International
ഉത്തര കൊറിയ വിഷയത്തില്‍ ട്രംപിനെതിരെ വീണ്ടും ഹിലാരി
സോള്‍: ഉത്തര കൊറിയന്‍ വിഷയത്തില്‍ ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്‍. അപകടകരവും ദീര്‍ഘവീക്ഷണവുമില്ലാത്ത ട്രംപിന്റെ ട്വിറ്റര്‍ അധിക്ഷേപങ്ങള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനാണ് ഗുണമാകുന്നതെന്ന് ഹിലറി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ അമേരിക്കയുടെ വിശ്വാസ്യതയെയും ബാധിക്കുന്നുണ്ട്.
യുഎസ് ഉത്തരകൊറിയ വാക്‌പോരാട്ടം ആണവയുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് ഹിലറിയുടെ പ്രതികരണം. കിമ്മിനെ “റോക്കറ്റ് മാന്‍” എന്നു വിളിച്ച് ട്രംപ് ആക്ഷേപിച്ചപ്പോള്‍ “പ്രായാധിക്യം കാരണം ബുദ്ധിമാന്ദ്യം സംഭവിച്ചവന്‍” എന്നായിരുന്നു കിമ്മിന്റെ മറുപടി.
ആറാമത്തെ ആണവ പരീക്ഷണവും യുഎസ് വരെ എത്താന്‍ തക്ക ശേഷിയുള്ള മിസൈലുകളുടെ വിക്ഷേപണവും ഇതിനോടകം ഉത്തരകൊറിയ നടത്തിക്കഴിഞ്ഞു. അമേരിക്കയുടെ വിശ്വാസ്യത സംബന്ധിച്ച് പല സഖ്യരാജ്യങ്ങളും ഉത്കണ്ഠാകുലരാണിന്ന്. സംഘര്‍ഘ സാധ്യതയ്ക്കുള്ള നീക്കങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഹിലറി പറഞ്ഞു.




