യാറായിട്ടില്ല. കൂടാതെ സ്വന്തം സമുദായമായ കുറുംബ വിഭാഗക്കാര്‍ക്ക് പോലും അദ്ദേഹം വേണ്ട സഹായങ്ങള്‍ ചെയ്തിട്ടില്ലെന്നും ദേവഗൗഡ ആരോപിച്ചു. അതിനാല്‍ തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്ക് പരാജയം ഉറപ്പാണെന്നും ദേവഗൗഡ പറഞ്ഞു.
സിറ്റിംഗ് മണ്ഡലമായ വരുണ മണ്ഡലം വിട്ട് ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കുമെന്ന ഉറച്ച സൂചനകള്‍ സിദ്ധരാമയ്യ അടുത്തിടെയായി നല്‍കിയിരുന്നു. ഇതോടെയാണ് ചാമുണ്ഡേശ്വരിയിലെ സിറ്റിംഗ് എം എല്‍ എയായ ദേവഗൗഡ കോണ്‍ഗ്രസ് ക്യാമ്പില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ സജീവമായത്.

എന്നാല്‍ അത്തരം സാധ്യതകളെ ദേവഗൗഡ ശക്തമായി നിഷേധിച്ചതോടെ ചാമുണ്ഡേശ്വരി മണ്ഡലം അടുത്ത തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടത്തിന് വേദിയായി മാറുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

 

 

Latest