ഔഡ്രേ അസോലെ യുനെസ്‌കോ മേധാവി

Posted on: October 15, 2017 12:03 am | Last updated: October 15, 2017 at 12:03 am

യു എന്‍: യുനെസ്‌കോ മേധാവിയായി മുന്‍ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി ഔഡ്ര അസോലെയെ യുനെസ്‌കോ ഭരണ സമിതി തിരഞ്ഞെടുത്തു. യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്മാറ്റം പ്രഖ്യാപിച്ചത് ഏജന്‍സിയുടെ സാമ്പത്തിക സ്ഥിതിയെയും ഭാവി പരിപാടികളെയും കുറിച്ച് ആശങ്കകളുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

ബള്‍ഗേറിയയുടെ ഐറിന ബൊകോവ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിറകെയാണ് അസോലെ യുനെസ്‌കോയുടെ പുതിയ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബൊകോവ നേതൃസ്ഥാനത്തിരിക്കെ സംഘടന ഏറെ സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നു. ഇതിന് പിന്നാലെ ഫലസ്തീനെ യുനെസ്‌കോയില്‍ അംഗമാക്കിയത് വിമര്‍ശിച്ച് സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറ്റം പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്‌റാഈല്‍ വിരുദ്ധ സമീപനങ്ങളുടെ പേരില്‍ യുനെസ്‌കോയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇസ്‌റാഈലും കഴിഞ്ഞ ദിവസം യുനെസ്‌കോ വിട്ടിരുന്നു.