ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി; പുറത്ത് വിടാത്ത വിവരങ്ങളുണ്ടെന്ന് പോലീസ്

Posted on: October 17, 2017 10:09 am | Last updated: October 17, 2017 at 6:46 pm

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയാറാക്കി.

 

നടി ഉപദ്രവിക്കപ്പെട്ട് എട്ടു മാസം തികയുന്ന ഇന്നു കുറ്റപത്രം സമര്‍പ്പിക്കാനാണു പൊലീസ് തീരുമാനിച്ചതെങ്കിലും മജിസ്‌ട്രേട്ട് അവധിയായതിനാല്‍ ദിവസം മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.