Connect with us

Kerala

കെ എസ് ആര്‍ ടി സി ഡ്യൂട്ടി പരിഷ്‌കാരം 24ന് തൊഴിലാളി യൂനിയനുമായി ചര്‍ച്ച

Published

|

Last Updated

കോഴിക്കോട്: കെ എസ് ആര്‍ ടി സിയിലെ ഡ്യൂട്ടി പരിഷ്‌കാരങ്ങള്‍ തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം മതിയെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഈമാസം 24ന് യോഗം വിളിച്ച് ചേര്‍ത്തു.
നിലവില്‍ രണ്ട് ഡ്യൂട്ടി ചെയ്തിരുന്ന സര്‍വീസുകള്‍ ഒന്നര ഡ്യൂട്ടിയായി വെട്ടികുറച്ചതും മെക്കാനിക്കല്‍ തൊഴിലാളികളുടെ തൊഴില്‍ സമയം രണ്ട് കലണ്ടര്‍ ദിവസത്തിലാക്കിയതും ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി വെല്‍ഫയര്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജിക്കാരെയും കെ എസ് ആര്‍ ടി സി തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന തൊഴിലാളി സംഘടനകളുടെയും ഒരു യോഗം വിളിച്ച് ഇതുമായി സംബന്ധിച്ച് പൊതുമായ തീരുമാനം രൂപവത്കരിക്കാന്‍ ശ്രമിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഇതെ തുടര്‍ന്നാണ് ഈമാസം 24ന് യോഗം ചേരുമെന്ന് കെ എസ് ആര്‍ ടി സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചത്. തൊഴിലാളി വിരുദ്ധമായ ഡ്യൂട്ടി പരിഷ്‌കാരങ്ങളാണ് കെ എസ് ആര്‍ ടി സി കൊണ്ടുവന്നതെന്ന് കെ എസ് ആര്‍ ടി സി വെല്‍ഫയര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു. നിലവില്‍ രണ്ട് ഡ്യൂട്ടി ചെയ്തിരുന്നത് ഒന്നര ഡ്യൂട്ടിയായി മാറ്റുന്നതിലൂടെ തൊഴിലാളികള്‍ അധികമായി എട്ട് ഡ്യൂട്ടി എടുക്കേണ്ടി വരുന്നു. ഇത് തൊഴില്‍ നിയമങ്ങള്‍ക്ക് എതിരാണ്. ഇതുപോലെ രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ സമയത്ത് മെക്കാനിക്കല്‍ തൊഴിലാളികളുടെ ഡ്യൂട്ടി നിശ്ചയിക്കുമ്പോള്‍ ഒരു ഡ്യൂട്ടി രണ്ട് കലണ്ടര്‍ ദിവസത്തിലാകുന്നു.

ഇതോടെ ദൂര സ്ഥലങ്ങളില്‍ വീടുള്ള തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ പോവാന്‍ പറ്റാതെ ബുദ്ധിമുട്ടും. ഈ പരിഷ്‌കാരങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് യൂനിയന്‍ ഹൈക്കോടതിയില്‍ കേസിന് പോയത്. എല്ലാ തൊഴിലാളി സംഘടനകളും ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണ്. 24ന് നടക്കുന്ന യോഗത്തില്‍ അനുകൂല നിലപാട് ലഭിച്ചില്ലെങ്കില്‍ അപ്പീലുമായി മുന്നോട്ട് പോകാനാണ് യൂനിയന്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest