മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ

Posted on: October 12, 2017 9:26 pm | Last updated: October 13, 2017 at 9:50 am
SHARE

തിരുവനന്തപുരം: മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്.

പോസ്റ്റ് എഴുതിക്കൊടുത്ത അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ സൈബര്‍ സഖാവിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്റെ വേരിഫൈഡ് ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രതിപക്ഷത്തെ ജനപ്രതിനിധിക്ക് എതിരെ ഇട്ട പോസ്റ്റിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു എന്നുമാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്റെ വേരിഫൈഡ്‌ ഫേസ്ബുക്ക്‌ പ്രൊഫൈലിലൂടെ പ്രതിപക്ഷത്തെ ജനപ്രതിനിധിക്ക്‌ എതിരെ ഇട്ട പോസ്റ്റിലേക്ക്‌ എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു. രാമൻ, ബലമില്ലാത്ത രാമൻ, ഹേ, എടോ എന്നൊക്കെയുള്ള ബഹു.മന്ത്രി ശ്രീ. എംഎം മണി അവർകളുടെ അഭിസംബോധനകളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. പോസ്റ്റ്‌ എഴുതിക്കൊടുത്ത അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലെ സൈബർ സഖാവിനെ പ്രത്യേകം അഭിനന്ദിക്കുന്നു.

ഫേസ്ബുക്കിലെ നിലവാരമളക്കൽ വിദഗ്ദരൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ!!

പ്രതിപക്ഷത്തിനെതിരെയും വിടി ബല്‍റാം എംഎല്‍എയുടെ പേര് പരമാര്‍ശിച്ചും മന്ത്രി എംഎം മണി ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ഒട്ടും ബലമില്ലാത്ത രാമന്‍മാര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നാലും ചിലത് പറയാതെ വയ്യ.
‘രാഷ്ട്രീയ വേട്ട’ എന്ന വാക്കുപയോഗിക്കാന്‍ മിനിമം ധാര്‍മ്മികതയെങ്കിലും ഉണ്ടോ എന്ന് ആദ്യം ഇരുന്ന് ചിന്തിക്ക് ഹേ.
ഞാനുള്‍പ്പെടെയുള്ളവരെ കള്ളക്കേസുണ്ടാക്കി ജയിലിലടച്ചത് രാഷ്ട്രീയ വേട്ടയല്ലാതെ പിന്നെന്താണ്.

എന്തായാലും കോണ്‍ഗ്രസ്സുകാര്‍ ചെയ്യുന്ന തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കണ്ട രാമാ.
ന്യായീകരണ കുറിപ്പ് തയ്യാറാക്കാന്‍ 27 മണിക്കൂര്‍ സമയമെടുത്തു എന്നത് തന്നെ കുറ്റസമ്മതമല്ലേ?

നൂറു ഇരട്ടി ശക്തിയോടെ തിരിച്ചു വരും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതും അമളി പറ്റി എന്ന കുറ്റസമ്മതം അല്ലേ ??
ടി.പി. കേസില്‍ എന്നല്ല ഒന്നിലും അഡ്ജസ്റ്റ്‌മെന്റ് നടത്താന്‍ ഞങ്ങള്‍ നിങ്ങളെപ്പോലെ തരംതാഴ്ന്നിട്ടില്ല. സ്വന്തം നേതാക്കളെ പോലെയാണ് എല്ലാവരും എന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് അനുഭവജ്ഞാനത്തിന്റെ കുറവാണ്. ടി.പി. കേസുള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ എടുത്ത എല്ലാ കള്ളക്കേസുകളും സധൈര്യമാണ് ഞങ്ങള്‍ നേരിട്ടത്.
‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ പ്രയത്‌നിക്കണ്ട. അതിനുള്ളതെല്ലാം നിങ്ങള്‍ ചെയ്യുന്നുണ്ടല്ലോ. ഇപ്പോള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തനം അങ്ങ് തുടര്‍ന്നേച്ചാമതി. 2022 ല്‍ ‘കോണ്‍ഗ്രസ് വിമുക്ത കേരളം’ സഫലമായിക്കൊള്ളും.

പിന്നെ ‘ഭരണ വിരുദ്ധ വികാരം’ എടോ ഒന്ന് ആ ശീതീകരിച്ച മുറിയില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ഇറങ്ങി കുറച്ച് സമയം പച്ചയായ സാധാരണ മനുഷ്യരോടൊപ്പം ചെലവഴിക്കൂ…
അപ്പോ തനിയെ മനസ്സിലായിക്കൊള്ളും ഭരണത്തെ കുറിച്ചുള്ള സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍.

നാണവും മാനവും ഉളുപ്പുമുള്ളവര്‍ ആരുംതന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തു വരികയില്ല.
നിങ്ങള്‍കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകള്‍ പുറത്ത് വരുമ്പോള്‍ ചുടു ചോറ് വാരിയത് പോലെ ഓടിയിട്ട് കാര്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here