Connect with us

Gulf

നാലാമത് ആഗോള ഹരിത സമ്പദ്‌വ്യവസ്ഥാ ഉച്ചകോടി ഈ മാസം ദുബൈയില്‍

Published

|

Last Updated

ദുബൈ: നാലാമത് ആഗോള ഹരിത സമ്പദ്‌വ്യവസ്ഥാ ഉച്ചകോടി ഈ മാസം 24, 25 തീയതികളില്‍ ദുബൈയില്‍ നടക്കും. ഹരിത സമ്പദ്‌വ്യവസ്ഥക്ക് കറുത്ത് പകരുന്നതിന് സ്മാര്‍ട് നഗരങ്ങള്‍ വഹിക്കേണ്ട പങ്കിനെകുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാര്‍മികത്വത്തിലാണ് ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഉച്ചകോടി നടക്കുക. സമ്പദ്‌വ്യവസ്ഥക്ക് കരുത്ത് പകരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ഊര്‍ജോപയോഗം, പ്രകൃതിക്ക് കോട്ടംതട്ടാത്ത വിധത്തില്‍ മികച്ച ജീവിതാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ മേഖലയില്‍ പുതിയ ആശയങ്ങള്‍ പങ്കുവെക്കുന്നതാകും ഉച്ചകോടിയിലെ വിവിധ സെഷനുകള്‍. പാരിസ്ഥിതിക ഊര്‍ജ മേഖലയിലെ ആഗോള പ്രശസ്തര്‍ ഹരിത സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് ഉതകുന്ന വിവിധ രൂപരേഖകള്‍ അവതരിപ്പിക്കും.

നഗരങ്ങളാണ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാതല്‍. സ്മാര്‍ട് നഗരങ്ങളുടെ വികസനം ഹരിത മേഖലക്ക് അത്യന്താപേക്ഷിതമാണ്. സ്മാര്‍ട് നഗരങ്ങള്‍ ഹരിത മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനോടൊപ്പം പരമ്പരാഗത ഊര്‍ജോപയോഗത്തിന് കുറവ് വരുത്തുന്നതിന് മുഖ്യ പങ്ക് വഹിക്കുന്നു. ആധുനിക നഗര വികാസത്തിന് സ്മാര്‍ട് നഗരങ്ങള്‍ കൂടുതല്‍ കരുത്ത് പകരുന്നതിനൊപ്പം പുതു തലമുറയുടെ മികച്ച ജീവിതാന്തരീക്ഷത്തിന് സുസ്ഥിരമായ വികസനം ഉറപ്പുവരുത്തുകയും ചെയ്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയുംചെയ്യുമെന്ന് ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി വൈസ് ചെയര്‍മാനും ദിവ മാനേജിംഗ് ഡയറക്ടറും സി ഇ ഒയും ആഗോള ഹരിത സമ്പദ്‌വ്യവസ്ഥാ ഉച്ചകോടി ചെയര്‍മാനുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

ഹരിത സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരുന്നതിന് യു എ ഇ സ്മാര്‍ട് നഗര പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഒരുക്കുന്നതിനും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും യു എ ഇ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. നിലവിലുള്ള നഗരത്തിന്റെ സ്വഭാവത്തില്‍ നിന്ന് സ്മാര്‍ട് നഗരത്തിലേക്ക് മാറ്റിയെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത കുറഞ്ഞേ നടപ്പിലാകുകയുള്ളു. സ്മാര്‍ട് നഗരങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് വിവിധ സമൂഹങ്ങളെ വിവിധ മേഖലകളില്‍ സ്മാര്‍ട് സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ രാജ്യത്തിന്റെ സുസ്ഥിര പുരോഗതി നേടിയെടുക്കാന്‍ കഴിയുകയും ചെയ്യുമെന്ന് അദ്ദേഹം അടിവരയിട്ടു. ഈ വര്‍ഷത്തെ വെറ്റെക്സ്, ദുബൈ സോളാര്‍ ഷോ, ഹരിത വാര പരിപാടികള്‍ എന്നിവയോട് ചേര്‍ന്നാണ് നടക്കുന്നത്.

 

Latest