Connect with us

Articles

വിനയം തരുന്ന വിജയം

Published

|

Last Updated

വിനയവും അഹങ്കാരവും രണ്ട് വിരുദ്ധ സ്വഭാവങ്ങളാണ്. ഇരുളും വെളിച്ചവും പോലെ. ഒരേ സമയത്ത് ഒരാളുടെ ഹൃദയത്തില്‍ ഇവ രണ്ടും ഒരുമിച്ചുകൂടില്ല. സത്യത്തെ അവമതിച്ച് താന്‍പോരിമ പ്രകടപ്പിക്കലാണ് അഹങ്കാരമെങ്കില്‍, സത്യം തന്നോടൊപ്പമാണെന്നുറപ്പുണ്ടായിട്ടും മറ്റൊരാളോടും തട്ടിക്കയറാതെ പെരുമാറുന്നതാണ് വിനയം.
അഹങ്കാരം മനുഷ്യനെ സര്‍വനാശത്തില്‍ കൊണ്ടെത്തിക്കുമ്പോള്‍ വിനയം വിജയതീരത്തേക്കാനയിക്കുന്നു. അഹങ്കാരികള്‍ക്ക് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. താന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പുണ്ട് എന്ന വാദത്തില്‍ നിന്നും ഒരിഞ്ച് അയാള്‍ താഴോട്ട് വരില്ല. ബിസിനസ് രംഗത്തും രാഷ്ട്രീയ മത സംഘടനകളിലുമെല്ലാം ഇത്തരക്കാരായിരിക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക. പഠിച്ച പണി മുഴുവന്‍ പയറ്റിയാലും അഹങ്കാരികള്‍ ഉള്‍പ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.

വിനീതന് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയും. അതുകൊണ്ട് അവനുമായി ബന്ധപ്പെട്ട ഏത് തര്‍ക്കങ്ങളും വളരെ പെട്ടെന്ന് പരിഹരിക്കാനും സാധിക്കും. സ്വന്തം അനുജനുമായി പിണങ്ങിയ ഒരാള്‍ അഹങ്കാരിയാണെങ്കില്‍, താനാണ് തെറ്റുകാരനെങ്കിലും അവനോട് ഇണങ്ങുന്നതിന് മുന്‍കൈയെടുക്കാന്‍ അവന്റെ അഹങ്കാരം അനുവദിക്കില്ല. ഞാനല്ലേ ജ്യേഷ്ഠന്‍ അവന്‍ ഇങ്ങോട്ട് വന്ന് നന്നാകട്ടെ, എന്നായിരിക്കും അവന്റെ ചിന്ത. വിനയമുള്ള ഒരാള്‍ക്ക് തന്റെ മകനോടോ അനുജനോടോ തന്റെ കീഴുദ്യോഗസ്ഥന്‍, തൊഴിലാളി തുടങ്ങി ആരോടു വേണമെങ്കിലും അങ്ങോട്ട് ചെന്ന് പിണക്കം തീര്‍ക്കാന്‍ സാധിക്കും. അതുകൊണ്ടാണ് വിനയം മനുഷ്യനെ വിജയത്തിലെത്തിക്കുമെന്ന് പറയുന്നത്.
നബി(സ) പറഞ്ഞു: ഹൃദയത്തില്‍ ഒരു അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു: നബിയേ, വസ്ത്രവും ചെരിപ്പുമെല്ലാം നല്ല നിലവാരമുള്ളതാവാന്‍ ആഗ്രഹിക്കുന്നത് അഹങ്കാരമാണോ? നബി(സ) പറഞ്ഞു: അല്ല. അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗിയെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍, സത്യത്തെ അവമതിച്ച്, ജനങ്ങളുടെ മേല്‍ തട്ടിക്കയറുന്നതും അവരെ നിസ്സാരപ്പെടുത്തുന്നതുമാണ് അഹങ്കാരം. (മുസ്‌ലിം)

അഹങ്കാരി സ്വമനസ്സില്‍ എപ്പോഴും വലിയവനായിരിക്കും. അയാളുടെ വാക്കുകളില്‍ “ഞാന്‍” എന്ന പദത്തിന്റെ സാന്നിധ്യം ഇടക്കിടെയുണ്ടാകും. “എന്നെ അവന്‍ ശരിക്കറിയില്ല”, “അവന്‍ നമ്മെ പഠിപ്പിക്കേണ്ട”, “ഞാനാരാ മോന്‍….” തുടങ്ങിയവയൊക്കെ അഹങ്കാരത്തിന്റെ ലക്ഷണങ്ങളാണ്. മറ്റുള്ളവര്‍ക്ക് മുഖം കൊടുക്കാതിരിക്കുന്നതും പുഞ്ചിരിക്കാന്‍ തയ്യാറാകാത്തതും സംസാരിക്കാന്‍ തീരെ പിശുക്ക് കാണിക്കുന്നതുമൊക്കെ അഹങ്കാരത്തിന്റെ അടയാളങ്ങള്‍ തന്നെയാണ്. ഇത്തരം പെരുമാറ്റ ദൂഷ്യങ്ങള്‍ തന്നിലുണ്ടോ എന്ന് പരിശോധിച്ച് തിരുത്താന്‍ ശീലിച്ചാല്‍ പതിയെ മനസ്സും നന്നാക്കിയെടുക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍, അഹങ്കാരി ജനഹൃദയങ്ങളില്‍ എന്നും നിസ്സാരനായിയിരിക്കും.

മദീനയിലെ മിമ്പറില്‍ വെച്ച് ഉമര്‍(റ) ഒരിക്കല്‍ പ്രസംഗിച്ചു. ജനങ്ങളേ, നിങ്ങള്‍ വിനയാന്വിതരാകുക. കാരണം മുത്ത് റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:”അല്ലാഹുവിനെ മാനിച്ച് ആരെങ്കിലും വിനയം കാണിച്ചാല്‍ അല്ലാഹു അവനെ മഹത്വമുള്ളവനാക്കും. അഥവാ അവന്റെ ഹൃദയത്തില്‍ അവന്‍ വിനീതനും ജനഹൃദയങ്ങളില്‍ മഹോന്നതനുമായിരിക്കും. എന്നാല്‍, ആരെങ്കിലും അഹങ്കരിച്ചാല്‍ അല്ലാഹു അവനെ തരം താഴ്ത്തിക്കളയും. അവന്റെ ഹൃദയത്തില്‍ അവന്‍ മഹാനാണെന്നായിരിക്കും വിചാരം. ജനമനസ്സുകളില്‍ അവന്‍ പന്നിയെക്കാളും പട്ടിയെക്കാളും നികൃഷ്ടനുമായിരിക്കും. (മിശ്കാത്ത്)
വിനയത്തിനുമുണ്ട് കുറേ നല്ല അടയാളങ്ങള്‍. തന്നെ കാണാന്‍ വരുന്നവര്‍ക്ക് മുഖം കൊടുക്കാനും പുഞ്ചിരിച്ച് കൈ പിടിക്കാനും വിനീതഹൃദയന്‍ തയ്യാറാകും. തന്നെക്കാള്‍ പ്രായം കുറഞ്ഞവരോടും കീഴില്‍ ജോലി ചെയ്യുന്നവരോടും ബഹുമാനപുരസ്സരം സംബോധന ചെയ്യും. ഡോക്ടറാണെന്ന് കരുതി തന്നെക്കാള്‍ പ്രായമുള്ള രോഗികളോട് “നീ”, “താന്‍” തുടങ്ങിയ വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്യില്ല.
അങ്ങോട്ട് അഭിവാദ്യം ചെയ്ത് തുടങ്ങുന്നതും യാത്രാ വേളകളിലും മറ്റും സേവനം ചെയ്യാന്‍ മുന്നിടുന്നതുമൊക്കെ വിനയത്തിന്റെ ലക്ഷണങ്ങളാണ്. ഒരിക്കല്‍ മൂന്ന് പേരോടൊന്നിച്ച് യാത്ര ചെയ്യുകയായിരുന്നു നബി(സ). അവര്‍ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് ഇറങ്ങി. അപ്പോള്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ ആടിനെ അറുത്ത് തോല്‍ പൊളിക്കാം. മറ്റൊരാള്‍ പറഞ്ഞു: ഞാനിത് കഷ്ണിച്ചുതരാം. മൂന്നാമന്‍ പറഞ്ഞു: ഞാനിതു പാകം ചെയ്യാം. അപ്പോള്‍ നബി(സ) പറഞ്ഞു: ഞാനിതിനുള്ള വിറക് ശേഖരിക്കാം. സഹയാത്രികര്‍ നബിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നബി(സ) തങ്ങള്‍ തന്റെ സേവനം സമര്‍പ്പിക്കുക തന്നെ ചെയ്തു. വിനയമുള്ള മനസ്സുള്ളവര്‍ക്ക് മാത്രമേ ഇത്ര വലിയ നേതൃപദവിയിലിരിക്കുമ്പോഴും ഇങ്ങനെ പെരുമാറാന്‍ കഴിയൂ.
“അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവരോട് അങ്ങ് വിനീതനായി പെരുമാറി. അവിടുന്നെങ്ങാനും പരുത്ത സ്വഭാവക്കാരനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍, താങ്കളുടെ ചുറ്റുനിന്നും അവര്‍ വിരണ്ടോടുമായിരുന്നു” എന്ന ഖുര്‍ആന്‍ അധ്യാപനം നബി(സ)യുടെ പ്രബോധന ദൗത്യം വിജയിപ്പിച്ചതും അവിടുത്തെ വിനയമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 

---- facebook comment plugin here -----

Latest