യുഡിഎഫ് ഹര്‍ത്താല്‍; ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് സര്‍ക്കാര്‍

Posted on: October 15, 2017 3:22 pm | Last updated: October 16, 2017 at 11:31 am

തിരുവനന്തപുരം സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയിട്ടുണ്ട

വാഹന ഗതാഗതം തടസപ്പെടുത്തുകയും നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ എടുക്കും. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. പൊലീസ് പട്രോളിങ് ശക്തമാക്കും. ഓഫിസുകള്‍ പൊതു സ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിനു പൊലീസ് സംരക്ഷണം ഉണ്ടാകും. അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണ്.

അതിനിടെ, ഹര്‍ത്താലിനെതിരെ ഉപവസിച്ച എം.എം.ഹസന്‍ കെപിസിസി പ്രസിഡന്റായിരിക്കെ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നതു ദയനീയമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വേങ്ങരയിലെ തിരഞ്ഞെടുപ്പു ഫലം എല്‍ഡിഎഫ് പ്രതീക്ഷിച്ചതു തന്നെയാണ്. എല്ലാ പഞ്ചായത്തിനും എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞുവെന്നും പ്രതികരിച്ചു