സോളാര്‍: പുറത്ത് വരേണ്ട കാര്യങ്ങള്‍

മറ്റു കമ്പനികളെ ഒഴിവാക്കി നിര്‍ത്തി, വലിയ പങ്ക് ടീം സോളാറിന് കിട്ടുന്നുവെന്ന് ഉറപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അതിന് ഇടനിലക്കാരാകാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നോ സരിതയും ബിജു രാധാകൃഷ്ണനും? ഈ വ്യവസായം നാള്‍ക്കുനാള്‍ പുഷ്ടിപ്പെടണമെങ്കില്‍ ഏതൊക്കെ മന്ത്രാലയങ്ങളെ/മന്ത്രിമാരെ പാട്ടിലാക്കണമെന്ന് ഇവരോട് ആരെങ്കിലും പറഞ്ഞിരുന്നോ? അതിന്റെ ഭാഗമായാണോ കേന്ദ്രത്തില്‍ ഊര്‍ജ വകുപ്പിലെ സഹമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവുമായും ധനകാര്യ വകുപ്പില്‍ സഹമന്ത്രിയായിരുന്ന ഡി എം കെ നേതാവുമായും ഇവര്‍ ബന്ധം സ്ഥാപിച്ചത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശിവരാജന്‍ കമ്മീഷന്‍ ശ്രമിച്ചിട്ടുണ്ടോ എന്നറിയില്ല. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച അന്വേഷണത്തില്‍ കണ്ടെത്തേണ്ടതും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്.
Posted on: October 14, 2017 8:53 am | Last updated: October 14, 2017 at 8:54 am

 ‘കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭ” മെന്ന് എഴുതുമ്പോള്‍, ഉണ്ടാകാന്‍ പോകുന്ന പുകിലുകളെക്കുറിച്ച് കുഞ്ചന്‍ നമ്പ്യാര്‍ക്കുണ്ടായിരുന്ന അസാമാന്യമായ ദീര്‍ഘവീക്ഷണം ആസൂയ ജനിപ്പിക്കുന്നതാണ്. സൗരോര്‍ജ പദ്ധതി, കാറ്റാടിപ്പാടം എന്നിവ വാഗ്ദാനം ചെയ്ത് കേരളത്തില്‍ നടന്ന് പണം പിരിച്ച സംഘവും അതിലുള്‍പ്പെട്ട കാമിനിമാരും ഉയര്‍ത്തിവിടുകയും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരാല്‍ വ്യാപിക്കുകയും ചെയ്ത കലഹത്തിന്റെ പൊടിപടലങ്ങള്‍ അടങ്ങുന്നതാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. അത് സ്വീകരിച്ച്, അഴിമതി, ലൈംഗിക പീഡനം, അന്വേഷണ അട്ടിമറി തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍, അത് കോണ്‍ഗ്രസിലെയും യു ഡി എഫിലെയും ഒരു കൂട്ടം നേതാക്കളുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പ്. മുന്‍കാലത്ത് ഉറക്കം നഷ്‌പ്പെടുത്തി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള രേഖകളൊക്കെ തെളിവുകളാകാന്‍ ഇടയുള്ളതിനാല്‍ നിദ്ര നിശയിങ്കല്‍പ്പോലുമില്ലാതാകും.

തട്ടിപ്പുകാരെന്ന് ആരോപിക്കപ്പെടുന്ന ടീം സോളാര്‍ സംഘത്തിലെ അംഗങ്ങളും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ ജീവനക്കാരും തമ്മിലുള്ള ടെലിഫോണ്‍ ബന്ധം, ജീവനക്കാരെ പുറത്താക്കലും അതിലൊരാളുടെ അറസ്റ്റും തുടര്‍ന്ന് നിയമസഭയിലുണ്ടായ തര്‍ക്കങ്ങളുമായിരുന്നു ആദ്യ രംഗത്തില്‍. മന്ത്രിമാരും യു ഡി എഫ് നേതാക്കളും ആരോപണവിധേയരില്‍ ഒരാളായ സരിത എസ് നായരുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ കലഹമായിരുന്നു രണ്ടാം രംഗം. ഇതിനിടയില്‍ തട്ടിപ്പില്‍ പങ്കാളിയായെന്ന് ആരോപിക്കപ്പെടുന്ന നടി ശാലു മേനോനെ അറസ്റ്റ് ചെയ്യാത്തതിന്റെ പിറകില്‍ രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധമാണെന്ന തര്‍ക്കം അരങ്ങിലെത്തി. സരിത എസ് നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്ന ശ്രീധരന്‍ നായരുടെ പറച്ചിലായിരുന്നു അഞ്ചാം രംഗത്തില്‍. പിന്നെ സരിത എസ് നായര്‍ കോടതി മുമ്പാകെ പറഞ്ഞത് എന്ത് എന്ന തര്‍ക്കമായി. പറഞ്ഞത് എഴുതിയെടുക്കാതിരുന്ന മജിസ്‌ട്രേറ്റ് അഭിഭാഷകന്‍ മുഖേന എഴുതിത്തരാന്‍ ആദ്യം പറഞ്ഞു. വിദ്യാസമ്പന്നയായ സരിത തന്നെ എഴുതിത്തന്നാല്‍ മതിയെന്ന് പിന്നീട് തിരുത്തി. ഇതേച്ചൊല്ലിയുള്ള തര്‍ക്കം അരങ്ങിന് കൊഴുപ്പേറ്റിയതായിരുന്നു. സരിത എഴുതി നല്‍കിയതില്‍ പ്രതീക്ഷിച്ച വിഭവങ്ങളില്ലാതായതോടെ പരാതിയുടെ ഉള്ളടക്കം തിരുത്തിക്കാന്‍ ശ്രമം നടന്നുവെന്ന തര്‍ക്കമായി.

ഇതിനെല്ലാമൊടുവിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുമായി തട്ടിപ്പുകാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കില്ലാതിരിക്കുമോ എന്ന ഗണിതശാസ്ത്രത്തിലെ കോറിലേഷന്‍ സിദ്ധാന്തം പ്രതിപക്ഷം സജീവമാക്കിയത്. ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ച്, ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്ന ആവശ്യവുമായി അവര്‍ സെക്രട്ടേറിയറ്റ് വളഞ്ഞു. വളയുന്നവരെ തടുക്കാന്‍ കേന്ദ്ര സേനയെ വിളിച്ച് സര്‍ക്കാര്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴി തുറന്നു. പ്രതിപക്ഷത്തിനൊപ്പം കോണ്‍ഗ്രസിലെ ഒരു വിഭാഗവും യു ഡി എഫിലെ ഘടകകക്ഷികളില്‍ ചിലതും കേന്ദ്ര സേനയുടെ സാന്നിധ്യത്തിന്റെ ന്യായം ചോദിച്ചപ്പോള്‍ കലഹം ഉഷാറായി. സമരം ഒത്തുതീര്‍ന്നത് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള തീരുമാനത്തോടെയാണ്.

ജുഡീഷ്യല്‍ കമ്മീഷനായി ജസ്റ്റിസ് ശിവരാജനെ നിശ്ചയിച്ച്, അതിന്റെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ തീരുമാനിച്ച്, അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തി സുതാര്യത ഉറപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി തന്നെ മുന്‍കൈ എടുത്തതിന്റെ ഫലമാണ് 8464 പേജ് സാക്ഷിമൊഴികളും 972 രേഖകളും ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സ്വീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിക്കുമ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതില്‍ യുക്തിഭംഗമുണ്ട്. ആ വാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസിലെയും യു ഡി എഫിലെയും നേതാക്കള്‍ക്കുള്ള അവകാശം അംഗീകരിക്കുമ്പോള്‍ തന്നെ.

ഈ സംക്ഷിപ്ത വിവരണത്തില്‍ നിന്ന് വേണം സോളാര്‍ തട്ടിപ്പെന്ന പേരില്‍ അറിയപ്പെടുന്ന ഈ കഥയുടെ എല്ലാവര്‍ക്കും അറിയാവുന്ന അന്തര്‍ധാരയിലേക്ക് കടക്കാന്‍. കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന, പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍ പുതിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ പഴുതില്ലാത്ത സാഹചര്യത്തില്‍ സൗരോര്‍ജമടക്കമുള്ള പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുകയേ പോംവഴിയുള്ളൂ എന്ന് പ്രഖ്യാപിച്ചതില്‍ തുടങ്ങണം. സൗരോര്‍ജ പദ്ധതികളുടെ വ്യാപനത്തിനുള്ള ഏത് നിര്‍ദേശത്തെയും കലവറ കൂടാതെ പ്രോത്സാഹിപ്പിക്കാന്‍ നയപരമായ തീരുമാനമെടുത്ത സര്‍ക്കാര്‍. പദ്ധതികളുമായിറങ്ങിയവരുടെ ഉദ്ദേശ്യശുദ്ധിയില്‍ ആര്‍ക്കുമുണ്ടായില്ല സംശയങ്ങള്‍. ഇന്ന് ലക്ഷങ്ങള്‍ മുടക്കിയാല്‍ നാളെ കോടികള്‍ മടക്കി നല്‍കുന്നതാണ് സൗരോര്‍ജ പദ്ധതികളെന്ന് തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ടീം സോളാര്‍ പ്രചരിപ്പിച്ചു. അതിന് സാധൂകരണമായി മുഖ്യമന്ത്രിയുടെ ഓഫീസുമായും മറ്റ് മന്ത്രിമാരുമായും ഉള്ള ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടി. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ഏത് വഴിയും ഒന്ന് പരീക്ഷിക്കാതെ വിടാന്‍ മടിക്കുന്നവരാണ് മലയാളികള്‍. നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം മാറ്റിക്കൊള്ളുമെന്ന് പൂര്‍ണ ബോധ്യമുള്ളവര്‍. ഇ മെയിലിലൂടെയും എസ് എം എസ്സിലൂടെയുമെത്തുന്ന സമ്മാന വാഗ്ദാനങ്ങളുടെ പിറകെപോയി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്താന്‍ മടിയില്ലാത്തവര്‍. പണമിരട്ടിക്കാന്‍ വഴിയുണ്ടെന്ന് വാഗ്ദാനം നല്‍കിയത് കാമിനീമണി കൂടി ആകയാല്‍, മടിശ്ശീല വേഗത്തിലഴിഞ്ഞു, പണമൊഴുകി.

നിത്യവൃത്തിക്ക് വകയില്ലാതെ വട്ടിപ്പലിശക്കാരന്റെ കക്ഷത്തിലേക്ക് തലതിരുകിയവരാരും ഈ തട്ടിപ്പിന് (ഇത് തട്ടിപ്പാണെങ്കില്‍) വശംവദരായിട്ടില്ല. അംഗലാവണ്യത്തിന്റെ അകമ്പടിയോടെ മുന്നോട്ടുവെക്കപ്പെട്ട പദ്ധതി പ്രായോഗികമാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ യാതൊരു പ്രയാസവും പണം നഷ്ടപ്പെട്ടുവെന്ന് പിന്നീട് പരാതി നല്‍കിയവര്‍ക്ക് ഉണ്ടായിരുന്നില്ല. ടീം സോളാര്‍ എന്ന കമ്പനിയെക്കുറിച്ചോ അത് മുന്നോട്ടുവെക്കുന്ന നിക്ഷേപാവസരത്തിന്റെ സത്യസന്ധതയെക്കുറിച്ചോ അന്വേഷിക്കാന്‍ തയ്യാറാകാതെ പണം മുടക്കിയവരാണ് പരാതിക്കാരൊക്കെ. മുഖ്യമന്ത്രിയുടെ ഓഫീസുമായും മന്ത്രിമാരും നേതാക്കളുമായുള്ള ബന്ധത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ ഒരുപക്ഷേ, ഇവരില്‍ വിശ്വാസ്യത ജനിപ്പിച്ചിട്ടുണ്ടാകും. ഈ ബന്ധം നിറം പിടിപ്പിച്ച കഥയായിരുന്നോ, അതോ അവരുടെയൊക്കെ അറിവോടെയും പങ്കാളിത്തത്തോടെയും സോളാര്‍ വിപ്ലവം ലക്ഷ്യമിട്ടൊരു സംരംഭത്തിന് ശ്രമിക്കുകയായിരുന്നോ ടീം സോളാര്‍ എന്നാണ് അറിയേണ്ടത്. അധികാരം കൈയാളിയവരുടെ പിന്തുണയും സഹായവും ഉറപ്പാക്കാന്‍ ‘കോഴ’ നല്‍കിയതാണോ സരിത, ബിജു തുടങ്ങിയവരെ തട്ടിപ്പുകാരാക്കിയത് എന്നും അറിയണം. അപ്പോള്‍ മാത്രമേ സോളാര്‍ എന്ന തട്ടിപ്പിന്റെ വ്യാപ്തിയും അതില്‍ ഉമ്മന്‍ ചാണ്ടി മുതല്‍ അനില്‍ കുമാര്‍ വരെയുള്ളവരുടെയും ഹേമചന്ദ്രന്‍ (ഡി ജി പി) മുതല്‍ അജിത്ത് (പോലീസ് അസോസിയേഷന്‍ ഭാരവാഹി) വരെയുള്ളവരുടെയും പങ്ക് പുറത്തുവരൂ.

രണ്ടാം വട്ടം യു പി എ അധികാരത്തിലെത്തുന്ന കാലത്ത് ആരൊക്കെ മന്ത്രിമാരാകണം, ആരൊക്കെ ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുന്നതില്‍ കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ വലിയ പങ്കുവഹിച്ചതായി ആക്ഷേപമുണ്ടായിരുന്നു. ആദായ നികുതി വകുപ്പ് ചോര്‍ത്തിയെടുത്ത ഫോണ്‍ സംഭാഷണങ്ങള്‍ അതിന് തെളിവായി ഹാജരാക്കപ്പെടുകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഡി എം കെയുടെ പ്രതിനിധികള്‍ക്ക് നല്‍കേണ്ടെന്നും ടി ആര്‍ ബാലുവിനെയും എ രാജയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും കോണ്‍ഗ്രസ് ആലോചിച്ച സമയം. രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനും അദ്ദേഹത്തിന് ടെലികോം വകുപ്പ് നേടിക്കൊടുക്കുന്നതിനുമാണ് നീര റാഡിയ പ്രധാനമായും ചരടുവലിച്ചത്. ഒന്നാം യു പി എയുടെ കാലത്ത് 2007ല്‍ ടെലികോം വകുപ്പിന്റെ മന്ത്രിയായ രാജ രണ്ടാം യു പി എയുടെ തുടക്കത്തില്‍ വീണ്ടും അതേ സ്ഥാനത്തുവരാന്‍ കാരണം ഈ ചരടുവലി കൂടിയാകണം.

നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടി, അധികാരകേന്ദ്രങ്ങളുമായി വന്‍കിടക്കാരും സ്വാര്‍ഥ താത്പര്യക്കാരും ബന്ധം സ്ഥാപിക്കുന്നതിന്റെ തെളിവായിരുന്നു നീര റാഡിയ ടേപ്പുകള്‍. ബാന്ധവത്തിലുള്ളവര്‍ക്കു വേണ്ടി അധികാരകേന്ദ്രങ്ങള്‍ നയരൂപവത്കരണം നടത്തുന്നതും അവര്‍ക്ക് ഗുണം ലഭിക്കുന്ന വിധത്തില്‍ ജനപ്രതിനിധികള്‍ ഇടപെടുന്നതുമൊക്കെ പതിവാണ്. (അവര്‍ക്കു വേണ്ടി പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മടിച്ചിട്ടില്ല നമ്മുടെ ജനപ്രതിനിധികള്‍) സോളാര്‍ ഇടപാടും ഏതാണ്ട് ഇതേ നിലവാരത്തിലുള്ളതാണ്. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായോ, കൈനഷ്ടമുണ്ടായവര്‍ക്ക് പണം തിരികെ നല്‍കി കേസ് ഒത്തുതിര്‍പ്പാക്കിയോ എന്നതൊക്കെ മാറ്റിവെച്ച് സോളാര്‍ ഇടപാട് അന്വേഷിക്കേണ്ടി വരുന്നതും അതുകൊണ്ടാണ്. സോളാര്‍ സംരംഭം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായിട്ടുണ്ടോ എന്നതും ജനം അറിയേണ്ടതുണ്ട്.

നിശ്ചിത അളവില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടുകള്‍ക്കും ഫഌറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജ പാനലുകള്‍ നിര്‍ബന്ധമാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. തെരുവു വിളക്കുകളൊക്കെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാക്കി മാറ്റാനും. സൗരോര്‍ജ പാനലുകള്‍ നിര്‍ബന്ധമാക്കാനും അതുവഴി സംസ്ഥാനത്തെ വൈദ്യുതി സ്വയംപര്യാപ്തമാക്കാനും സര്‍ക്കാര്‍ ശ്രമിച്ചാല്‍ കുറ്റം പറയാനാകില്ല. അതിന് പാകത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ട് താനും. അവ്വിധം തീരുമാനിച്ചാല്‍ മത്സരിക്കാന്‍ ചെറുതും വലുതുമായ പല കമ്പനികള്‍ രംഗത്തുണ്ട്. അവരെയൊക്കെ ഒഴിവാക്കി നിര്‍ത്തി, വലിയ പങ്ക് ടീം സോളാറിന് കിട്ടുന്നുവെന്ന് ഉറപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അതിന് ഇടനിലക്കാരാകാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നോ സരിതയും ബിജു രാധാകൃഷ്ണനും? ഈ വ്യവസായം നാള്‍ക്കുനാള്‍ പുഷ്ടിപ്പെടണമെങ്കില്‍ ഏതൊക്കെ മന്ത്രാലയങ്ങളെ/മന്ത്രിമാരെ പാട്ടിലാക്കണമെന്ന് ഇവരോട് ആരെങ്കിലും പറഞ്ഞിരുന്നോ? അതിന്റെ ഭാഗമായാണോ കേന്ദ്രത്തില്‍ ഊര്‍ജ വകുപ്പിലെ സഹമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവുമായും ധനകാര്യ വകുപ്പില്‍ സഹമന്ത്രിയായിരുന്ന ഡി എം കെ നേതാവുമായും ഇവര്‍ ബന്ധം സ്ഥാപിച്ചത്. കരാറില്‍ വലിയ പങ്ക് കിട്ടണമെങ്കില്‍ കമ്പനിക്ക് പ്രവൃത്തിപരിചയം വേണം. അതുണ്ടാക്കിയെടുക്കാനുള്ള ശ്രമം നടന്നിരുന്നോ? അതിനു വേണ്ടിയാണോ പലരെയും സമീപിച്ച് സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങിയെടുത്തത്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ശ്രമിച്ചിട്ടുണ്ടോ എന്നത് റിപ്പോര്‍ട്ട് പരസ്യമായാല്‍ മാത്രമേ മനസ്സിലാകൂ. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ കണ്ടെത്തേണ്ടതും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. അതിന് ശ്രമമുണ്ടാകുന്നില്ലെങ്കില്‍, ആരോപണ പ്രത്യാരോപണങ്ങള്‍ക്ക്, എക്കാലവും പ്രയോജനപ്പെടുത്താവുന്ന ചൂടന്‍ വിഭവമായി സോളാര്‍ നിലനില്‍ക്കും. അതിനപ്പുറത്ത് യാതൊന്നും സംഭവിക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം തുടങ്ങിയ അര്‍ഥമില്ലായ്മകള്‍ ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടിമാര്‍ (ഇടത് വലത് ഭേദമില്ലാതെ) തുടരും. അതങ്ങനെ അനുവദിക്കണമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണത്തിന് തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല, കേരള ജനതയില്‍ വലിയൊരു വിഭാഗത്തിന് കോണ്‍ഗ്രസിലുള്ള വിശ്വാസം നിലനിന്ന് കാണണമെന്ന് ആഗ്രഹമുള്ള ആ പാര്‍ട്ടിയുടെ നേതാക്കള്‍ കൂടിയാണ്. അങ്ങനെ തീരുമാനിക്കുന്നില്ലെങ്കില്‍ ‘കനകം മൂലം കാമിനി മൂല’മുള്ള പുതിയ കലഹങ്ങള്‍ക്കായി കാത്തിരിക്കാം.