തല്‍വാര്‍ ദമ്പതികളെ വെറുതെ വിട്ട വിധിക്കെതിരെ ഹേംരാജിന്റെ ബന്ധുക്കള്‍ സുപ്രീം കോടതിയിലേക്ക്

Posted on: October 19, 2017 12:13 pm | Last updated: October 19, 2017 at 12:13 pm

ലക്‌നോ: ആരുഷി, ഹേംരാജ് വധക്കേസില്‍ ആരുഷിയുടെ പിതാവ് രാജേഷ് തല്‍വാര്‍, മാതാവ് നൂപുര്‍ തല്‍വാര്‍ എന്നിവരെ വെറുതെ വിട്ട അലഹബാദ് ഹൈക്കോടതി വിധിറദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹേംരാജിന്റെ ബന്ധുക്കള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. തല്‍വാര്‍ ദമ്പതികളുടെ വീട്ടുജോലിക്കാരനായിരുന്നു ഹേംരാജ്. ആരുഷിയുടെ മൃതദേഹം കണ്ടെത്തിയതിന് രണ്ട് ദിവസത്തിന് ശേഷം തല്‍വാര്‍ ദമ്പതികളുടെ വീടിന്റെ ടെറസില്‍ നിന്നാണ് ഹേംരാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹേംരാജിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ജീവന്‍ എന്ന യുവാവാണ്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. ജീവന് തൊഴില്‍ നല്‍കിയിരിക്കുന്ന സമീര്‍ സിംഗ് എന്ന വ്യവസായിയാണ് ഹേംരാജിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുന്നത്.

സംശയത്തിന്റെ പേരില്‍ മാതാപിതാക്കളെ ശിക്ഷിക്കാനാകില്ലെന്നും തെളിവുകള്‍ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ജീവപര്യന്തം ശിക്ഷ കോടതി കഴിഞ്ഞദിവസം റദ്ദാക്കിയത്. കേസില്‍ 2013ല്‍ സി ബി ഐ പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2008 മെയിലാണ് 14കാരിയായ ആരുഷിയും വീട്ടുജോലിക്കാരന്‍ ഹേംരാജും നോയിഡയിലെ വീട്ടില്‍ കൊല്ലപ്പെടുന്നത്. ഹേംരാജ് കൊലപാതകം നടത്തിയ ശേഷം മുങ്ങിയെന്നായിരുന്നു തുടക്കത്തില്‍ പോലീസ് സംശയിച്ചത്. തൊട്ടടുത്ത ദിവസം ടെറസില്‍നിന്ന് ഹേംരാജിന്റെ മൃതദേഹം കണ്ടെത്തിയതോടെ സംശയം രാജേഷിലേക്കും നൂപുറിലേക്കും നീണ്ടു.

ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാര്‍- നൂപുര്‍ ദമ്പതികളുടെ ഏക മകളാണ് ആരുഷി. ആരുഷിയുടെയും ഹേംരാജിന്റെയും മൃതദേഹങ്ങളില്‍ സമാന രീതിയിലുള്ള പരുക്കുകളായിരുന്നു ഉണ്ടായിരുന്നത്. ഗോള്‍ഫ് കളിക്കുന്ന വടി കൊണ്ട് അടിച്ചും ശസ്ത്രക്രിയക്കുള്ള കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ചുമാണ് കൊലകള്‍ നടത്തിയതെന്ന് തെളിഞ്ഞതോടെയാണ് സംശയം രാജേഷിലേക്ക് നീണ്ടത്. മകളെയും വേലക്കാരനെയും അരുതാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് രാജേഷ് തല്‍വാര്‍ കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു പോലീസ് നിഗമനം. അന്വേഷണം മറ്റ് ജോലിക്കാരിലേക്കും നൂപുറിലേക്കും കൂടി തിരിഞ്ഞു.
രാജേഷ്- നൂപുര്‍ ദമ്പതികളുടെ സഹായികളാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു കേസ് ഏറ്റെടുത്ത സി ബി ഐയുടെ ആദ്യ നിഗമനം. തല്‍വാറിന്റെ ക്ലിനിക്കിലെ മൂന്ന് ജീവനക്കാരെ നുണപരിശോധനക്ക് ഉള്‍പ്പെടെ വിധേയരാക്കിയിട്ടും മതിയായ തെളിവ് ലഭിച്ചില്ല. സി ബി ഐയുടെ പുതിയ അന്വേഷണ സംഘം രാജേഷ് തല്‍വാറാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഉറപ്പിച്ചെങ്കിലും കുറ്റപത്രം തയ്യാറാക്കാന്‍ മതിയായ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2009ല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.  ഇത് നിരാകരിച്ച ഗാസിയാബാദ് കോടതി രാജേഷ് തല്‍വാറിനെയും നൂപുറിനെയും പ്രതികളാക്കി വിചാരണക്ക് ഉത്തരവിടുകയായിരുന്നു. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് പ്രതികള്‍ക്കെതിരെ സി ബി ഐ കേസ് വാദിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനാണ് സി ബി ഐ പ്രത്യേക കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കും അഞ്ച് വര്‍ഷം തടവും, തെറ്റായ പരാതി നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് രാജേഷിന് ഒരു വര്‍ഷം തടവും വിധിച്ചിരുന്നു.