ആദ്യദിനം പരിധിലംഘിച്ചത് 1018 പേര്‍ ഒരാള്‍തന്നെ അഞ്ച് റഡാറുകളില്‍ കുടുങ്ങി

Posted on: October 18, 2017 4:59 pm | Last updated: October 18, 2017 at 4:43 pm

ദുബൈ: എമിറേറ്റ്‌സ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുകളില്‍ കഥയറിയാതെ വളയംപിടിച്ച നിരവധിപേര്‍ ക്യാമറക്കണ്ണുകളില്‍ കുടുങ്ങി. 120ല്‍ നിന്ന് 110 കിലോമീറ്ററായി വേഗപരിധി കുറച്ച രണ്ടു റോഡുകളില്‍ നിയമം പ്രാബല്യത്തില്‍വന്ന ആദ്യദിനമായ ഞായറാഴ്ച മാത്രം വേഗപരിധി ലംഘിച്ചതിന്റെ പേരില്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത് 1018 പേരെന്ന് ദുബൈ പോലീസ് ട്രാഫിക് വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഈ അറിയിച്ചു.

ആദ്യദിനം തന്നെ നിയമലംഘകരുടെ എണ്ണത്തില്‍ 70 ശതമാനത്തിന്റെ വര്‍ധനവ് സംഭവിച്ചതായാണ് അല്‍ മസ്‌റൂഇ വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നിരവധിപേരാണ് ട്രാഫിക് വിഭാഗത്തിന്റെ വിവിധ സേവനകേന്ദ്രങ്ങളെ സമീപിച്ചുകൊണ്ടിരിക്കുന്നത.് വേഗപരിധി ലംഘിച്ച് ക്യാമറയില്‍ കുടുങ്ങിയവരാണെല്ലാം. പുതിയ നിയന്ത്രണം നിലവില്‍ വന്നത് അറിയില്ലായിരുന്നെന്നും പിഴ ഒഴിവാക്കിത്തരണമെന്നുമായിരുന്നു എല്ലാവരുടെയും ആവശ്യം, അല്‍ മസ്‌റൂഇ പറഞ്ഞു.
ഒരേ ദിശയില്‍ തന്നെ അഞ്ച് ക്യാമറകളില്‍ കുടങ്ങിയ അറബ് വംശജനായ യുവാവ് ആദ്യദിനംതന്നെ വേഗപരിധി ലംഘിച്ച് റെക്കോര്‍ഡിട്ടെന്ന് അല്‍ മസ്‌റൂഇ വെളിപ്പെടുത്തി. രണ്ടു റോഡുകളിലുമായി ഒറ്റ ദിവസം പരിധി ലംഘിച്ചതില്‍ 1018 പേര്‍ പിഴചുമത്തപ്പെട്ടു. നിയന്ത്രണംവരുന്നതിനുമുമ്പുള്ള ദിവസത്തെ അപേക്ഷിച്ച് ഇത് 50-70 ശതമാനത്തിന്റെ വര്‍ധനവാണ്, കണക്കുകളുദ്ധരിച്ച് അല്‍ മസ്‌റൂഇ പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്. 679 പേര്‍ക്കാണ് ഇവിടെ ക്യാമറയടിച്ചത്. എമിറേറ്റ്‌സ് റോഡില്‍ 339പേരും ക്യാമറയില്‍ പതിഞ്ഞു. അബുദാബിയില്‍ ജോലിചെയ്യുന്ന അറബ് യുവാവിനാണ് ഒറ്റ യാത്രയില്‍ അഞ്ചു പ്രാവശ്യം ക്യാമറ പിടിച്ചത്. കഥയറിയാത്ത ഇയാള്‍ ട്രാഫിക് വിഭാഗത്തെ സമീപിച്ച്, നവമാധ്യമങ്ങളിലും റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡുകളിലും നല്‍കിയ ഇക്കാര്യത്തിലെ അറിയിപ്പുകള്‍ ശ്രദ്ധയില്‍പെട്ടില്ലെന്നും പിഴ ഒഴിവാക്കിത്തരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായും അല്‍ മസ്‌റൂഇ പറഞ്ഞു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ഒരാള്‍ക്കും നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കാരണമല്ലെന്ന് തീര്‍ത്തുപറഞ്ഞ അല്‍ മസ്‌റൂഇ, ട്രാഫിക് മേഖലയില്‍ മാറിവരുന്ന നിയമങ്ങളെക്കുറിച്ച് രാജ്യത്തെ ഡ്രൈവര്‍മാര്‍ ബോധവാന്‍മാരാകേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും ഉണര്‍ത്തി.