Connect with us

Gulf

റോഹിംഗ്യകള്‍ക്ക് ശൈഖ് മുഹമ്മദിന്റെ സഹായം; യു എ ഇക്ക് രാജ്യാന്തര പ്രശംസ

Published

|

Last Updated

ദുബൈ: ദുരിതപര്‍വത്തിലായ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അടിയന്തര സഹായം ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. മൂന്ന് അധിക വിമാനങ്ങള്‍ ഏര്‍പെടുത്തി അടിസ്ഥാന വസ്തുക്കളും ഭക്ഷണ സാധങ്ങളും അഭയാര്‍ഥികള്‍ക്കെത്തിക്കാന്‍ അദ്ദേഹം നല്‍കിയ നിര്‍ദേശമാണ് വിവിധ കോണുകളില്‍ നിന്ന് പ്രശംസക്ക് കാരണമായത്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക വിമാനത്താവളത്തിലാണ് ഭക്ഷണവും വസ്ത്രങ്ങളും നിറച്ച വിമാനങ്ങള്‍ ഇറങ്ങുക. ഇതുവരെ ആറ് വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികള്‍ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ എത്തിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ട്, 11, 13, 15 ദിവസങ്ങളിലാണ് സാമഗ്രികള്‍ എത്തിച്ചത്. ഇതുവരെ ഏതാണ്ട് 84.79 ലക്ഷം ദിര്‍ഹം ചെലവഴിച്ച് 550 മെട്രിക് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ യു എ ഇ ബംഗ്ലാദേശില്‍ എത്തിച്ചിരുന്നു. ഇതിനുപുറമേയാണ് പുതിയ നടപടി. സ്വദേശമായ മ്യാന്‍മറില്‍ നടന്ന വ്യാപകമായ വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ടാണ് റോഹിന്‍ഗ്യകള്‍ സമീപ രാജ്യമായ ബംഗ്ലാദേശില്‍ അഭയംതേടിയത്.

ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് രാജ്യാന്തര സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് സഹായം വിതരണം ചെയ്യുന്നത്. യു എ ഇ സര്‍ക്കാരിനു കീഴിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റും അഭയാര്‍ഥി ക്യാംപുകളില്‍ സേവന നിരതമാണ്. ശൈഖ് മുഹമ്മദിന്റെ നിര്‍ദേശ പ്രകാരം ദുബൈ ആസ്ഥാനമായുള്ള യു എ ഇയുടെ “ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി”യാണ് സഹായം എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി 2003ലാണ് ഇത് സ്ഥാപിതമായത്.

ഭക്ഷണം, കുടുംബമായി താമസിക്കാന്‍ കഴിയുന്ന ടെന്റ്, വലിയ പ്ലാസ്റ്റിക് ഷീറ്റ്, കൊതുകുവല, കിടക്കാനുള്ള വിരിപ്പ്, പുതപ്പ്, സോളാര്‍ ഉപകരണങ്ങള്‍, വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങള്‍, മരുന്ന്, മറ്റ് മെഡിക്കല്‍ കിറ്റ് തുടങ്ങിയവയാണ് വിതരണംചെയ്യുന്നത്. ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്ന 230,000 റോഹിന്‍ഗ്യകളുടെ കയ്യിലേക്ക് ഇത് നേരിട്ടെത്തും. വളരെ മോശം അവസ്ഥയിലാണ് ഇപ്പോള്‍ ഇവര്‍ ജീവിക്കുന്നത്. മ്യാന്‍മറില്‍ ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് റോഹിന്‍ഗ്യകളെ ലക്ഷ്യമാക്കി ബുദ്ധ തീവ്രവാദികള്‍ പട്ടാളത്തിന്റെ സഹായത്തോടെ അക്രമം ആരംഭിച്ചത്. ഇതുവരെ ഏതാണ്ട് 520,000 റോഹിംഗ്യന്‍ മുസ്‌ലിംകള്‍ മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്.

 

 

Latest