ഗൗരി ലങ്കേഷ് വധം: പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

Posted on: October 14, 2017 12:07 pm | Last updated: October 15, 2017 at 10:30 am

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. മൂന്ന് പ്രതികളുടെ രേഖാ ചിത്രമാണ് പുറത്തുവിട്ടത്. ഇതില്‍ രണ്ട് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുള്ളതായി പോലീസ് വ്യക്തമാക്കി.

സെപ്തംബര്‍ അഞ്ചിന് ബെംഗളൂരു രാജരാജേശ്വരി നഗറിലെ സ്വന്തം വസതിക്ക് മുമ്പിലാണ് ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് ഐജി ബി കെ സിംഗിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഗൗരി ലങ്കേഷിന്റെ വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. ഏതെങ്കിലും സംഘടനക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നേരത്തെ, കൊലപാതകവുമായി ബന്ധപ്പെട്ട് തീവ്രവലതുപക്ഷസംഘടനയായ സനാതന്‍ സന്‍സ്തയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 250ഓളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.