International
ഇറാന്‍ ആണവ ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റ പ്രഖ്യാപനം; സഖ്യ രാഷ്ട്രങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് അമേരിക്ക

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ വിരുദ്ധ നീക്കത്തിനെതിരെ അമേരിക്കയുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ള ആഗോള ശക്തികളില്‍ നിന്ന് പ്രതികരണം. ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കി അവര്‍ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് യൂറോപ്യന്‍ യൂനിയന്റെതടക്കം വിമര്‍ശത്തിന് ഇടയാക്കിയത്.
എല്ലാ അംഗരാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉദ്ദേശിച്ചാണ് ഉടമ്പടി ഉണ്ടാക്കിയതെന്ന് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും പ്രതികരിച്ചു. നിലവിലുള്ള ഉടമ്പടിയില്‍ നിന്ന് ഒരു രാജ്യത്തിന് മാത്രം പിന്മാറാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ വ്യക്തമാക്കി.
മുമ്പെന്നത്തേക്കാളും അമേരിക്ക ഒറ്റപ്പെട്ടിരിക്കുയാണെന്നായിരുന്നു വിഷയത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ പ്രതികരണം. ബഹുരാഷ്ട്ര ഉടമ്പടിയില്‍ നിന്ന് ഒരു രാജ്യത്തിന് മാത്രം പിന്മാറാന്‍ കഴിയുമോ? ഇറാനും അമേരിക്കയും മാത്രം ഒപ്പിട്ട ഉഭയക്ഷി ഉടമ്പടിയാണെന്നാണോ ട്രംപ് കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.
2015ല്‍ ആണവ പദ്ധതികള്‍ കുറക്കാന്‍ തയ്യാറായതിന്റെ ഫലമായി ഇറാനുമായി യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നിവര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. ഈ ഉടമ്പടി പ്രകാരമാണ് ഇറാനെതിരെയുള്ള ഉപരോധം ഒഴിവാക്കിയത്. ഇതിന് മുന്‍കൈയെടുത്തതാകട്ടെ അന്നത്തെ യു എസ് പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു. എന്നാല്‍, താന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പ്രയാസമേറിയതും അപകടകരവുമായ സൂചനയാണ് യു എസ് പ്രസിഡന്റ് മുന്നോട്ടുവെക്കുന്നതെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു. ഇറാനോ അമേരിക്കക്കോ എന്ത് സംഭവിക്കുന്നു എന്നല്ല, ആണവായുധ വിഷയത്തില്‍ ഉണ്ടായിട്ടുള്ള ഇത്തരം ഉടമ്പടികളുടെ കാര്യത്തിലാണ് തന്റെ ആശങ്ക. നമ്മുടെ മക്കളും കൊച്ചുമക്കളും വളരെ അപകടം പിടിച്ച ലോകത്തേക്കാണ് വളര്‍ന്നുവരുന്നതെന്നും അദ്ദേ ഹം ആശങ്ക പ്രകടിപ്പിച്ചു. അമേരിക്ക കരാര്‍ റദ്ദാക്കി ഉപരോധം ഏര്‍പ്പെടുത്തുക വഴി, പാശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ച ആവശ്യമില്ലെന്ന് വാദിക്കുന്ന ഇറാനിലെ തീവ്രവിഭാഗങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിക്കാന്‍ പോകുന്നത്. അങ്ങനെ സംഭവിച്ചാല്‍ ആണവ പദ്ധതികള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകുകയായിരിക്കും ഫലമെന്നും ഗബ്രിയേല്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പ്രസ്താവനയോട് ചൈന ഇപ്പോള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും, ഉടമ്പടി സംരക്ഷിക്കപ്പെടണം എന്നതു തന്നെയാണ് അവരുടെ നിലപാട്. ഇക്കാര്യം അവര്‍ നേരത്തെ വ്യക്തമാക്കിയതാണ്. ട്രംപിന്റെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച റഷ്യയാകട്ടെ, നിലപാടില്‍ നിന്ന് അമേരിക്ക പിന്നാക്കം പോകുമെന്ന് പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു. അന്താരാഷ്ട്ര നയതന്ത്രത്തില്‍ ഭീഷണികള്‍ക്കോ പരുക്കന്‍ സംസാരങ്ങള്‍ക്കോ സ്ഥാനമില്ല. അതൊക്കെ നാശത്തിലേക്കേ കൊണ്ടെത്തിക്കൂ. ഭൂതകാലത്തിന്റെ ആലസ്യത്തിലാണ് ഇപ്പോള്‍ അമേരിക്ക. രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മാന്യമായ രീതി ഇതല്ലെന്നും റഷ്യ വ്യക്തമാക്കി. ഇറാന്‍ ആണവ നയത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത ട്രംപിന്റെ നടപടി ഖേദകരമാണെന്നും റഷ്യ ചൂണ്ടികാട്ടി.
കാര്യക്ഷമമായി നിലനില്‍ക്കുന്ന കരാറില്‍ നിന്നുള്ള പിന്മാറ്റം യൂറോപ്പിനോ ലോകത്തിന് തന്നെയോ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ലെന്ന് യൂറോപ്യന്‍ യൂനിയന്റെ വിദേശകാര്യ മേധാവി ഫെഡറിക മോഗേരിനി പ്രതികരിച്ചു. കരാര്‍ ഇനിയും നിലനില്‍ക്കുന്നത് നല്ല കാര്യമാണെന്ന് ബ്രിട്ടന്‍ വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
അതേസമയം, ഉടമ്പടി റദ്ദാക്കി ഇറാനെതിരെ ഉപരോധം ശക്തമാക്കുമെന്ന ട്രംപിന്റെ പ്ര ഖ്യാപനം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തു. സഊദി അറേബ്യക്കും യു എസ് നിലപാടിനോട് ഐക്യമാണുള്ളത്.
ഇറാന്റെ ആണവായുധ പദ്ധതികള്‍ പരിമിതപ്പെടുത്തുന്നതിനുള്ള കരാറില്‍ നിന്നുള്ള പിന്മാറ്റമാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ സി പി എ) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഈ കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇറാന് മേലുള്ള പല ഉപരോധങ്ങളും നീക്കപ്പെട്ടു. ആണവ പരിപാടികള്‍ കുറക്കുന്നതിന് അനുസരിച്ച് ഉപരോധം ലഘൂകരിക്കു മെന്നതായിരുന്നു വ്യവസ്ഥ. കരാര്‍ പ്രകാരം, രാജ്യത്തെ ആണവ പരിപാടികള്‍ പരിശോധിക്കുന്നതിന് വിദഗ്ധര്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്.