Connect with us

Kozhikode

കോഴിക്കോട്ട് കനത്ത മഴ; ഉരുള്‍പൊട്ടല്‍; ജാഗ്രതാ നിര്‍ദേശം നല്‍കി

Published

|

Last Updated

കനത്ത മഴയില്‍ ജില്ലയിലെ മലയോരം വെള്ളത്തില്‍ മുങ്ങി. കക്കയം താഴ്‌വരയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളും വനം വകുപ്പ്, കെ എസ് ഇ ബി ഉദ്യോഗസ്ഥരും വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു. രാത്രിയോടെ മഴ അല്‍പ്പം കുറഞ്ഞ ശേഷമാണ് ഇവര്‍ക്ക് തിരിച്ചെത്താന്‍ കഴിഞ്ഞത്. ഇന്നലെ വൈകീട്ട് നാലോടെയാണ് കക്കയത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറിയതോടെ മൂന്ന് മെഗാവാട്ട് എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ പ്രവൃത്തി നടക്കുന്ന പ്രദേശത്തെ ഉപകരണങ്ങളെല്ലാം വെള്ളത്തിനടിയിലായി. കരിയാത്തന്‍പാറയില്‍ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നു. പുതുപറമ്പില്‍ ജോണ്‍ ജോര്‍ജിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. വൈകീട്ട് മൂന്നരയോടെ തുടങ്ങിയ മഴ രാത്രിയും തുടരുകയാണ്. തിങ്കളാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കനത്ത മഴയിലും വെള്ളം കയറിയും മണ്ണിടിഞ്ഞും ദേശീയ പാതയിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ താമരശ്ശേരി ചുരത്തിലെ ഏഴ്, ആറ് ഹെയര്‍പിന്‍ വളവുകളില്‍ റോഡ് തകര്‍ന്നു. നേരത്തെ വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് മണ്ണിട്ട് താത്കാലികമായി അടച്ചിരിക്കുകയായിരുന്നു. ഇന്നലെയുണ്ടായ കനത്ത മഴയില്‍ ഉള്‍വനത്തില്‍ നിന്ന് വെള്ളം കുത്തിഒഴുകിയതോടെ കുഴികളിലെ മണ്ണ് പൂര്‍ണമായും ഒലിച്ചുപോകുകയായിരുന്നു. വലിയ വാഹനങ്ങള്‍ക്ക് ചുരം വഴി സഞ്ചരിക്കാന്‍ പറ്റാത്ത വിധം കുഴികള്‍ പലയിടത്തും രൂപപ്പെട്ടു. നാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് പിന്നീട് കുഴികളില്‍ മണ്ണിട്ട് നികത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

കനത്ത മഴയില്‍ അടിവാരം അങ്ങാടി വെള്ളത്തില്‍ മുങ്ങി. അങ്ങാടിയോട് ചേര്‍ന്നുള്ള തോട്ടില്‍ നിന്നാണ് വെള്ളം കയറിയത്. അടിവാരം പൊട്ടിക്കൈ പാലത്തിന് സമീപവും റോഡില്‍ വെള്ളം കയറി. ചെമ്പ്കടവ് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടി. മലയോര മേഖലകളിലെ പുഴകളും തോടുകളുമെല്ലാം കരകവിഞ്ഞ് ഒഴുകി. ഹെക്ടര്‍ കണക്കിന് ഭൂമിയിലെ കൃഷി നശിച്ചു. മലയോര മേഖലയിലെ മുഖ്യ കാര്‍ഷിക വിളകളായ റബ്ബര്‍, കവുങ്ങ്, തെങ്ങ്, വാഴ, കൊക്കോ എന്നിവയാണ് പ്രധാനമായും നശിച്ചത്.
മഴ ശക്തമായി തുടരുന്നതിനാല്‍ അഗ്നിശമന വിഭാഗം, റവന്യൂ അധികൃതര്‍ എന്നിവര്‍ക്ക് കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

---- facebook comment plugin here -----

Latest