Connect with us

Ongoing News

സോളാര്‍ അന്വേഷണ ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള പുതിയ കേസുകള്‍ അന്വേഷിക്കാനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും. സോളാര്‍ അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. കേസെടുക്കാനുളള തീരുമാനം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാല്‍, നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഉത്തരവ് പുറത്തിറങ്ങാന്‍ വൈകുന്നതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

ഇതിനിടെ, സോളാറില്‍ അച്ചടക്ക നടപടി നേരിട്ട മുന്‍ അന്വേഷണ സംഘത്തലവന്‍ ഡി ജി പി. എ ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു. ജുഡീഷ്യല്‍ കമ്മീഷനും അന്വേഷണ സംഘവുമായുള്ള തര്‍ക്കത്തെ കുറിച്ച് ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ഉത്തരമേഖലാ ഡി ജി പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം സോളാറിലെ പുതിയ കേസുകള്‍ അന്വേഷിക്കുമെന്നായിരുന്നു മന്ത്രിസഭാ യോഗ തീരുമാനം. നിയമവശങ്ങള്‍ കൂടി പരിശോധിച്ച് പഴുതടച്ച് നടപടി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഉത്തരവ് വൈകുന്നതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.