സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തും

Posted on: October 18, 2017 9:12 pm | Last updated: October 18, 2017 at 9:12 pm

കണ്ണൂര്‍ : വിദ്യാഭ്യാസ ചട്ടത്തിനു വിരുദ്ധമായി സ്വകാര്യ ഫീസ് വാങ്ങി ട്യൂഷനെടുക്കുന്ന അധ്യാപകരെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ബാലാവകാശ കമ്മിഷന്‍ നിര്‍ദേശത്തെത്തുടര്‍ന്നാണു നടപടി. അധ്യാപകരുടെ സ്വകാര്യ ടൂഷനെക്കുറിച്ചു സംസ്ഥാന ബാലവാകശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ് ഇത്തരം അധ്യാപകരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരോട് ആവശ്യപ്പെട്ടത്.

സ്‌കൂള്‍ സമയത്തിനു മുന്‍പും ശേഷവും സ്വകാര്യ ടൂഷനെടുക്കുന്ന അധ്യാപകര്‍ സ്‌കൂളില്‍ കാര്യക്ഷമമായി ജോലി ചെയ്യുന്നില്ലെന്ന പരാതി ലഭിച്ചതോടെയാണു ബാലവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിശദീകരണം തേടിയത്. മികച്ച ശമ്പളം ലഭിക്കുന്ന അധ്യാപകര്‍ പണത്തിനായി സ്വകാര്യ ട്യൂഷന്‍ എടുക്കുമ്പോള്‍ വിദ്യാര്‍ഥികളോടുള്ള കടമ നിറവേറ്റാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ഫീസ് വാങ്ങി ട്യൂഷനെടുക്കുന്നത് കേരള വിദ്യാഭ്യാസ ചട്ടത്തിനെതിരാണ്. അതേസമയം സ്‌കൂളിലെ പ്രധാനാധ്യാപകന്റെ അനുവാദത്തോടെ ദിവസം രണ്ടുമണിക്കൂര്‍ പരാമവധി നാലു വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ട്യഷനെടുക്കാമെന്നു നിയമമുണ്ട്‌