ഓണ്‍ലൈന്‍ കാര്‍വില്‍പന; തട്ടിപ്പുസംഘത്തെ പിടികൂടി

Posted on: October 15, 2017 8:01 pm | Last updated: October 15, 2017 at 8:01 pm

അബുദാബി: ഓണ്‍ലൈന്‍ വഴി വാഹനങ്ങളുടെ ആവശ്യക്കാരായി പരസ്യം നല്‍കി ഇടപാടുകാരെ കണ്ടെത്തി തട്ടിപ്പുനടത്തുന്ന സംഘത്തെ അബുദാബി പോലീസ് പിടികൂടി. ആറംഗസംഘമാണ് പോലീസിന്റെ പിടിയിലായത്. വില്‍പനക്കാരെ കണ്ടെത്തി വാഹനം കണ്ടു പരിശോധന നടത്തി വിലയില്‍ ധാരണയായ ശേഷം വാഹനത്തിന്റെ ഉടമസ്ഥാവകാശം തങ്ങളില്‍ ഒരാളുടെ പേരില്‍ മാറ്റിയെടുക്കുകയാണ് പതിവ്. ഉടമസ്ഥാവകാശം മാറ്റിയെടുക്കുന്നതിന് ഗ്യാരണ്ടിയായി നിശ്ചിയിച്ചുറപ്പിച്ച വിലക്ക് തതുല്യമായ ചെക്കും സംഘം നല്‍കിയിരുന്നു. ഇത്തരത്തില്‍ ഉടമസ്ഥാവകാശം കയ്യിലാക്കിയ വാഹനങ്ങള്‍ യൂസ്ഡ് കാര്‍ വിപണിയില്‍, വാങ്ങിയതിലും കുറഞ്ഞ വിലയില്‍ റൊക്കംപണത്തിന് വില്‍പന നടത്തുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് അബുദാബി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ റാശിദ് മുബാറക് അല്‍ മിസ്മാരി വ്യക്തമാക്കി.

ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട വ്യത്യസ്ത പരാതികള്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചതായും അല്‍മിസ്മാരി പറഞ്ഞു. 90,000 ദിര്‍ഹം വിലയുറപ്പിച്ച് സംഘത്തിന് കാര്‍ വില്‍പന നടത്തി വഞ്ചിക്കപ്പെട്ട ഒരാള്‍ അല്‍ റഹ്ബ പോലീസില്‍ പരാതിപ്പെടുകയുണ്ടായി. കാറിന്റെ വിലയായി നല്‍കിയ ചെക്ക് മാറ്റിയെടുക്കുന്നതിന് മുമ്പ് തന്നെ ഇതേകാര്‍ മറ്റൊരു എമിറേറ്റിലെ യൂസ്ഡ്കാര്‍ വിപണിയില്‍ 65,000 ദിര്‍ഹം റൊക്കം പണത്തിന് വില്‍പന നടത്തിയതായി ബോധ്യപ്പെട്ടുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിലയായി തനിക്കുനല്‍കിയ ചെക്കുമായി ബേങ്കിനെ സമീപിച്ചപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്ന് പറഞ്ഞ് മടക്കുകയും ചെയ്തതായും പരാതിക്കാരന്‍ അറിയിച്ചു. സമാനമായ രീതിയില്‍ വാഹന ഇടപാടുമായി ബന്ധപ്പെട്ട് കബളിപ്പിക്കപ്പെട്ട മറ്റുപലരും പലയിടങ്ങളില്‍ നല്‍കിയ പരാതി പഠിച്ചപ്പോള്‍ ഒരേ സംഘമാണ് തട്ടിപ്പിനുപിന്നിലെന്ന് പോലീസിന് ബോധ്യപ്പെടുകയായിരുന്നു. ഇതടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ നിശ്ചയിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

വാഹന ഇടപാടുകള്‍ നടത്തി രേഖകള്‍ കൈമാറുന്നതിന് മുമ്പ് മുഴുവന്‍ തുകയും കിട്ടിയെന്ന് ഉറപ്പുവരുത്തണമെന്ന് സംഭവത്തിന്റെ വെളിച്ചെത്തില്‍ പോലീസ് പൊതുജനങ്ങളെ ബോധവത്കരിച്ചു.