ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കാര്‍ത്തിക് ടീമില്‍

Posted on: October 14, 2017 7:58 pm | Last updated: October 14, 2017 at 7:58 pm

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 22ന് തുടങ്ങുന്ന മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ തിരഞ്ഞെടുത്തത്. പതിനഞ്ചംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം.
ശ്രീലങ്കക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമുള്ള ഏകദിന പരമ്പരയില്‍ കാര്‍ത്തിക്കിന് ഇടം ലഭിച്ചിരുന്നില്ല. ഓസീസിനെതിരായ ടിട്വന്റി പരമ്ബരയിലുള്ള ടീമില്‍ ഇടം നേടിയിരുന്നു.

ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ശിഖര്‍ ധവാന്‍ പതിനഞ്ചംഗ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ പേസ് ബൗളര്‍ ശ്രദ്ധൂല്‍ ഠാക്കൂറും ടീമില്‍ തിരിച്ചെത്തി. അതേസമയം മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും സ്ഥാനം നഷ്ടപ്പെട്ടു.

ഇന്ത്യന്‍ ടീം: വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്ക്, എം.എസ് ധോനി, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശ്രദ്ധുല്‍ ഠാക്കൂര്‍.