Connect with us

Kerala

കേന്ദ്രത്തിന്റെ ഡിജിറ്റല്‍ പണമിടപാട് 'ഭീം' പദ്ധതി പാളുന്നു; പണം നഷ്ടപ്പെടുന്നുവെന്ന് പരാതി

Published

|

Last Updated

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) പദ്ധതി പൊളിയുന്നു. ഇതുവഴിയുള്ള പണം കൈമാറ്റം പരാജയപ്പെട്ടാലും ബേങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നുവെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ഇതോടെ ആപ്പ് ഉപയോഗിച്ച് തുടങ്ങിയ പലരും അത് ഉപേക്ഷിക്കുകയാണ്.
അതേസമയം, ഭീം വഴിയുള്ള പണമിടപാട് കൊണ്ട് ബേങ്കുകള്‍ക്ക് യാതൊരു നേട്ടവുമില്ലാത്തതിനാല്‍ ബേങ്കുകള്‍ ഈ സേവനത്തോട് വിമുഖത കാട്ടുന്നതാണ് പദ്ധതി തകരാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഭീം ആപ്പ് വഴിയുള്ള പണം കൈമാറ്റത്തിന് പ്രത്യേക തുക ഈടാക്കണമെന്നാണ് ബേങ്കുകാരുടെ നിലപാടും പദ്ധതിക്ക് തിരിച്ചടിയായിരിക്കുകയാണ്.
മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ആരുടെയും ബേങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ പറ്റുന്ന ഭീം പദ്ധതി, കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചാണ് കൊണ്ടുവന്നത്. ഒറ്റത്തവണ 10,000 രൂപ വരെയും ദിനേന 20,000 രൂപ വരെയും ഇതുവഴി കൈമാറാമെന്നതിനാല്‍ പദ്ധതി പ്രാബല്യത്തില്‍ വന്ന സമയം തന്നെ നിരവധി ഉപയോക്താക്കള്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഭീം ആപ്പ് ഉപയോക്താക്കള്‍ പുതിയ ഒരാളെ ആപ്പിന്റെ ഉപയോക്താവാക്കിയാല്‍ പത്ത് രൂപ വീതം ഇന്‍സെന്റീവായി ലഭിക്കുമെന്നതുള്‍പ്പെടെ നിരവധി വാഗ്ദാനവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാര്‍ക്ക് ഓരോ ഇടപാടിനും പത്ത് രൂപ വീതം ക്യാഷ് ബാക്ക് ഓഫറും റഫറല്‍ ബോണസും ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിനായി 495 കോടി രൂപയായിരുന്നു നീക്കിവെച്ചത്.
എന്നാല്‍ പദ്ധതിയിലെ പാളിച്ചകള്‍ ഇടപാടുകാരെ പിന്നോട്ടടിപ്പിക്കുകയാണ്. പണമിടപാട് പരാജയപ്പെട്ടാല്‍ ഏഴ് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ട പണം സ്വന്തം അക്കൗണ്ടിലേക്ക് തന്നെ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നേരത്തെ പണമയക്കാനുദ്ദേശിച്ച അക്കൗണ്ടിലേക്ക് തന്നെ പണം പോകുന്നതായാണ് പരാതി. ഭീം ആപ്ലിക്കേഷനില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ച് ഇത് സംബന്ധിച്ച് പരാതിപ്പെടാന്‍ ശ്രമിച്ചാല്‍ നമ്പര്‍ നിലവിലില്ലെന്നോ പരിധിക്ക് പുറത്താണെന്നോയാണ് മറുപടി ലഭിക്കുക.
കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് ഡിജിറ്റല്‍ പണമിടപാട് വ്യാപിപ്പിക്കാനെന്ന പേരില്‍ ഭീം ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. 2016 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ ആപ്ലിക്കേഷന്‍ പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായാണ് പ്രചരിപ്പിച്ചത്. ആറ് മാസത്തിനകം രാജ്യത്തെ എല്ലാ വ്യാപാരികളെയും ഈ മാര്‍ഗത്തിലേക്ക് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഉയര്‍ന്ന മൊബൈല്‍ ഫോണുകളില്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഈ ആപ്ലിക്കേഷന്‍ സാധാരണക്കാര്‍ക്കിടയില്‍ അപ്രാപ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ 20 ദശലക്ഷം പേര്‍ ഭീം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലും 30 ശതമാനം പേരും ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്.