Connect with us

Alappuzha

തോമസ് ചാണ്ടി നിലം നികത്തിയ സംഭവം: കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും

Published

|

Last Updated

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിലം നികത്തലുമായി ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിച്ചേക്കും. മന്ത്രി തോമസ്ചാണ്ടിയുടെ ഉടമസ്ഥതയില്‍ പുന്നമടയില്‍ പ്രവര്‍ത്തിക്കുന്ന ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെയും പുറം ബണ്ടിന്റെയും നിര്‍മാണം, റിസോര്‍ട്ടിലേക്ക് എം പി ഫണ്ട് ഉപയോഗിച്ചുള്ള വലിയകുളം, സീറോ ജെട്ടി റോഡ് നിര്‍മാണം, റിസോര്‍ട്ടിന് മുന്നിലെ കായല്‍ കൈയേറിയ നടപടി എന്നിവ സംബന്ധിച്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടാണ് ഇന്ന് കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിക്കുക. അനധികൃത കായല്‍ കൈയേറ്റം ഒഴിപ്പിക്കുക, നിയമം ലംഘിച്ചുള്ള നിലം നികത്തലിനെതിരെ നടപടി സ്വീകരിക്കുക, നികത്തിയ ഭാഗം പൂര്‍വസ്ഥിതിയിലാക്കുക തുടങ്ങിയ ശിപാര്‍ശകളും കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായേക്കുമെന്നറിയുന്നു.

കഴിഞ്ഞ മാസം നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ തന്നെ, മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ കുറിച്ച് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ടി വി അനുപമ രണ്ട് തവണ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ടൂറിസം കമ്പനി അധികാരികളെ കലക്ടറേറ്റില്‍ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ അഭിഭാഷകര്‍ മുഖേനയാണ് കമ്പനി കലക്ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നു വന്ന എല്ലാ ആരോപണങ്ങളും തെളിവെടുപ്പ് വേളയില്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ നേരിട്ടും റവന്യൂ വകുപ്പ് ജീവനക്കാരെ നിയോഗിച്ചും നടത്തിയ അന്വേഷണത്തില്‍ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
അതേസമയം, മാര്‍ത്താണ്ഡം കായലിലെ നിലം നികത്തലുമായി ബന്ധപ്പെട്ട ഏറെ ഗുരുതരമായ ആരോപണം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കില്ലെന്നറിയുന്നു. മാര്‍ത്താണ്ഡം കായലുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വൈകുന്നത്.
അതിനിടെ, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ലേക് പാലസിലേക്കുള്ള വിവാദ റോഡിനോടനുബന്ധിച്ചുള്ള ഭൂമി അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.തോമസ് ചാണ്ടിക്ക് അനധികൃത നിലം നികത്തല്‍, കായല്‍ കൈയേറ്റം, കെട്ടിട നിര്‍മാണം എന്നിവക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിരുന്നതായും കലക്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണറിയുന്നത്. അങ്ങനെ വന്നാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടായേക്കും .

ലേക് പാലസ് റിസോര്‍ട്ടിനുമുന്നില്‍ പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും നിര്‍മിച്ചത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണെന്നത് സ്ഥിരീകരിക്കപ്പെട്ടതോടെ പാര്‍ക്കിംഗ് സ്ഥലം പൊളിച്ചുമാറ്റി നെല്‍പാടം പൂര്‍വസ്ഥിതിയിലാക്കേണ്ടിവരുമെന്നുറപ്പാണ്. ലേക് പാലസ് റിസോര്‍ട്ടിനുമുന്നിലെ പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും ഉള്‍പ്പെടുന്ന നാല് ഏക്കര്‍ ഭൂമി, രേഖകളനുസരിച്ച് മന്ത്രി തോമസ് ചാണ്ടിയുടെ ബന്ധുവായ ലീലാമ്മ ഈശോയുടെ പേരിലാണ്. 2007ലാണ് ഭൂമി കൈമാറി ഇവരുടെ പേരിലായത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്ന ശേഷം നിലം നികത്തല്‍ നടന്നിട്ടുണ്ടെന്ന് പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കി നെല്‍പാടം പൂര്‍വ സ്ഥിതിയിലാക്കാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് ഉത്തരവിടാമെങ്കിലും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ജില്ലാ കലക്ടര്‍. കരുവേലി പാടശേഖരത്തിലെ വെള്ളം ഒഴുകിപ്പോകുന്ന നീര്‍ച്ചാലിന്റെ ഗതി മാറ്റിയിരുന്നതായും പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest