Connect with us

Ongoing News

താലിബാന്റെ ക്രൂരത വെളിപ്പെടുത്തി തടവുകാരന്‍

Published

|

Last Updated

ഒട്ടാവ: താലിബാന്‍ തീവ്രവാദികള്‍ തന്റെ മകളെ കൊല്ലുകയും ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി അവരുടെ തടവില്‍ നിന്ന് മോചിതനായ കനേഡിയന്‍ സ്വദേശിയുടെ വെളിപ്പെടുത്തല്‍. അഫ്ഗാനിലും പാക്കിസ്ഥാനിലുമായി പ്രവര്‍ത്തിക്കുന്ന താലിബാന്‍ പിന്തുണയുള്ള ഹഖാനി ശ്യംഖലയാണ് കനേഡിയന്‍ സ്വദേശി ജോഷ്വ ബോയലിനെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി തടവിലിട്ടത്.

പാക്കിസ്ഥാന്‍ സൈന്യം മോചിപ്പിച്ച ഈ കുടുംബം കഴിഞ്ഞ ദിവസം ടൊറന്റോയില്‍ മടങ്ങിയെത്തിയിരുന്നു. അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റാലാന്‍ കോള്‍മാന്‍, മൂന്ന് മക്കള്‍ എന്നിവര്‍ക്കൊപ്പം ബോയല്‍ വെള്ളിയാഴ്ചയാണ് ടൊറന്റോയിലെത്തിയത്.
ഹഖാനി ശ്യംഖല തനിക്ക് വെച്ചുനീട്ടിയ നീചമായ വാഗ്ദാനം ആവര്‍ത്തിച്ച് നിരസിച്ചതിനാണ് അവര്‍ മകളെ കൊന്നതും ഭാര്യയെ ബലാത്സംഗം ചെയ്തതുമെന്ന് ബോയല്‍ പറഞ്ഞു. ഹഖാനി കമാന്‍ഡറായ അബു ഹജറിന്റെ നേതൃത്വത്തിലാണ് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നും ബോയല്‍ പറഞ്ഞു.

2014ലാണ് ഈ രണ്ട് സംഭവങ്ങളും നടന്നത്. അഫ്ഗാന്‍ ഗ്രാമങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിവരുന്നതിനിടെയാണ് തങ്ങളെ തട്ടിക്കൊണ്ടുപോയതെന്നും ബോയല്‍ പറഞ്ഞു. രാജ്യത്ത് മടങ്ങിയെത്തിയ ബോയലിനെയും കുടുംബത്തെയും കനേഡിയന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക നടപടിയിലൂടെ ബോയലിനെയും കുടുംബത്തെയും മോചിപ്പിച്ചതെന്ന് പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞു.
അതേസമയം അമേരിക്കന്‍ വിമാനത്തില്‍ മടങ്ങാനുള്ള ക്ഷണം താന്‍ നിരസിച്ചുവെന്ന റിപ്പോര്‍ട്ട് ബോയല്‍ നിഷേധിച്ചു. ഇസ്‌ലാമാബാദില്‍ നിന്നും വാണിജ്യ വിമാനത്തില്‍ ലണ്ടന്‍ വഴിയാണ് ബോയലും കുടുംബവും കാനഡയിലെത്തിയത്.

Latest