എക്‌സ്‌പോ 2020 സന്നദ്ധ സേവകര്‍ക്ക് അവസരം

Posted on: October 18, 2017 4:48 pm | Last updated: October 18, 2017 at 4:41 pm

ദുബൈ: എക്‌സ്‌പോ 2020ക്കായി സന്നദ്ധ സേവകരുടെ സേവനംതേടി അധികൃതര്‍. ആറു മാസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ 2.5 കോടി ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. മധ്യ പൗര്യസ്ത ദേശം, ആഫ്രിക്ക, തെക്കേ ഏഷ്യ എന്നിവിടങ്ങളില്‍ അരങ്ങേറിയതില്‍ ഏറ്റവും വലിയ പരിപാടികളാണ് എക്‌സ്‌പോയുടെ ഭാഗമായി ദുബൈയില്‍ നടക്കുക. എക്‌സ്‌പോ വേദിയിലെത്തുന്ന സന്ദര്‍ശകരില്‍ 70 ശതമാനത്തിലധികവും പുറം രാജ്യങ്ങളില്‍ നിന്നായിരിക്കും. എക്‌സ്‌പോ അതിഥികളെ വരവേല്‍ക്കുന്നതിന് പ്രധാന പങ്ക്‌വഹിക്കുന്നത് എക്‌സ്‌പോയുടെ മുഖമായി മാറുന്ന സന്നദ്ധ സേവകരാണ്. ആഗോള തലത്തില്‍ വിഖ്യാതമായ യു എ ഇയുടെ ആതിഥ്യമര്യാദയുടെ നേര്‍രൂപമായാണ് സന്നദ്ധ സേവകര്‍ പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.

ജുമൈറ ബീച്ച് റസിഡന്‍സില്‍ ഈ മാസം 20ന് നടക്കുന്ന പരിപാടിയില്‍ എക്‌സ്‌പോ സന്നദ്ധസേവന രജിസ്ട്രേഷനുള്ള പോര്‍ട്ടല്‍ പുറത്തിറക്കും. സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ നിയന്ത്രിക്കുക. വിവിധ രാജ്യക്കാര്‍ക്കും പ്രായമുള്ളവര്‍ക്കും സന്നദ്ധസേവനത്തിന് എക്‌സ്‌പോയുടെ ഭാഗമാകാം. എക്‌സ്‌പോ പരിപാടികളുടെ പദ്ധതി തയാറാക്കുമ്പോള്‍ സന്നദ്ധ സേവകരുടെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള അവസരവും അധികൃതര്‍ ഒരുക്കുന്നുണ്ട്.