കുടുംബത്തെ കൂട്ടിയിണക്കാന്‍ സര്‍ക്കാറിന് ഇനിയുമായില്ല; അറക്കല്‍ കൊട്ടാരം നാശത്തിന്റെ വക്കില്‍

Posted on: October 12, 2017 9:14 am | Last updated: October 12, 2017 at 10:10 am

കണ്ണൂര്‍: രാജ കുടുംബവും സര്‍ക്കാറും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ അറക്കല്‍ കൊട്ടാരം നാശോന്മുഖമാകുന്നു. കേരളത്തിലെ പുരാതന രാജവംശങ്ങളുടെ കഥ പറയുന്ന കണ്ണൂര്‍ നഗരത്തിലെ 200 വര്‍ഷം പഴക്കമുള്ള അറക്കല്‍ കൊട്ടാരമാണ് നശിച്ച് മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നത്. കൊട്ടാരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഥവാ അറക്കല്‍ കെട്ടിനകത്തുള്ള ഒന്നര ഏക്കറോളം ഭൂമി പുരാവസ്തു ഗവേഷണ വകുപ്പിന് വിട്ടുകൊടുക്കണമെന്നും കണ്ണൂരിലേക്ക് അനുവദിച്ച പൈതൃക മ്യൂസിയം ഇവിടെ സ്ഥാപിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, കെട്ടിടവും ഭൂമിയും വിട്ടുകൊടുക്കുന്ന തീരുമാനത്തിലെത്തുന്നതിന് കുടുംബാംഗങ്ങളെ യോജിപ്പിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതുസംബന്ധിച്ച് ആലോചിക്കുന്നതിനായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ കുടുംബാംഗങ്ങളെ കൂട്ടിയിണക്കുന്നതിനായി സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയുടെ പ്രവര്‍ത്തനവും എവിടെയുമെത്തിയില്ല.
കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവകാശി സുല്‍ത്താന്‍ ആദിരാജ സൈനബ ആഇശാബിയാണ്. എന്നാല്‍ ഇവര്‍ക്കു ശേഷം കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് കൊട്ടാരത്തിന്റെ അവകാശിയായി വരികയെന്നിരിക്കെ അവരെക്കൂടി സര്‍ക്കാര്‍ നിലപാടിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ പൈതൃക മ്യൂസിയം സാക്ഷാത്കരിക്കാനാകുകയുള്ളൂ.

കേരളത്തിലെ സ്വതന്ത്ര നാട്ടുരാജ്യങ്ങളില്‍ ഉള്‍പ്പെട്ട ഏക മുസ്‌ലിം രാജവംശമായ അറക്കലിന്റെ പൈതൃകം ചോരാതെ നിലനിര്‍ത്തണമെന്ന അഭിപ്രായം പൊതുവെയുണ്ട്. അറക്കല്‍ കെട്ട് എന്ന് അറിയപ്പെടുന്ന കോമ്പൗണ്ടിനുള്ളില്‍ മസ്ജിദുകളും മറ്റ് ആത്മീയ കേന്ദ്രങ്ങളും വീടുകളും ഉണ്ടെന്നിരിക്കെ പൈതൃക കേന്ദ്രമായി മാറുമ്പോള്‍ ഇപ്പോഴത്തെ അന്തരീക്ഷത്തിന് വിഘാതമാകുമോ എന്ന ഭയമാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്.
നേരത്തെ അറക്കല്‍ കൊട്ടാരത്തിന്റെ മറ്റൊരു ഭാഗം തകര്‍ന്നുവീഴാറായപ്പോള്‍ 95 ലക്ഷം രൂപ മുടക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ പുനരുദ്ധരിച്ചത്. കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാള്‍ ഉള്‍ക്കൊള്ളുന്ന ഈ ഭാഗം ഇപ്പോള്‍ മ്യൂസിയമാണ്.
കെട്ടിടത്തിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നതിനും ചോര്‍ച്ച ഉണ്ടാകാതിരിക്കുന്നതിനുമായി കഴുക്കോലുകള്‍ക്ക് മുകളിലായി കട്ടിയുള്ള അലൂമിനിയം ഷീറ്റുകള്‍ പാകിയിട്ടുണ്ട്. രണ്ട് നിലകളിലെയും ഭിത്തികളുടെ കുമ്മായത്തേപ്പ് മാറ്റി അതേ അനുപാതത്തില്‍ കുമ്മായക്കൂട്ടുകൊണ്ട് തേപ്പ് നടത്തിയിട്ടുമുണ്ട്. കൂടാതെ, സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള വാതിലുകള്‍ക്ക് മുകളിലായി ആര്‍ച്ചില്‍ വര്‍ണ ഗ്ലാസുകള്‍ പിടിപ്പിച്ച് മനോഹരവുമാക്കിയിട്ടുണ്ട്.
കൊട്ടാരത്തിന്റെ ഒരു ഭാഗം ഈ രീതിയില്‍ പുനരുദ്ധരിച്ചിട്ടുണ്ടെങ്കിലും പ്രധാന കെട്ടിടം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മണ്ണടിയുന്ന സാഹചര്യമാണുള്ളത്. നേരത്തെ കണ്ണൂര്‍ നഗരത്തില്‍ 42ഓളം മസ്ജിദുകള്‍ അറക്കല്‍ കൊട്ടാരത്തിന് കീഴിലായി ഉണ്ടായിരുന്നു. ഇവയിലേറെയും ഈയടുത്തായി അതാതിടങ്ങളിലെ പ്രാദേശിക കമ്മിറ്റികള്‍ക്ക് നല്‍കിക്കഴിഞ്ഞു.
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കോലത്തിരി രാജാവിന്റെ മന്ത്രിയായിരുന്ന അരയന്‍കുളങ്ങര നായര്‍ ഇസ്‌ലാം മതം സ്വീകരിച്ച് മുഹമ്മദലി എന്ന പേര്‍ സ്വീകരിച്ചാണ് അറക്കല്‍ രാജവംശം സ്ഥാപിച്ചതെന്നും അതല്ല, ചേരമാന്‍ പെരുമാളിന്റെ സഹോദരിയുടെ മകന്‍ മഹാബലി ഇസ്‌ലാം സ്വീകരിച്ച ശേഷം സ്ഥാപിച്ചതാണ് ഈ രാജവംശമെന്നും പറയപ്പെടുന്നു. കോലത്തിരി രാജവംശത്തിലെ രാജകുമാരിയെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മുസ്‌ലിം രക്ഷപ്പെടുത്തുകയും ആചാരമനുസരിച്ച് ഭ്രഷ്ട് കല്‍പിക്കപ്പെട്ട സ്ത്രീയെ ചിറക്കല്‍ രാജാവ് രാജ്യത്ത് നിന്ന് പുറത്താക്കുകയും യുവാവിന് വിവാഹം ചെയ്തു നല്‍കിയ ശേഷം കണ്ണൂര്‍ പട്ടണമടക്കമുള്ള ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കുകയും ചെയ്തുവെന്നും ഇത് അറക്കല്‍ രാജവംശമായി രൂപാന്തരപ്പെട്ടുവെന്നും ഐതിഹ്യമുണ്ട്.
സ്വന്തമായി കപ്പല്‍ വ്യൂഹവും അവയുടെ സംരക്ഷണത്തിനായി നാവികപ്പടയും ഉണ്ടായിരുന്ന അറക്കല്‍ രാജാക്കന്മാര്‍ ഒരു കാലത്ത് മലബാറിന്റെ വലിയൊരു മേഖലയുടെ അധികാരികളായിരുന്നു. ബ്രിട്ടീഷ് അധിനിവേശം വരെ ലക്ഷദ്വീപും മാലിയുമടക്കമുള്ള ദ്വീപുകളും അറക്കല്‍ രാജാക്കന്‍മാര്‍ക്ക് കീഴിലായിരുന്നു.